പള്ളിക്കത്തോട്. ആനിക്കാട് ശ്രീശങ്കരനാരായണ മൂര്‍ത്തി ക്ഷേത്രത്തില്‍ ധനുമാസത്തിലെ തിരുവാതിര ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചു. പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് രേവതി മുതല്‍ തിരുവാതിര വരെയുള്ള ഏഴ് ദിവസങ്ങളിലായി തിരുവാതിര ആഘോഷിച്ചിരുന്നു. അത് പിന്നീട് രോഹിണി, മകയിരം, തിരുവാതിര എന്നീ മൂന്ന് ദിവസങ്ങളിലായി ചുരുങ്ങി. എന്നാല്‍ ഇന്ന്, തിരുവാതിര നോയമ്പും ആഘോഷവും മകയിരം,തിരുവാതിര ദിസങ്ങളില്‍ മാത്രമായി ഒതുങ്ങി.
തിരുവാതിരക്കാലത്തിന്റെ ഗതകാല സ്മരണകള്‍ ഉണര്‍ത്തുന്ന കുരവയും കുമ്മിയടിയുമായി ലാസ്യവിലാസിനികള്‍ ആനിക്കാട് ശ്രീശങ്കരനാരായണ മൂര്‍ത്തി ക്ഷേത്രത്തിന്റെ തിരുമുറ്റത്ത് വീണ്ടും ചുവട് വയ്ക്കുകയാണ്. തിരുവാതിരപ്പാട്ടുകളെ പദവിന്യാസത്തിലൂടെയും ലാസ്യഭാവത്തിലൂടെയും സുമംഗലികളും കന്യകമാരും എടുത്തണിയുന്ന ഏഴുരാവുകള്‍ നാടിന് സമര്‍പ്പിയ്ക്കുന്നത് ആനിക്കാട് ശ്രീശങ്കരനാരായണ തിരുവാതിര കളരിയും മാതൃസമിതിയുമാണ്.
ശ്രീശങ്കരനാരായണ മാതൃസമിതി പ്രസിഡന്റ് ശോഭനാകുമാരി കെ.പി. യും, സെക്രട്ടറി ഗീത അനില്‍കുമാറും ചേര്‍ന്ന് ഭദ്രദീപം തെളിയിച്ച് തിരുവാതിര ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചു. രേവതി മുതല്‍ തിരുവാതിര വരെയുള്ള ഏഴ് ദിവസങ്ങളില്‍ വൈകുന്നേരം 6.45 മുതല്‍ വിവിധ തിരുവാതിര സമിതികളുടെ തിരുവാതിര കളി ക്ഷേത്രാങ്കണത്തില്‍ അരങ്ങേറും.
ജനുവരി 11 ശനിയാഴ്ച മകയിരം നാളില്‍ വൈകിട്ട് എട്ടങ്ങാടി നിവേദ്യം നടക്കും. ജനുവരി 12 ഞായറാഴ്ച വൈകിട്ട് 7 മുതല്‍ തിരുവാതിരപ്പുഴുക്ക്, രാത്രി 12 ന് പാതിരാപ്പൂ ചൂടല്‍ ശേഷം മംഗലാതിരയോടുകൂടി തിരുവാതിര ആഘോഷങ്ങള്‍ സമാപിക്കും.
ജനുവരി 6 തിങ്കള്‍- ആനിക്കാട് ശ്രീ ശങ്കരനാരായണ തിരുവാതിര കളരി.
ജനുവരി 7 ചൊവ്വ- ശ്രീദേവി തിരുവാതിര സംഘം, തെക്കുംതല.
ജനുവരി 8 ബുധന്‍- കേരള വിശ്വകര്‍മ്മസഭ ശ്രീദേവി വിലാസം ശാഖ,പള്ളിക്കത്തോട്.
ജനുവരി 9 വ്യാഴം- ശ്രീശങ്കരി തിരുവാതിരകളിസംഘം,ആനിക്കാട്.
ജനുവരി 10 വെള്ളി- ലയം, അരവിന്ദ തിരുവാതിര സമിതി.
ജനുവരി 11 ശനി-ശാസ്താരം തിരുവാതിര സംഘം, ശാസ്താംകാവ്.
ജനുവരി 12 ഞായര്‍-മാതംഗി തിരുവാതിര സംഘം, ളാക്കാട്ടൂര്‍
എന്നീ സമിതികളാണ് ക്ഷേത്ര സന്നിധില്‍ തിരുവാതിര അവതരിപ്പിക്കുന്നത്.