Advertisment

എരുമേലിയില്‍ തീര്‍ഥാടനത്തിരക്കേറി; ഗതാഗതക്കുരുക്കും പതിവ്, വലഞ്ഞ് സ്‌കൂള്‍ കുട്ടികള്‍ ഉള്‍പ്പടെയുള്ളവര്‍, ശബരിമല ദര്‍ശനം കഴിഞ്ഞു മടങ്ങുന്ന വാഹനങ്ങള്‍ എരുമേലി ടൗണില്‍ എത്താതെ വഴി തിരിച്ചു വിടണമെന്നാവശ്യം

നഗരത്തില്‍ എത്തുന്ന സ്വകാര്യ ബസുകളും സ്വകാര്യ വാഹന യാത്രക്കാരുമാണ് ഇതുമൂലം ഏറെ ബുദ്ധിമുട്ടുന്നത്. 

New Update
4242

എരുമേലി: എരുമേലിയില്‍ തീര്‍ഥാടനത്തിരക്ക് ഏറിയതോടെ  ഗതാഗത കുരുക്ക് പതിവാകുന്നു. തീര്‍ഥാടക വാഹനങ്ങളുടെ എണ്ണം വര്‍ധിച്ചതാണ് നഗരത്തിലെ തിരക്കിനു കാരണം. നഗരത്തില്‍ എത്തുന്ന സ്വകാര്യ ബസുകളും സ്വകാര്യ വാഹന യാത്രക്കാരുമാണ് ഇതുമൂലം ഏറെ ബുദ്ധിമുട്ടുന്നത്. 

Advertisment

കാഞ്ഞിരപ്പള്ളി-എരുമേലി റോഡ്, എരുമേലി പേട്ടതുള്ളല്‍ പാത, എരുമേലി മുണ്ടക്കയം റോഡ് എന്നിവിടങ്ങളിലാണ് തീര്‍ഥാടക വാഹനത്തിരക്ക് ഏറെ അനുഭവപ്പെടുന്നത്. തിരക്കുള്ള സമയങ്ങളില്‍ പേട്ടക്കവലയില്‍ വന്‍ ഗതാഗതക്കുരുക്കാണുണ്ടാകുന്നത്.

ഇന്നലെ പുലര്‍ച്ചെ മുതല്‍ രാവിലെ പത്തു മണിവരെ ഇതായിരുന്നു എരുമേലിയിലെ സ്ഥിതി ഉണ്ടായിരുന്നു. ഇതില്‍ വലഞ്ഞതു വിദ്യാര്‍ഥികളും ഉദ്യോഗസ്ഥരുമാണ്. പേട്ടത്തുള്ളല്‍ പാതയിലൂടെ തന്നെ എല്ലാ വാഹനങ്ങളും എത്തിയതാണു മണിക്കൂറുകള്‍ നീണ്ട ഗതാഗത സ്തംഭനത്തിനു കാരണമായത്. ആസൂത്രിതമായ ഗതാഗത നിയത്രണം ഉണ്ടായില്ലെങ്കില്‍ തിരക്കേറുന്ന വരും ദിവസങ്ങളിലും ഇതു തന്നെയാവുമുണ്ടാവുക. മുന്‍ വര്‍ഷവും ഇതായിരുന്നു അനുഭവം. 

പൊന്‍കുന്നം വഴി വരുന്ന എല്ലാ തീര്‍ഥാടക വാഹനങ്ങളും കെ.വി.എം.എസ്, വിഴുക്കിത്തോട് വഴിയാണ് എരുമേലിയിലേക്കു വിടുന്നത്. ഓരുങ്കള്‍ കടവ് വഴി കെ.എസ്.ആര്‍.ടി.സി. ജങ്ഷനില്‍ എത്തുന്ന ഈ വാഹനങ്ങള്‍ ടി.ബി. റോഡുവഴി പേട്ടതുള്ളല്‍ പാതയില്‍ എത്തുന്നു. ഇതില്‍ റാന്നി, മണിമല ഭാഗത്തേക്കു പോകണ്ടതും പമ്പക്കു പോകേണ്ട വലിയ വാഹനങ്ങളും ഉള്‍പ്പെടും. ഈ വാഹനങ്ങള്‍ കരിമ്പിന്‍ന്തോട് ബൈപ്പാസിലൂടെ കടത്തിവിട്ടാല്‍ ടൗണില്‍ വട്ടം കറങ്ങാതെ ഈ വാഹനങ്ങള്‍ക്കു ലക്ഷ്യ സ്ഥാനത്ത് എത്താനാകുമെന്നു നാട്ടുകാര്‍ പറയുന്നു.

ഇതോടെ വാഹനങ്ങള്‍ സമാന്തര പാതകളിലൂടെ വഴി തിരിച്ചു വിടാന്‍ ഡ്യൂട്ടിയിലുള്ള പോലീസുകാര്‍ക്കു നിര്‍ദേശം നല്‍കണമെന്ന് ആവശ്യം ശക്തമായി. അടുത്തിടെ അഞ്ചു കോടി ചെലവിട്ടു നവീകരിച്ച കുറുവാമുഴി ഓരുങ്കല്‍കടവ് പാത വഴി കാഞ്ഞിരപ്പള്ളി റോഡില്‍ നിന്നെത്തുന്ന വാഹനങ്ങള്‍ക്ക് എരുമേലി ടൗണ്‍ ഒഴിവാക്കി എത്താന്‍ കഴിയും. 

കൊരട്ടിയില്‍ നിന്നും കണ്ണിമല ബൈപാസ് വഴി പേരൂര്‍ത്തോട് റോഡില്‍ കൂടി എരുമേലി ടൗണ്‍ ഒഴിവാക്കി സഞ്ചരിക്കാന്‍ കഴിയും. ഈ രണ്ടു പാതകള്‍ വഴി കാഞ്ഞിരപ്പള്ളി റോഡില്‍ നിന്നുള്ള വാഹനങ്ങളെ വിട്ടാല്‍ എരുമേലി ടൗണില്‍ കൂടുതല്‍ സമയം ഗതാഗതത്തിരക്ക് അനുഭവപ്പെടുന്നത് ഒഴിവാക്കാനാകും. ശബരിമല ദര്‍ശനം കഴിഞ്ഞു മടങ്ങുന്ന വാഹനങ്ങള്‍ എരുമേലി ടൗണില്‍ എത്താതെ വഴി തിരിച്ചു വിടാനും നടപടി വേണമെന്ന ആവശ്യവും ശക്തമാണ്.

 

Advertisment