തൊഴിലുറപ്പ് പദ്ധതിയില്‍ നിന്നു ഒഴിവാക്കപ്പെട്ടവരില്‍ അര്‍ഹരും? ഒഴിവാക്കിയവരുടെ ലിസ്റ്റില്‍ പദ്ധതിയില്‍ ഭാഗമായിരുന്നവരും ഉള്‍പ്പെട്ടെന്ന് ആക്ഷേപം; ഓംബുഡ്മാന് പരാതി നല്‍കി തൊഴിലാളികള്‍

പദ്ധതിയില്‍ സജീവമല്ലാത്തവരെ ഒഴിവാക്കുന്നതിന്റെ ഭാഗമായായി 4499 തൊഴില്‍കാര്‍ഡുകള്‍ ജില്ലയില്‍നിന്ന് അടുത്തിടെ റദ്ദാക്കിയിരുന്നു.

New Update
565466

കോട്ടയം: തൊഴിലുറപ്പ് പദ്ധതിയില്‍ നിന്നു ഒഴിവാക്കപ്പെട്ടവരില്‍ അര്‍ഹരും! പദ്ധതിയില്‍ ഭാഗമായിരുന്നവര്‍ പോലും ഒഴിവാക്കപ്പെട്ടവരിലുണ്ട്. ഇക്കാര്യം ചൂണ്ടിക്കാട്ടി ഇതിനോടകം പലരും തൊഴിലുറപ്പ് ജില്ലാ ഓംബുഡ്മാന് ഇവര്‍ പരാതി നല്‍കിയിട്ടുണ്ട്. പദ്ധതിയില്‍ സജീവമല്ലാത്തവരെ ഒഴിവാക്കുന്നതിന്റെ ഭാഗമായായി 4499 തൊഴില്‍കാര്‍ഡുകള്‍ ജില്ലയില്‍നിന്ന് അടുത്തിടെ റദ്ദാക്കിയിരുന്നു.

Advertisment

വര്‍ഷങ്ങളായി ജോലിക്ക് അപേക്ഷിക്കാതിരിക്കുന്നവര്‍, മരണപ്പെട്ടവര്‍, താമസം മാറ്റിയവര്‍ എന്നിവരെയാണു പദ്ധതിയില്‍നിന്ന് ഒഴിവാക്കിയത്. എന്നാല്‍, ഇതിന്റെ മറവില്‍, ചട്ടങ്ങള്‍ പാലിക്കാതെ പലരെയും ഒഴിവാക്കിയെന്നാണ് ആക്ഷേപം. അകാരണമായാണ് പലരെയും ഒഴിവാക്കിയത്. 

കാര്‍ഡ് ഉടമ ജീവിച്ചിരിക്കുകയാണെങ്കില്‍ നോട്ടീസ് നല്‍കി മാത്രമേ റദ്ദാക്കാവൂവെന്നാണു ചട്ടം. എന്നാല്‍, ഇതു പാലിക്കാതെ പലരെയും പദ്ധതിക്ക് പുറത്താക്കുന്നെന്നാണ് ആക്ഷേപം. കഴിഞ്ഞ സാമ്പത്തികവര്‍ഷം അവസാനം മുതലാണു വ്യാപകമായ റദ്ദാക്കല്‍ തുടങ്ങിയത്. 

തൊഴിലുറപ്പ് പദ്ധതിയില്‍ ജോലിയെടുക്കുന്ന കുടുംബങ്ങള്‍ക്ക് ഓണക്കാലത്ത് നല്‍കുന്ന 1000 രൂപ ബോണസ് നല്‍കാതിരിക്കാനാണ് തിരക്കിട്ട് കാര്‍ഡുകള്‍ റദ്ദാക്കുന്നതെന്നും ആരോപണമുയരുന്നുണ്ട്. മുന്‍വര്‍ഷം 100 ദിനങ്ങള്‍ ജോലി ചെയ്തിട്ടുള്ളവരും നിലവില്‍ തൊഴില്‍ കാര്‍ഡുള്ളവരുമാണ് ഓണക്കാലത്ത് 1000 രൂപ ബോണസിന് അര്‍ഹരാകുന്നത്.

ജോലിക്ക് അപേക്ഷിച്ചിട്ടും കിട്ടാതെവരുന്നതോടെ പഞ്ചായത്തില്‍ അന്വേഷിച്ചെത്തുമ്പോഴാണു കാര്‍ഡ് റദ്ദായതായി പലരും അറിയുന്നത്. സാങ്കേതിക തകരാറാണെന്നു പറഞ്ഞ് ഉദ്യോഗസ്ഥര്‍ കൈമലര്‍ത്തും. ഉടന്‍ പുതിയ കാര്‍ഡ് നല്‍കാന്‍ നടപടികളിലേക്ക് കടക്കും. അത് പുതുതായുള്ള രജിസ്‌ട്രേഷനാണ്. ഇതോടെ ഓണക്കാലത്തെ ബോണസ് ഉള്‍പ്പെടെ സ്ഥിരം തൊഴിലാളികള്‍ക്ക് ലഭിക്കുന്ന ആനുകൂല്യങ്ങള്‍ നിഷേധിക്കപ്പെടുമെന്നു ചൂണ്ടിക്കാട്ടപ്പെടുന്നു.

എന്നാല്‍, കൃഷിയിടങ്ങള്‍ വൃത്തിയാക്കുന്നതടക്കമുള്ള ജോലികള്‍ക്കായി സ്ഥലഉടമയ്ക്കും തൊഴില്‍ കാര്‍ഡുകള്‍ എടുക്കേണതുണ്ട്. തൊഴുത്ത് നിര്‍മാണം അടക്കമുള്ള ജോലികള്‍ക്കും ഗുണഭോക്താവ് ഇത്തരത്തിം കാര്‍ഡ് ഉടമയാകണമെന്നാണ് നിയമം. ഇത്തരത്തില്‍ ചേര്‍ത്ത കാര്‍ഡുകളാണ് ഒഴിവാക്കപ്പെടുന്നതെന്നാണ് അധികൃതര്‍ പറയുന്നത്.

Advertisment