തിരുവനന്തപുരം: ഉദ്യോഗസ്ഥര്‍ക്കെതിരേ ആരോപണം വന്നാല്‍ അപ്പോള്‍ തന്നെ നടപടി സ്വീകരിക്കുന്നത് ഭരണത്തെ ബാധിക്കുന്ന തെറ്റായ കീഴ്‌വഴക്കമുണ്ടാക്കുമെന്ന് മന്ത്രി പി. രാജീവ്. സി.പി.എം. മുഖപത്രത്തിലെഴുതിയ ലേഖനത്തിലാണ് അദ്ദേഹത്തിന്റെ പരാമര്‍ശം.
സ്വതന്ത്രവും നിഷ്പക്ഷവുമായ അന്വേഷണം നടത്തി കുറ്റക്കാരാണെന്ന് കണ്ടെത്തിയാല്‍ കര്‍ശനമായ നടപടി എടുക്കും. ആര്‍.എസ്.എസ്. നേതാക്കളുമായി എ.ഡി.ജി.പി. കൂടിക്കാഴ്ച സര്‍ക്കാര്‍ അന്വേഷണ വിധേയമാക്കിയിരുന്നു.
തൃശൂര്‍ പൂരം അലങ്കോലമാക്കാന്‍ ശ്രമം നടന്നെന്ന് മുഖ്യമന്ത്രി തന്നെ പരസ്യമായി പറഞ്ഞിരുന്നു. ഇത് സംബന്ധിച്ച് അന്വേഷണവും നടന്നു. റിപ്പോര്‍ട്ടില്‍ പരിശോധനയും തടര്‍നടപടികളും നടന്നുവരികയാണ്. രാഷ്ട്രീയകാര്യങ്ങള്‍ക്ക് ഉദ്യോഗസ്ഥരെ ആശ്രയിക്കുന്ന പാര്‍ട്ടിയല്ല സി.പി.എം.
ഒരു പരാതി ലഭിക്കുമ്പോള്‍ സാധാരണയായി ചെയ്യേണ്ട കാര്യങ്ങളല്ല അന്‍വര്‍ ചെയ്തത്. എല്ലാം മാധ്യമങ്ങളിലൂടെ പരസ്യപ്പെടുത്തിയശേഷമാണ് മുഖ്യമന്ത്രി ആവശ്യപ്പെട്ടതുപ്രകാരം പരാതി നല്‍കുന്നതും അതിന്റെ കോപ്പി പാര്‍ട്ടി സെക്രട്ടറിക്ക് നല്‍കുന്നതും. ഈ രീതിയിലെ പാര്‍ട്ടി വിരുദ്ധത പരിഗണിക്കാതെ തന്നെ ഉന്നയിച്ച പ്രശ്‌നങ്ങളില്‍ അന്വേഷണം തീരുമാനിക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്.
സി.പി.എമ്മിനെയും ഇടതുപക്ഷത്തെയും ദുര്‍ബലപ്പെടുത്താനും സര്‍ക്കാരിനെയും മുഖ്യമന്ത്രിയെയും അപകീര്‍ത്തിപ്പെടുത്താനും നടത്തുന്ന ആസൂത്രിത പദ്ധതിയുടെ ഉപകരണമായി അന്‍വര്‍ മാറിയെന്നും പി. രാജീവ് പറയുന്നു.