തിരുവനന്തപുരം: പി.വി. അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങള്‍ സിറ്റിംഗ് ജഡ്ജിയെക്കൊണ്ട് അന്വേഷിപ്പിക്കാന്‍ തയാറാകണമെന്ന് കെ.പി.സി.സി. അധ്യക്ഷന്‍ കെ. സുധാകരന്‍.
സ്വര്‍ണ്ണക്കടത്തിലും സ്വര്‍ണ്ണം പൊട്ടിക്കലിലും പൂരം കലക്കിയതിലും പ്രതിപക്ഷത്തിന്റെ ആരോപണങ്ങളെ സാധൂകരിക്കുന്ന വെളിപ്പെടുത്തലുകളാണ് ഭരണകക്ഷി എം.എല്‍.എ. നടത്തിയത്. അന്‍വര്‍ പറഞ്ഞത് വസ്തുതകളാണ്. തുറന്നു പറയാന്‍ വൈകിയെന്ന് മാത്രം. സത്യാവസ്ഥ പുറത്തുവരണമെങ്കില്‍ സിറ്റിംഗ് ജഡ്ജി തന്നെ അന്വേഷിക്കണം. മുഖ്യമന്ത്രി തികഞ്ഞ പരാജയമാണെന്ന് പരസ്യമായി സമ്മതിക്കേണ്ട ഗതികേടാണ് ഭരണകക്ഷി എം.എല്‍.എയ്ക്ക്.
ക്രിമിനല്‍ മാഫിയകളെ വാഴിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്ന മുഖ്യമന്ത്രിക്ക് അധികാരത്തില്‍ തുടരാന്‍ യോഗ്യതയില്ല. സി.പി.എമ്മിനെ നശിപ്പിക്കുന്ന പിണറായി വിജയന്‍ മുഹമ്മദ് റിയാസ്, പി. ശശി അച്ചുതണ്ടിന്റെ ഞെട്ടുക്കുന്ന കഥകളാണ് അന്‍വര്‍ അക്കമിട്ട് നിരത്തിയത്.
തെറ്റുചൂണ്ടി കാണിക്കുന്നവരെ ഉള്‍ക്കൊള്ളുന്നത് സി.പി.എം. പാരമ്പര്യമല്ല. അവരെ ശത്രുക്കളായി കാണുന്നതാണ് സി.പി.എമ്മിന്റെ ശൈലി. ആ പതിവ് ഇവിടെയും സി.പി.എം. തെറ്റിക്കില്ല.
എ.ഡി.ജി.പി. എം.ആര്‍. അജിത്കുമാര്‍ ആര്‍.എസ്.എസ്. നേതാക്കളെ കണ്ടത് തെറ്റായി സി.പി.എമ്മിന് തോന്നിയിട്ടില്ല. അക്കാരണത്താലാണ് എ.ഡി.ജി.പി. ഇപ്പോഴും മുഖ്യമന്ത്രിയുടെ സംരക്ഷണയില്‍ തുടരുന്നത്. മുഖ്യമന്ത്രിയുടെ പ്രത്യേക ദൂതനായാണ് അദ്ദേഹം ആര്‍.എസ്.എസ്. നേതാക്കളെ കണ്ടത്. എ.ഡി.ജി.പിക്കെതിരേ ഇപ്പോള്‍ നടക്കുന്ന അന്വേഷണമെല്ലാം പ്രഹസനമാണ്.
സ്വര്‍ണം അടിച്ചുമാറ്റുന്ന പോലീസിന്റെ യഥാര്‍ഥ മുഖം ഭരണകക്ഷി എം.എല്‍.എ. തന്നെ തുറന്നു കാട്ടുമ്പോള്‍ മുഖ്യമന്ത്രി പോലീസിനെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത്. ആര്‍ക്കുവേണ്ടിയാണ്? സ്വര്‍ണ്ണക്കടത്ത് സംഘത്തെ നിയന്ത്രിക്കുന്നതില്‍ കേരള പോലീസിന്റെ പങ്കെന്താണ്? സ്വര്‍ണ്ണം അടിച്ചുമാറ്റാന്‍ പോലീസിനെ ഭരണപക്ഷത്ത് നിന്നുള്ള ആരെങ്കിലും നിയന്ത്രിക്കുന്നുണ്ടോ?
സ്വര്‍ണ്ണക്കടത്ത് വിഹിതം പറ്റുന്നതില്‍ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിക്ക് പങ്കുണ്ടോ? അന്‍വറിന്റെ വെളിപ്പെടുത്തലില്‍ മുഖ്യമന്ത്രിയുടെ നിലപാട് മാറ്റാന്‍ തയാറാണോ? അതോ പോലീസിലെ ക്രിമിനലുകളെ സംരക്ഷിക്കാന്‍ തന്നെയാണോ ഭാവമെന്നും സുധാകരന്‍ ചോദിച്ചു.