പ്രതിനിധിസഭയുടെ പൂര്‍ണ പിന്തുണയുണ്ട്, എന്നിട്ടും കരയോഗങ്ങളില്‍ പ്രതിഷേധങ്ങള്‍ തുടരുന്നു, ജി. സുകുമാരന്‍ നായര്‍ക്കെതിരെ കൂടുതല്‍ കരയോഗങ്ങള്‍ക്കു മുന്നില്‍ ഫ്ളക്സുകള്‍; പിന്നില്‍ ബി.ജെ.പിയോ?

എന്‍.എസ്.എസ്. അംഗങ്ങള്‍ക്കിടയില്‍ ബി.ജെ.പി. വലിയ വളര്‍ച്ച സമീപകാലത്ത് കൈവരിച്ചിട്ടുണ്ട്.

New Update
nss-g-sukumaran-nair.1.121750

കോട്ടയം: ശബരിമല വിഷയത്തിലെ സര്‍ക്കാര്‍ അനുകൂല നിലപാടിന് പിന്നാലെ എന്‍.എസ്.എസ്. ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ക്കെതിരെ ഉയരുന്ന പ്രതിഷേധങ്ങള്‍ എങ്ങനെ നേതൃത്വം കൈകാര്യം ചെയ്യും. പ്രതിനിധിസഭയുടെ പൂര്‍ണ പിന്തുണ സുകുമാരന്‍ നായര്‍ക്കുണ്ടെങ്കിലും പ്രതിഷേധങ്ങള്‍ അവസാനിപ്പിക്കാന്‍ ഇക്കൂട്ടര്‍ തയാറല്ല. 

Advertisment

ഇന്നും പല ജില്ലകളിലും കരയോഗങ്ങള്‍ക്കു മുന്നില്‍ ഫ്‌ളക്സുകള്‍ പ്രത്യക്ഷപ്പെട്ടു. സേവ് നായര്‍ സൊസൈറ്റി എന്നാണ് പ്രതിഷേധക്കാര്‍ സ്വയം വിശേഷിപ്പിക്കുന്നതെങ്കിലും ഇവരില്‍ ഭൂരിഭാഗവും ബി.ജെ.പി പ്രവര്‍ത്തകരോ അനുഭാവമോ ഉള്ളവരോ ആണെന്ന വിലയിരുത്തലാണുള്ളത്. എന്‍.എസ്.എസ്. അംഗങ്ങള്‍ക്കിടയില്‍ ബി.ജെ.പി. വലിയ വളര്‍ച്ച സമീപകാലത്ത് കൈവരിച്ചിട്ടുണ്ട്.

മുന്‍പു സി.പി.എം അനുഭാവികളായിരുന്നവര്‍ പോലും ബി.ജെ.പി. പാളയത്തില്‍ എത്തിച്ചേര്‍ന്നു. ബി.ജെ.പി. തങ്ങളുടെ ഉറപ്പുള്ള വോട്ട് ബാങ്കായാണ് എന്‍.എസ്.എസിനെ കാണുന്നതും. ഇതോടെ മുന്‍ കരയയോഗം പ്രസിഡന്റായിരുന്നവര്‍ പോലും ഇപ്പോള്‍ സുകുമാരന്‍ നായരെ വിമര്‍ശിച്ച് ഫേസ്ബുക്ക് കുറിപ്പുകള്‍ ഇടുന്നുണ്ട്. സുകുമാരന്‍ നായര്‍ സുദായത്തെ പിന്നില്‍ നിന്നു കുത്തിയെന്ന വികാരമാണ് ഇവര്‍ പ്രകടിപ്പിക്കുന്നത്.

അതേസമയം, കോണ്‍ഗ്രസ് വിഷയം ഊതിപെരുപ്പിക്കാനില്ല. ആഗോള അയ്യപ്പ സംഗമത്തില്‍ മാത്രമാണ് എന്‍.എസ്.എസ്. പിണറായി സര്‍ക്കാര്‍ അനുകൂല നിലപാട് പ്രഖ്യാപിച്ചിരിക്കന്നതെന്നും മറ്റ് എല്ലാ വിഷയങ്ങളിലുള്ള സമദൂര നിലപാട് തങ്ങളെയാണ് തുണയ്ക്കുന്നതെന്നുമാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ വിലയിരുത്തല്‍. 

മാത്രമല്ല എന്‍.എസ്.എസിന്റെ രാഷ്ട്രീയ നിലപാടില്‍ മാറ്റമില്ലെന്ന ഇന്നലെ ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ ചങ്ങനാശേരിയില്‍ വ്യക്തമാക്കുകയും ചെയ്തിരുന്നു. ആരും രാഷ്ട്രീയ മുതലെടുപ്പിന് തയാറാകേണ്ടതില്ലെന്നുമായിരുന്ന ജനറല്‍ സെക്രട്ടറിയുടെ വിശദീകരണം.

പതിവില്‍ നിന്നും വ്യത്യസ്തമായി എന്‍.എസ്.എസ്. നേതൃത്വത്തിനെതിരേ ചില കോണുകളില്‍ നിന്നും ഉയര്‍ന്ന എതിര്‍സ്വരങ്ങളെ ഒരു കാരണവശാലും പ്രോത്സാഹിപ്പിക്കേണ്ടതില്ലെന്നുമാണ് കോണ്‍ഗസിന്റെ തീരുമാനം. ഇതോടെ ബി.ജെ.പി. മാത്രമാണ് എന്‍.എസ്.എസിനെതിരെ ഒളിപോരിന് തയാറെടുക്കുന്നത്.

സുകുമാരന്‍ നായര്‍ക്കെതിരെ ഫ്ളക്സ് പ്രതിഷേധം തുടരുകയാണ്. ആലപ്പുഴയിലും പത്തനംതിട്ടയിലുമാണ് ഇന്ന് ബാനറുകള്‍ പ്രത്യക്ഷപ്പെട്ടത്. പത്തനംതിട്ട തിരുവല്ല പെരിങ്ങര എന്‍.എസ്.എസ്. കരയോഗത്തിന് സമീപവും പെരിങ്ങര ജങ്ഷനിലും ബാനര്‍ സ്ഥാപിച്ചിട്ടുണ്ട്. പെരിങ്ങര ലക്ഷ്മി നാരായണ ക്ഷേത്ര ജങ്ഷനിലും ബാനര്‍ വെച്ചിട്ടുണ്ട്. സേവ് നായര്‍ ഫോറത്തിന്റെ പേരിലാണ് ബാനര്‍.

പിന്നില്‍ നിന്ന് കാലുവാരിയ പാരമ്പര്യം നല്ല നായര്‍ക്കില്ല, ശബരിമല അയ്യപ്പ സ്വാമിയുടെ ആചാര സംരക്ഷണത്തിന് അണിനിരന്ന ആയിരങ്ങളെ അപമാനിച്ച സമുദായ വഞ്ചകന്‍ രാജിവയ്ക്കുക എന്നീ വാചകങ്ങളാണ് ബാനറില്‍ ഉള്ളത്. 

ആലപ്പുഴയില്‍ നൂറനാട് പണയില്‍വിലാസം കരയോഗത്തിന് മുന്നിലാണ് ബാനര്‍ പ്രത്യക്ഷപ്പെട്ടത്. സ്വന്തം കാര്യത്തിന് വേണ്ടി അയ്യപ്പ ഭക്തരെയും എന്‍എസ്എസിനേയും പിന്നില്‍ നിന്ന് കുത്തിയെന്നും ജനറല്‍സെക്രട്ടറി സ്ഥാനത്തുനിന്നും അദ്ദേഹം രാജിവയ്ക്കണമെന്നും ഈ ബാനറില്‍ എഴുതിട്ടുണ്ട്.

കഴിഞ്ഞ ദിവസം പത്തനംതിട്ട, തിരുവനന്തപുരം, കോട്ടയം, എന്നിവിടങ്ങളിലും പ്രതിഷേധ പോസ്റ്ററുകള്‍ ഉയര്‍ന്നിരുന്നു. പ്രതിഷേധക്കാരെ അനുനയിപ്പിക്കാന്‍ നേതൃത്വം ഇതുവരെ ഇടപെടല്‍ നടത്തിയിട്ടില്ല. ആകെ 5600 കരയോഗങ്ങളുള്ളതില്‍ ഒന്നോ രണ്ടോ കരയോഗങ്ങള്‍ മാത്രമാണ് അയ്യപ്പ സംഗമത്തിന് എന്‍.എസ്.എസ്. പിന്തുണയില്‍ എതിര്‍പ്പു പറഞ്ഞത്. അവരുടെ എതിര്‍പ്പു കാര്യമാക്കുന്നില്ലെന്നും കാര്യം മനസിലാക്കുമ്പോള്‍ അവര്‍ തിരുത്തുമെന്നാണ് ജി. സുകുമാരന്‍ നായര്‍ പറഞ്ഞത്.

Advertisment