തൊടുപുഴ: ഓട്ടോ ഡ്രൈവറെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയില്ലെന്ന് ബന്ധുക്കള്‍. മൂലമറ്റം അങ്കികുന്നേല്‍ ജോയിയുടെ മകന്‍ ടോണി(35)യെയാണ് കൊക്കയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ആറു വര്‍ഷം മുമ്പ് ടോണിയുടെ മാതാവ് മരിച്ചിരുന്നു. ഇതിനുശേഷം ടോണി മാനസിക സംഘര്‍ഷത്തിലായിരുന്നെന്നും മരുന്നു കഴിച്ചിരുന്നതായും ബന്ധുക്കള്‍ പറഞ്ഞു.
തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് ഓട്ടമില്ലാത്തതുകൊണ്ട് വീട്ടില്‍ പോകുകയാണെന്ന് പറഞ്ഞ് ടോണി സ്റ്റാന്‍ഡില്‍നിന്ന് പോയിരുന്നു. വൈകുന്നേരവും തിരികെ വരാതിരുന്നതിനാല്‍ വീട്ടുകാര്‍ അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. വൈകുന്നേരം പൊട്ടന്‍പടി മലയുടെ താഴെ ഓട്ടോ കിടക്കുന്നതറിഞ്ഞ് നാട്ടുകാര്‍ കാഞ്ഞാര്‍ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.
പോലീസും നാട്ടുകാരും ചേര്‍ന്ന് സ്ഥലത്തെത്തിയപ്പോള്‍ ഓട്ടോയ്ക്കു സമീപത്തുനിന്ന് ഫോണും താക്കോലും കണ്ടെത്തി. ഫയര്‍ഫോഴ്‌സിനെ വിവരം അറിയിച്ചതിനെത്തുടര്‍ന്ന് രാത്രി സമീപത്തെ കൊക്കയില്‍ നടത്തിയ തെരച്ചിലില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു.
പാറക്കെട്ടില്‍ നിന്ന് ചാടിയതാകാമെന്ന് പോലീസ് പറഞ്ഞു. ഇന്നലെ കാഞ്ഞാര്‍ എസ്ഐ ബി. ഹരിഹരന്റെ നേതൃത്വത്തില്‍ മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി തൊടുപുഴ ജില്ലാ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. സംസ്‌കാരം നടത്തി.