Advertisment

ഉത്സവ ലഹരിയില്‍ എരുമേലി പട്ടണം, ചന്ദനക്കുടം ആഘോഷം ഇന്ന്;  അമ്പലപ്പുഴ, ആലങ്ങാട്ട് സംഘങ്ങളുടെ പേട്ടതുള്ളല്‍ നാളെ

ജമാ അത്ത് പ്രസിഡന്റ് നാസര്‍ പനച്ചി അധ്യക്ഷത വഹിക്കുന്ന സമ്മേളനം മന്ത്രി വി.എന്‍. വാസവന്‍ ഉദ്ഘാടനം ചെയ്യും. 

New Update
313131

എരുമേലി: സാഹോദര്യവും മതമ്രൈതിയും ഊട്ടിയുറപ്പിക്കുന്ന ചന്ദനക്കുട, പേട്ടതുള്ളല്‍ ആഘോഷങ്ങളുടെ നിറവില്‍ എരുമേലി പട്ടണം. ചന്ദനക്കുട ഉത്സവം ഇന്നും പേട്ടതുള്ളല്‍ നാളെയും നടക്കും. ഉത്സവദിനരാത്രങ്ങള്‍ എത്തിയതോടെ എരുമേലിയില്‍ വന്‍ ഭക്തജന തിരക്കാണ് അനുഭവപ്പെടുന്നത്. ചന്ദനക്കുട ഘോഷയാത്ര ഉദ്ഘാടനം ഇന്നു വൈകിട്ട് 6.15ന് നടക്കും. ജമാ അത്ത് പ്രസിഡന്റ് നാസര്‍ പനച്ചി അധ്യക്ഷത വഹിക്കുന്ന സമ്മേളനം മന്ത്രി വി.എന്‍. വാസവന്‍ ഉദ്ഘാടനം ചെയ്യും. 

Advertisment

ആന്റോ ആന്റണി എം.പി, എം.എല്‍.എമാരായ സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍, പ്രമോദ് നാരായണന്‍, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത്, കലക്ടര്‍ ജോണ്‍ വി. സാമൂവേല്‍, ജില്ലാ പോലീസ് മേധാവി ഷാഹുല്‍ ഹമീദ്, ജനപ്രതിനിധികള്‍, വിവിധ സാമുദായിക രാക്ഷ്ട്രീയ സംഘടനാ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ഗജവീരന്മാര്‍, ശിങ്കാരിമേളം, ചെണ്ടമേളം, തമ്പോലം, നീലക്കാവടി, ജിണ്ട് കാവടി, ഫിഷ് ഡാന്‍സ്, ബാന്റുമേളം എന്നിവ ഘോഷയാത്രയ്ക്കു മിഴിവേകും.

പേട്ട തുള്ളല്‍ നാളെ

ചരിത്ര പ്രസിദ്ധമായ അമ്പലപ്പുഴ, ആലങ്ങാട്ട് സംഘങ്ങളുടെ പേട്ടതുള്ളല്‍ നാളെ നടക്കും. വിവിധ ക്ഷേത്രങ്ങളിലും മണിമലക്കാവില്‍ ആഴി പൂജയും പ്രത്യേക വഴിപാടുകളും കഴിച്ചാണ് അമ്പലപ്പുഴ സംഘം എത്തുന്നത്. വിവിധ ക്ഷേത്രങ്ങളിലെ കൂടാതെ ഇളങ്ങുളം ധര്‍മ്മശാസ്ത ക്ഷേത്രത്തില്‍ പാനക പൂജയും വഴിപാടുകളും നടത്തിയാണ് ആലങ്ങാട്ട് സംഘം എത്തും.

അയ്യപ്പന്റെ മാതൃസ്ഥാനീയരെന്നു വിശ്വസിക്കുന്ന അമ്പലപ്പുഴ സംഘത്തിന്റേതാണ് ആദ്യ പേട്ട തുള്ളല്‍. ഉച്ചയോടെ ആകാശത്തു വട്ടമിടുന്ന കൃഷ്ണ പരുന്തിനെ കണ്ടാണു കൊച്ചമ്പലത്തില്‍ നിന്ന് ഇവരുടെ പേട്ട തുള്ളല്‍ ആരംഭിക്കുക. വാവര് പള്ളിയിലെത്തുന്ന പേട്ട സംഘത്തെ പള്ളി ഭാരവാഹികള്‍ സ്വീകരിച്ചു പള്ളിയിലേക്കാനായിക്കും. വാവരുടെ പ്രതിനിധിയുമായി ഇറങ്ങുന്ന പേട്ടതുള്ളല്‍ വലിയമ്പലത്തിലെത്തി സമാപിക്കും.

ശേഷം നീലാകാശത്ത് തെളിയുന്ന വെള്ളി നക്ഷത്രത്തെ കണ്ട് പിതൃസ്ഥാനീയരായ ആലങ്ങട്ട് സംഘത്തിന്റെ പേട്ട കൊച്ചമ്പലത്തില്‍ നിന്ന് ആരംഭിക്കും. അമ്പലപ്പുഴ സംഘത്തിനൊപ്പം വാവരും പോയി എന്ന വിശ്വാസത്തില്‍ വാവര് പള്ളിയില്‍ കയറാതെയാണ് ആലങ്ങാട്ടു സംഘം വലിയമ്പലത്തിലേക്കു നീങ്ങുക. നാടിന്റെ നാനാഭാഗങ്ങളില്‍ നിന്നായി നൂറുകണക്കിനു ഭക്തര്‍ പേട്ടതുള്ളല്‍ കാണാനായി എരുമേലിയില്‍ എത്തും.

ഇന്നും നാളെയും ഗതാഗത നിയന്ത്രണം

ചന്ദനക്കുടം, പേട്ടതുള്ളല്‍ എന്നിവയോടാനുബന്ധിച്ച് ഇന്നും നാളെയും നഗരത്തില്‍ ഗതാഗത നിയന്ത്രണം. കാഞ്ഞിരപ്പള്ളി ഭാഗത്തു നിന്നു റാന്നി ഭാഗത്തേക്കുള്ള വാഹനങ്ങള്‍ കുറുവാമ്മുഴി പെട്രോള്‍ പമ്പിനു സമീപത്തു നിന്നും ഓരുങ്കല്‍ റോഡുവഴി കരുമ്പിന്‍തോട്, മൂക്കട വഴി പോകണം.

കാഞ്ഞിരപ്പള്ളിയില്‍ നിന്നു മുണ്ടക്കയം ഭാഗത്തേക്കുള്ള വാഹനങ്ങള്‍ കൊരട്ടിപ്പാലം കണ്ണിമല വഴി പോകണം മുണ്ടക്കയം ഭാഗത്തു നിന്നു റാന്നി റൂട്ടില്‍ പോകേണ്ട വാഹനങ്ങള്‍ പ്രെപ്പോസ് -എം.ഇ.എസ് ജങ്ഷന്‍, കരിംകല്ലുംമൂഴി - കനകപ്പലം വഴി പോകണം.റാന്നി ഭാഗത്തു നിന്നു കാഞ്ഞിരപ്പള്ളി ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ മൂക്കട - ചാരുവേലി - കരിക്കാട്ടൂര്‍ വഴി പോകണം. പമ്പാവാലി ഭാഗത്തുനിന്നു കാഞ്ഞിരപ്പള്ളി- മുണ്ടക്കയം ഭാഗത്തേക്കുള്ള വാഹനങ്ങള്‍ എം.ഇ.എസ്. ജങ്ഷന്‍ -പ്രൊപ്പോസ് വഴി പോകണം.

Advertisment