തിരുവനന്തപുരം: തൃശൂര്‍ നാട്ടികയില്‍ തടിലോറി പാഞ്ഞുകയറി രണ്ട് കുട്ടികളടക്കം അഞ്ചുപേര്‍ മരിച്ച സംഭവത്തില്‍ പ്രതികരിച്ച് മന്ത്രി കെ.ബി. ഗണേഷ് കുമാര്‍. വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഡ്രൈവറും ക്ലീറും ഇപ്പോഴും മദ്യപിച്ച നിലയില്‍ തന്നെയാണ്. വാഹനം ഓടിച്ച് തുടങ്ങിയ സമയം മുതല്‍ രണ്ടുപേരും മദ്യപിക്കുകയായിരുന്നു. ഡ്രൈവര്‍ ഉറങ്ങിയപ്പോള്‍ വണ്ടിയോടിച്ച ക്ലീനര്‍ക്ക് ലൈസന്‍സില്ല. ഡ്രൈവര്‍ ജോസ് 50 വയസാണ്. ക്ലീനര്‍ അലക്സിന് 33 വയസാണ്. രണ്ടുപേരും പൊലീസ് കസ്റ്റഡിയിലാണ്.
മോട്ടോര്‍ വാഹന വകുപ്പ് ട്രാന്‍സ്പോര്‍ട്ട് കമ്മിഷണറുടെ നിര്‍ദേശപ്രകാരം വണ്ടിയുടെ രജിസ്ട്രേഷന്‍ സസ്പെന്‍ഡ് ചെയ്തു. കണ്ണൂ സ്വദേശിയുടെ പേരിലാണ് വാഹനം. രജിസ്ട്രേഷന്‍ വൈകാതെ റദ്ദാക്കും. ഉടമയ്ക്ക് നോട്ടീസ് നല്‍കിക്കഴിഞ്ഞു. ഡ്രൈവറുടെ ലൈസന്‍സും റദ്ദാക്കും. വാഹനത്തിന്റെ പെര്‍മിറ്റും പോകും.
നരഹത്യയാണിത്. അടച്ചുവച്ചിരുന്ന റോഡിലെ ബാരിക്കേഡുകള്‍ ഉള്‍പ്പെടെ തകര്‍ത്താണ് വാഹനം അവിടേക്ക് കയറ്റിയത്. രണ്ട് പിഞ്ച് കുഞ്ഞുങ്ങളടക്കം അവിടെ കിടന്നുറങ്ങിയവരുടെ പുറത്തുകൂടെയാണ് വാഹനം കയറിപ്പോയത്. രാത്രി കാലങ്ങളില്‍ മദ്യപിച്ച് ട്രക്ക് ഡ്രൈവര്‍മാര്‍ വാഹനമോടിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്.
ഇതില്‍ അടുത്ത ആഴ്ച മുതല്‍ നടപടി ആരംഭിക്കാനിരിക്കുകയായിരുന്നു. ട്രാന്‍സ്പോര്‍ട്ട് കമ്മിഷണറുടെ നേതൃത്വത്തിലാണ് ഇത് നടത്താനുദ്ദേശിക്കുന്നത്. കഴിഞ്ഞ ആഴ്ച തന്നെ ഇക്കാര്യം തീരുമാനിച്ചതാണ്. ഇന്നത്തെ സംഭവം തികച്ചും ദൗര്‍ഭാഗ്യകരമാണ്. സംഭവസ്ഥലത്ത് നിന്നും 600 മീറ്റര്‍ അകലെ തൃപ്രയാര്‍ ക്ഷേത്രത്തില്‍ ഉത്സവത്തിനെത്തിയ ജനങ്ങളാണ് വണ്ടി തടഞ്ഞത്. സ്ഥലംവിട്ട് പോവുക എന്നതായിരുന്നു അവരുടെ ഉദ്ദേശം.
ജനങ്ങള്‍ പരമാവധി റോഡില്‍ കിടന്ന് ഉറങ്ങാതിരിക്കുക. സ്ഥലം എസ്.ഐ രണ്ട് ദിവസം മുമ്പ് ഇവരോട് മാറാന്‍ ആവശ്യപ്പെട്ടതാണ്. എങ്കിലും വാഹനമോടിച്ചവര്‍ ചെയ്തത് വളരെ വലിയ തെറ്റാണ് അവര്‍ക്കെതിരെ കര്‍ശന നടപടി തന്നെയെടുക്കും. വാഹനം ഓടിച്ചയാളുടെ പേരില്‍ ലൈസന്‍സ് ഇല്ലായെങ്കില്‍ ഏറ്റവും വലിയ വകുപ്പ് ചുമത്തി കേസെടുക്കും. നിയമപരമായി കഴിയുന്നതെല്ലാം ചെയ്യും. പരിക്കേറ്റവര്‍ക്ക് സഹായം നല്‍കുന്ന കാര്യത്തില്‍ മുഖ്യമന്ത്രിയുമായി ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.