ശബരിമല: മകരവിളക്ക് ഉത്സവത്തിനോട് അനുബന്ധിച്ച് സുരക്ഷ ശക്തമാക്കുന്ന പശ്ചാത്തലത്തില്‍ ശനിയാഴ്ച മുതല്‍ കാനനപാതവഴി ഭക്തരെ കടത്തിവിടില്ല. പമ്പ, സന്നിധാനം എന്നിവിടങ്ങളില്‍ തീര്‍ഥാടകര്‍ ഭക്ഷണം പാകം ചെയ്യുന്നതും നിരോധിച്ചു.
പമ്പയില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിനും നിയന്ത്രണമുണ്ടെന്ന് എ.ഡി.എം. അരുണ്‍ എസ്. നായര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. വെര്‍ച്വല്‍ ക്യൂവില്‍ 12ന് 60,000 പേര്‍ക്ക്, 13ന് 50,000, 14ന് 40,000 എന്നിങ്ങനെയാണ് ഭക്തര്‍ക്ക് ബുക്കിങ് അനുവദിക്കുക.
മകരസംക്രമദിനത്തില്‍ അയ്യപ്പന് ചാര്‍ത്താനുള്ള തിരുവാഭരണങ്ങളുമായി ഘോഷയാത്ര, 12ന് ഉച്ചയ്ക്ക് ഒരുമണിക്ക് പന്തളത്തുനിന്ന് പുറപ്പെടുമെന്ന് തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് പറഞ്ഞു. 15 മുതല്‍ 18 വരെ നെയ്യഭിഷേകത്തിനുശേഷം ഭക്തര്‍ക്ക് തിരുവാഭരണം ചാര്‍ത്തിയ ഭഗവാനെ കണ്ടുതൊഴാം. 18 വരെ നെയ്യഭിഷേകവും കളഭാഭിഷേകവും ഉണ്ട്. 14 മുതല്‍ അഞ്ചുദിവസം കളമെഴുത്തുണ്ട്.
14 മുതല്‍ 17 വരെ പതിനെട്ടാംപടി വരെയും 18ന് ശരംകുത്തിയിലേക്കും എഴുന്നള്ളത്തുണ്ട്. 19ന് മണിമണ്ഡപത്തിന് മുന്നില്‍ ഗുരുതി. 20ന് ശബരിമല നടയടക്കും. അന്ന് പന്തളം രാജാവിന് മാത്രമേ ദര്‍ശനമുള്ളൂ.