വനിതാ ജീവനക്കാരോട് അപമര്യാദയായി പെരുമാറി, അശ്ലീല സന്ദേശങ്ങള്‍ അയച്ചു; വനംവകുപ്പ് നഗരംപാറ റേഞ്ചിലെ വാഴത്തോപ്പ് ഡെപ്യൂട്ടി റേഞ്ച് ഓഫീസര്‍ക്ക് സസ്‌പെന്‍ഷന്‍

നഗരംപാറ റെയ്ഞ്ചിലെ രണ്ട് വനിത ജീവനക്കാരെ മാനസികമായും ജോലിപരമായും പീഡിപ്പിച്ചെന്ന പരാതിയിലാണ് നടപടി. 

New Update
5455555

ഇടുക്കി: നഗരംപാറ വനംവകുപ്പ് റെയ്ഞ്ചിലെ വാഴത്തോപ്പ് ഡെപ്യൂട്ടി റേഞ്ച് ഓഫീസര്‍ കെ.സി. വിനോദിനെ സസ്‌പെന്‍ഡ് ചെയ്തു. നഗരംപാറ റേഞ്ചിലെ രണ്ട് വനിത ജീവനക്കാരെ മാനസികമായും ജോലിപരമായും പീഡിപ്പിച്ചെന്ന പരാതിയിലാണ് നടപടി. അപമര്യാദയായി പെരുമാറിയെന്നും അശ്ലീല സന്ദേശങ്ങള്‍ അയച്ചെന്നും പരാതിയുണ്ടായിരുന്നു. ഒപ്പം പാല്‍ക്കുളംമേട് ഭാഗത്ത് വനഭൂമിയിലൂടെ റോഡ് നിര്‍മ്മിച്ചത് അറിഞ്ഞിട്ടും നടപടിയെടുത്തില്ലെന്ന് കോട്ടയം ഡി.എഫ്.ഒ. റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

Advertisment

ഇതും പരിഗണിച്ചാണ് വനംവകുപ്പ് അഡീഷണല്‍ പ്രിന്‍സിപ്പല്‍ സി.സി.എഫ്. ഡോ. പി. പുകഴേന്തി സസ്‌പെന്‍ഡ് ചെയ്തത്. സംഭവം ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തതിനെത്തുടര്‍ന്നാണ് നടപടി. ഡെപ്യൂട്ടി റേഞ്ച് ഓഫീസര്‍ വിനോദ് കെ.സി. മാനസികമായി പീഡിപ്പിക്കുന്നെന്നും അശ്ലീല സന്ദേശങ്ങള്‍ അയയ്ക്കുന്നുവെന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഇടുക്കി നഗരംപാറ റേഞ്ച് ഓഫീസിലെ വനിത രണ്ട് ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാര്‍ പരാതി നല്‍കിയത്.

അശ്ലീല സംഭാഷണം എതിര്‍ത്തതോടെ ജോലിപരമായി ഉപദ്രവിക്കാന്‍ തുടങ്ങിയെന്നും പരാതിയിലുണ്ട്. അപമര്യാദയായി പെരുമാറുന്നതിനൊപ്പം ആരോഗ്യ പ്രശ്‌നങ്ങളുള്ളപ്പോള്‍ പോലും അവധി അനുവദിക്കുന്നില്ലെന്നും പരാതിയിലുണ്ട്.

സംഭവത്തില്‍ ഇന്റേണല്‍ കംപ്ലയിന്റ് കമ്മിറ്റിയും കോട്ടയം ഡി.എഫ്.ഓയും പ്രാഥമിക അന്വേഷണം നടത്തി. കഴമ്പുണ്ടെന്ന് കണ്ടെത്തുകയും കൂടുതല്‍ അന്വേഷണം നടത്താന്‍ വിനോദിനെ മറ്റൊരു സ്റ്റേഷനിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് കോട്ടയം ഡി.എഫ്.ഒ. വനംവകുപ്പ് അഡീഷണല്‍ പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ക്ക് കഴിഞ്ഞ മാസം റിപ്പോര്‍ട്ടും സമര്‍പ്പിച്ചു.

എന്നാല്‍, ഒരു മാസം കഴിഞ്ഞിട്ടും ഇക്കാര്യത്തില്‍ വനംവകുപ്പ് നടപടിയെടുത്തിരുന്നില്ല. വിനോദ് മേലുദ്യോഗസ്ഥരോട് അപമര്യാദയായി പെരുമാറിയെന്നും റേഞ്ച് ഓഫീസറുടെ റിപ്പോര്‍ട്ടിലുണ്ട്. ഇയാള്‍ തടിലോറിക്കാരില്‍ നിന്നും പണം വാങ്ങുന്നതായും കോട്ടയം ഡി.എഫ്.ഒ.യുടെ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.

 

Advertisment