കൊച്ചി: വയോധികരായ മാതാപിതാക്കളെ പരിപാലിക്കേണ്ടത് മക്കളുടെ ചുമതലയെന്ന് ഹൈക്കോടതി. നൂറു വയസുകാരിക്ക് പ്രതിമാസം രണ്ടായിരം രൂപ ജീവനാംശത്തിന് കോടതി ഉത്തരവിട്ടു. 2022ലെ കുടുംബ കോടതി ഉത്തരവ് ശരിവച്ചായിരുന്നു ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്‍ ഉത്തരവിറക്കിയത്. മകന്‍ സമര്‍പ്പിച്ച ഹര്‍ജി കോടതി തള്ളി.
അമ്മയെ പരിപാലിക്കേണ്ടത് ഓരോ മകന്റെയും കടമയാണ്. അതൊരു ദാനധര്‍മ്മമല്ല. കുടുംബ കോടതിയില്‍ മകന്‍ ഹര്‍ജി ഫയല്‍ ചെയ്യുന്ന സമയത്ത്, ഹര്‍ജിക്കാരന്റെ അമ്മയ്ക്ക് 92 വയസായിരുന്നു, ഇപ്പോള്‍ അവര്‍ക്ക് 100 വയസായി. മകനില്‍ നിന്ന് ജീവനാംശം പ്രതീക്ഷിച്ച് ജീവിക്കുകയാണ് അവര്‍.
ഒരു മകന്‍ 100 വയസുള്ള അമ്മയുമായി വഴക്കിടുന്ന ഈ സമൂഹത്തില്‍ അംഗമായി എന്നതുകൊണ്ട് തന്നെ 2,000 രൂപ പ്രതിമാസ ജീവനാംശം നിഷേധിക്കുന്നതില്‍ ഞാന്‍ വളരെയധികം ലജ്ജിക്കുന്നുവെന്നും ജഡ്ജി പറഞ്ഞു.
5,000 രൂപ പ്രതിമാസ ജീവനാംശം ആവശ്യപ്പെട്ടായിരുന്നു മകനെതിരെ അമ്മ കുടുംബ കോടതിയെ സമീപിച്ചത്. എന്നാല്‍ ജീവനാംശം നല്‍കാന്‍ തയാറല്ലെന്നും തന്നോടൊപ്പം താമസിച്ചാല്‍ പരിപാലിക്കാന്‍ തയ്യാറാണെന്നുമായിരുന്നു മകന്റെ വാദം.