ജി.എസ്.ടി. പരിഷ്‌കാരത്തെത്തുടര്‍ന്ന് വാഹനങ്ങള്‍ക്കു വില കുറയുന്നതു മുതലെടുക്കാന്‍ വാഹന കമ്പനികള്‍, വാഹന വിപണിയില്‍ ഓഫര്‍ പൂരം; പ്രീ ജി.എസ്.ടി. ഓഫറുകളും സജീവം

ചില കമ്പനികള്‍ പുതിയ ജി.എസ്.ടി. ഘടന നിലവില്‍ വരുന്ന സെപ്റ്റംബര്‍ 22 വരെ മാത്രമാക്കി ഓഫറുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

New Update
OIP (2)

കോട്ടയം: ജി.എസ്.ടി. പരിഷ്‌കാരത്തെത്തുടര്‍ന്ന് വാഹനങ്ങള്‍ക്കു വില കുറയുന്നതു മുതലെടുക്കാന്‍ വാഹന കമ്പനികള്‍. ജി.എസ്.ടി. കുറയുന്നതിനൊപ്പം ഓഫറുകള്‍ ഇട്ടു ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ കമ്പനികള്‍ തയാറെടുത്തു കഴിഞ്ഞു.  നവരാത്രിയോടനുബന്ധിച്ചുള്ള ഓഫറുകളാണ് തങ്ങള്‍ അവതരിപ്പിച്ചിരിക്കുന്നതെന്നു ഷോറൂമുകള്‍ പറയുന്നു. 

Advertisment

തെരഞ്ഞെടുത്ത കാറുകള്‍ക്ക് ജി.എസ്.ടി. ആനുകൂല്യത്തിന് പുറമേ ഒരു ലക്ഷം രൂപയുടെ സമ്മാനങ്ങള്‍, ഇപ്പോള്‍ കാര്‍ വാങ്ങിയാല്‍ അടുത്ത വര്‍ഷം മുതല്‍ പണം അടച്ചാല്‍ മതിയെന്ന ഓഫര്‍ തുടങ്ങി ഉത്തരോന്ത്യയിലാണ് കൂടുതലും അവതരിപ്പിച്ചിരിക്കുന്നത്.

സംസ്ഥാനത്തും പല കമ്പനികളും ഓഫറുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ചില കമ്പനികള്‍ പുതിയ ജി.എസ്.ടി. ഘടന നിലവില്‍ വരുന്ന സെപ്റ്റംബര്‍ 22 വരെ മാത്രമാക്കി ഓഫറുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. പ്രീ ജി.എസ്.ടി ഓഫറിലൂടെ ജി.എസ്.ടിയില്‍ വരുന്ന കുറവിനേക്കാള്‍ കൂടിയ ആനുകൂല്യമാണ് കമ്പനികള്‍ ലക്ഷ്യമിടുന്നത്. ഇതോടെ ഓഫര്‍ പോരില്‍ ശ്രദ്ധേയമായി മാറിയിരിക്കുകയാണ് ഓട്ടോ മേഖല.

ശക്തമായ വില്‍പ്പന നടക്കുന്ന സമയമായ നവരാത്രി സീസണില്‍ ജിഎസ്ടി കുറയ്ക്കല്‍ ഡിമാന്‍ഡ് വര്‍ധിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇരുചക്ര വാഹനങ്ങള്‍, ചെറുകാറുകള്‍, ഹാച്ച്ബാക്കുകള്‍, കോംപാക്റ്റ് സെഡാനുകള്‍ എന്നിവയുടെ ജിഎസ്ടി നിരക്ക് കുറച്ചത് വില്‍പ്പനയില്‍ വര്‍ദ്ധനവിന് കാരണമാകുമെന്നാണ് നിലവില്‍ പ്രതീക്ഷിക്കുന്നത്. കമ്പനികള്‍ വലിയ ഡിസ്‌കൗണ്ടാണ് ഇവയ്ക്ക് പ്രഖ്യാപിച്ചിരിക്കുന്നത്.

മിക്ക പാസഞ്ചര്‍ വാഹനങ്ങളുടെയും ജി.എസ്.ടി 28ല്‍ നിന്ന് 18 ശതമാനമായി കുറച്ചിരിക്കുകയാണ്. കാറുകളുടെയും ബൈക്കുകളുടെയും വിലയില്‍ വലിയ കുറവാണ് ഉണ്ടായിരിക്കുന്നത്. ഉത്സവ സീസണിന് മുന്നോടിയായി വാഹനങ്ങളുടെ ഡിമാന്‍ഡ് വര്‍ദ്ധിക്കുമെന്ന പ്രതീക്ഷയാണ് കമ്പനികള്‍ക്കുളളത്.

വാഹന വ്യവസായത്തിന് നിര്‍ണായകമായ ഘട്ടത്തിലാണ് ജിഎസ്ടി പരിഷ്‌കരണം വരുന്നത്. ആഭ്യന്തര ഇരുചക്ര വാഹന വില്‍പ്പന 2025 സാമ്പത്തിക വര്‍ഷത്തില്‍ 9 ശതമാനം വര്‍ധിച്ച് 1.96 കോടി യൂണിറ്റായി. 2024 സാമ്പത്തിക വര്‍ഷത്തില്‍ രേഖപ്പെടുത്തിയ 13 ശതമാനം വളര്‍ച്ചയേക്കാള്‍ താഴെയാണിത്. പാസഞ്ചര്‍ വാഹന വില്‍പ്പന കഴിഞ്ഞ വര്‍ഷത്തെ 8 ശതമാനം വളര്‍ച്ചയില്‍ നിന്ന് വെറും 2 ശതമാനം വര്‍ധിച്ച് 43 ലക്ഷം യൂണിറ്റായി. ജി.എസ്.ടിയില്‍ കുറവ് വരുന്നതോടെ വലിയ മാറ്റം ഉണ്ടാകുമെന്നാണ് പ്രതീക്ഷ.

Advertisment