കോഴിക്കോട്: പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസിലെ പരാതിക്കാരിയായിരുന്ന യുവതിക്ക് വീണ്ടും മര്‍ദനം. കണ്ണിലും മുഖത്തും പരിക്കേറ്റ ഇവരെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
രാഹുല്‍ തന്നെ പന്തീരാങ്കാവിലെ വീട്ടില്‍ വച്ചും ആശുപത്രിയിലേക്ക് കൊണ്ടുവരുന്ന വഴി ആംബുലന്‍സില്‍ വച്ചും മര്‍ദിച്ചെന്നും തലയിലും ചുണ്ടിനും ഇടത്തേ കണ്ണിനും മുറിവേറ്റെന്നും യുവതി പോലീസിനോട് പറഞ്ഞു.
തിങ്കളാഴ്ച രാത്രി മൊഴിയെടുക്കാന്‍ പോലീസ് എത്തിയപ്പോള്‍ പരാതിയില്ലെന്നാണ് യുവതി പറഞ്ഞത്. അച്ഛനും അമ്മയും വന്നാല്‍ സ്വന്തം നാടായ എറണാകുളത്തേക്ക് മടങ്ങിപ്പോകണമെന്നും പോലീസിന് ഇവര്‍ എഴുതി നല്‍കി. പന്തീരാങ്കാവിലെ ഭര്‍ത്താവിന്റെ വീട്ടില്‍ നിന്ന് സര്‍ട്ടിഫിക്കറ്റ് എടുക്കാന്‍ സഹായിക്കണമെന്നും യുവതി പോലീസിനോട് ആവശ്യപ്പെട്ടു.
സംഭവത്തില്‍ യുവതിയുടെ ഭര്‍ത്താവ് രാഹുലിനെ പന്തീരാങ്കാവ് പോലീസ് വിളിച്ചു വരുത്തി. യുവതിയുടെ മാതാപിതാക്കളേയും പോലീസ് വിവരമറിയിച്ചു. നേരത്തെ, യുവതി നല്‍കിയ ഗാര്‍ഹിക പീഡനക്കേസ് ഹൈക്കോടതി റദ്ദാക്കിയിരുന്നു.