തിരുവനന്തപുരം; കേരള സോഫ്റ്റ് ബോള്‍ അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി, കുടപ്പനക്കുന്ന് തിരുമംഗലത്ത് (TC-20/1351(3)PRA-120 ) അനില്‍ എ. ജോണ്‍സണ്‍ (62) അന്തരിച്ചു. ആരോഗ്യ വകുപ്പിലെ റിട്ട. ഹെല്‍ത്ത് ഇന്‍സ്‌പെക്ടറായിരുന്നു.
സോഫ്റ്റ്‌ബോള്‍ അസോസിയേഷന്‍ ദേശീയ വൈസ് പ്രസിഡന്റ്, സംസ്ഥാന സ്‌പോട്‌സ് കൗണ്‍സില്‍ അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു വരുകയായിരുന്നു. ഇന്ത്യന്‍ ദേശീയ സോഫ്റ്റ് ബോള്‍ ടീമിന്റെ പരിശീലകന്‍, മാനേജര്‍, സെലക്ടര്‍, സോഫ്റ്റ് ബോള്‍ അന്തരാഷ്ട്ര അമ്പയര്‍ ഉള്‍പ്പെടെ വിവിധ രംഗങ്ങളില്‍ സേവനം അനുഷ്ടിച്ചിരുന്നു.
ഗുജറാത്തില്‍ നടന്ന നാഷണല്‍ ഗെയിംസില്‍ സോഫ്റ്റ് ബോള്‍ ചാമ്പ്യന്‍ഷിപ്പിലെ ടെക്‌നിക്കല്‍ കമ്മിറ്റി ചെയര്‍മാന്‍ ആയിരുന്നു. 12 വര്‍ഷമായി കേരള സോഫ്റ്റ് ബോള്‍ അസോസിയേഷന്റെ സെക്രട്ടറി ആയിരിക്കെ സംസ്ഥാനത്തെ സോഫ്റ്റ് ബോളിന്റെ പ്രചരണത്തിനും, ജനകീയതയ്ക്കും വേണ്ടി നിരവധി പദ്ധതികള്‍ നടപ്പിലാക്കിയിരുന്നു.
അദ്ദേഹത്തിന്റെ കാലയളവില്‍ സബ്ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളില്‍ കേരള ടീം നിരവധി തവണ ദേശീയ തലത്തില്‍ കീരീടം നേടിയിരുന്നു. ഗോവയില്‍ നടന്ന ദേശീയ ഗെയിംസില്‍ സോഫ്റ്റ്‌ബോളില്‍ വനിതാ വിഭാഗത്തില്‍ വെള്ളിമെഡല്‍ നേടിയതും അനില്‍ എ. ജോണ്‍സന്റെ ശക്തമായ പിന്തുണ കൊണ്ടായിരുന്നു.
ഭാര്യ: ജിജി ജോസഫ്, മക്കള്‍: അഞ്ചു ഏയ്ഞ്ചല്‍ മേരി (യു.കെ), ആശിഷ് ജോണ്‍ (പ്രോജക്ട് എഞ്ചിനീയര്‍, കില)
മരുമക്കള്‍: ജോബിഷ് ജോബ് (ദുബായ്), സ്റ്റെഫി മോള്‍ എസ്. സംസ്‌കാരം: 2025 ഓഗസ്റ്റ് രണ്ട് ശനിയാഴ്ച ഉച്ചയ്ക്ക് 2.30ന് നാലാഞ്ചിറ ലൂര്‍ദ് സെമിത്തേരിയില്‍ (സീറോ മലബാര്‍).