കൊച്ചി: എം.ജി. റോഡില്‍ ഈയാട്ടുമുക്കിന് സമീപം ഓടിക്കൊണ്ടിരുന്ന കെ.എസ്.ആര്‍.ടി.സി. ലോ ഫ്‌ലോര്‍ ബസ് തീപിടിച്ചു. ബസിന്റെ പിന്‍ഭാഗം പൂര്‍ണമായും കത്തിനശിച്ചു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.
ഇന്ന് ഉച്ചയ്ക്ക് തൊടുപുഴയിലേക്ക് പോയ ബസിനാണ് തീപിടിച്ചത്. ഓട്ടത്തിനിടെ ഫയര്‍ അലാം ലഭിച്ചതിനാല്‍ ഡ്രൈവര്‍ റോഡ് വശത്തേക്ക് വാഹനം ഒതുക്കാന്‍ ശ്രമിച്ചു. ഇതിനിടെ ബസിന്റെ പിന്‍ഭാഗത്ത് തീ പടരുകയായിരുന്നു.
ഗാന്ധിനഗര്‍, ക്ലബ് റോഡ് എന്നിവടങ്ങളില്‍ നിന്നുള്ള രണ്ട് ഫയര്‍ഫോഴ്‌സ് യൂണിറ്റുകള്‍ സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി. പോലീസും സ്ഥലത്തെത്തി. സംഭവത്തെത്തുടര്‍ന്ന് സ്ഥലത്ത് ഗതാഗതം തടസപ്പെട്ടു.