കോട്ടയം: ഇനി റോഡരികില്‍ കാത്തു നില്‍ക്കേണ്ട...തിരുനക്കര പഴയ ബസ് സ്റ്റാന്‍ഡിലൂടെ ബസുകള്‍ കടത്തിവിട്ട് യാത്രക്കാരെ കയറ്റാന്‍ നടപടി. പല കാരണങ്ങളാല്‍ നീളുകയായിരുന്ന ഗതാഗതം പുനഃസ്ഥാപിക്കല്‍ ഇന്നലെ ചേര്‍ന്ന ലീഗല്‍ സര്‍വീസ് അതോറിറ്റി സിറ്റിങ്ങിലാണ് തീരുമാനം.
പഴയ ഷോപ്പിങ് കോംപ്ലക്‌സ് പൊളിയ്ക്കുന്നതിന്റെ ഭാഗമായാണ് സ്റ്റാന്‍ഡില്‍ നിന്നു യാത്രക്കാര്‍ കയറുന്നതിനും ഇറങ്ങാനും നിയന്ത്രണം ഏര്‍പ്പെടുത്തിയത്. ടൗണിലേക്ക് വരുന്ന ബസുകള്‍ എം.സി. റോഡിലും പുറപ്പെടുന്നവ പോസ്റ്റ് ഓഫീസ് റോഡിലുമാണ് നിര്‍ത്തിയിരുന്നത്.
ഇതോടെ യാത്രക്കാര്‍ മഴയും വെയിലുമേറ്റ് നില്‍ക്കേണ്ടിവന്നതിനൊപ്പം നഗരത്തിലെ ഗതാഗതക്കുരുക്കും വര്‍ധിരുന്നു. ഇതോടെയാണ് ഗതഗാതം പുനസ്ഥാപിക്കാന്‍ നപടി വേണമെന്ന ആവശ്യം ഉയര്‍ന്നത്. നിലവില്‍ സ്റ്റാന്‍ഡിലെ കോണ്‍ക്രീറ്റ് തറക്കുമുകളില്‍ വിരിച്ച മണ്ണു നീക്കി നഗരസഭ ഇന്നു ബോര്‍ഡ് സ്ഥാപിക്കും.
നേരത്തെയുണ്ടായിരുന്ന പോലെ രണ്ടുവരി ആയിത്തന്നെ ആയിരിക്കും ബസുകള്‍ കടന്നുപോവുക. ഇതിനായി ട്രാഫിക് പോലീസ് ഡിവൈഡറുകള്‍ വയ്ക്കും. നിലവിലെ പേ ആന്‍ഡ് പാര്‍ക്കിങ് ബസ്‌ബേക്ക് തടസമില്ലാത്ത രീതിയില്‍ തുടരും. തീരുമാനങ്ങള്‍ നടപ്പാക്കിയശേഷം നാളെ ചേരുന്ന സിറ്റിങ്ങില്‍ വിശദ റിപ്പോര്‍ട്ട് നല്‍കാനും ലീഗല്‍ സര്‍വീസ് അതോറിറ്റി സെക്രട്ടറിയും സബ് ജഡ്ജുമായ ജി. പ്രവീണ്‍കുമാര്‍ നിര്‍ദേശിച്ചു.
സ്റ്റാന്‍ഡില്‍ താല്‍ക്കാലിക വിശ്രമകേന്ദ്രം ഒരുക്കുന്നതിനു നഗരസഭ 10 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് തയാറാക്കിയിട്ടുണ്ട്. ടെന്‍ഡര്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ 45 ദിവസം വേണ്ടിവരുമെന്നും പകരം സ്‌പോണ്‍സറെ കണ്ടെത്തിയാല്‍ ഉടന്‍ പണി ആരംഭിക്കാനാവുമെന്നും മുനിസിപ്പല്‍ സെക്രട്ടറി സിറ്റിങ്ങില്‍ അറിയിച്ചു.
ഇന്ന് കൗണ്‍സില്‍ യോഗത്തില്‍ ഈ വിഷയം അടിയന്തര അജണ്ടയായി ഉള്‍പ്പെടുത്തി ചര്‍ച്ച ചെയ്യാമെന്നും മുനിസിപ്പല്‍ സെക്രട്ടറി വ്യക്തമാക്കി.
നിലവില്‍ പോസ്റ്റോഫിസ് റോഡിലൂടെയാണ് ബസുകള്‍ കടന്നുപോകുന്നത്. ട്രാഫിക് പോലീസ് ഇടപെട്ട് ബസുകള്‍ സ്റ്റാന്‍ഡ് വഴി തിരിച്ചുവിടും. അടിസ്ഥാന സൗകര്യങ്ങളും സുരക്ഷയും ഉറപ്പാക്കി ബസ് ബേ ആരംഭിക്കണമെന്നും പെരുമാറ്റച്ചട്ടം വന്നതിനാലാണ് തുടര്‍ഇടപെടലുകള്‍ നടത്താന്‍ കഴിയാതിരുന്നതെന്നും ജില്ലാ ഭരണകൂടത്തിനായി ഹാജരായ ഉദ്യോഗസ്ഥന്‍ അറിയിച്ചു.
ഷോപ്പിങ് കോംപ്ലക്‌സ് കെട്ടിടം പൊളിക്കുന്നതിന്റെ ഭാഗമായാണ് സ്റ്റാന്‍ഡിലെ ബസ് ബേ മാറ്റിയതും ബസുകള്‍ വഴി തിരിച്ചുവിട്ടതും.