ആളില്ലാത്ത വീട് കുത്തിത്തുറന്ന് ഒരു ലക്ഷം രൂപയുടെ സ്വര്‍ണാഭരണങ്ങളും ടിവിയും കവര്‍ന്നു; ഒരാഴ്ച മുമ്പ് ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ കുപ്രസിദ്ധ മോഷ്ടാവും സംഘവും പിടിയില്‍

വട്ടിയൂര്‍കാവ്, കഴകൂട്ടം, ചടയമംഗലം തുടങ്ങിയ സ്‌റ്റേഷന്‍ അതിര്‍ത്തികളില്‍ നടന്ന മോഷണങ്ങള്‍ ഇവരാണ് ചെയ്തതെന്നും  പോലീസ് കണ്ടെത്തി.

New Update
arrest kollam

കൊല്ലം: ചിതറയില്‍ വീട് കുത്തിത്തുറന്ന്  ഒരു ലക്ഷം രൂപയുടെ സ്വര്‍ണാഭരണങ്ങളും വീട്ടിലുണ്ടായിരുന്ന എല്‍ഇഡി ടിവിയും കവര്‍ന്ന കേസില്‍ പ്രതികള്‍ പിടിയില്‍. കഴിഞ്ഞ എട്ടിനാണ് സംഭവം.

Advertisment

മതിര ശിവവിലാസത്തില്‍ ഹരിതയുടെ വീട്ടിലാണ് കവര്‍ച്ച നടന്നത്. സംഭവ ദിവസം ഹരിത കുറ്റിക്കാടുള്ള സ്വന്തം വീട്ടിലേക്ക് പോയിരുന്നു. ഭര്‍തൃ മാതാവ് വീട് പൂട്ടി അടുത്തുളള സഹോദരന്റെ വീട്ടിലേക്കും പോയി. ഒമ്പതാം തീയതി രാവിലെ ഭര്‍ത്താവിന്റെ അമ്മ വീട്ടിലെത്തിയപ്പോഴാണ് വീട് കുത്തിത്തുറന്ന നിലയില്‍ കണ്ടത്. 

തുടര്‍ന്ന് പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. വിരലടയാളങ്ങളില്‍ നിന്ന് കുപ്രസിദ്ധ മോഷ്ടാവ്  വട്ടിയൂര്‍കാവ് പഴവിളാകത്ത് വീട്ടില്‍ ബിജു (കൊപ്ര ബിജു)വാണ് മോഷണം നടത്തിയതെന്ന് പോലീസ് കണ്ടെത്തുകയായിരുന്നു.

കൊല്ലം കല്ലുവാതുക്കല്‍ ഷഫീക് മന്‍സിലില്‍ ഷിഹാബുദ്ദീന്‍, കുളത്തുപ്പുഴ ചരുവിളപുത്തന്‍ വീട്ടില്‍ അനുരാഗ്, വെമ്പായം ആമിന മന്‍സിലില്‍ നൗഫല്‍, പുനലൂര്‍ ലെനിന്‍രാജ് ഭവനില്‍ ഷമീര്‍ എന്നിവരാണ് പിടിയിലായ മറ്റു പ്രതികള്‍. 

ബിജു ഒരാഴ്ച മുമ്പാണ് ജയില്‍ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയത്. പൂജപുര സെന്റര്‍ ജയിലില്‍ വച്ചാണ് കൂട്ടുപ്രതികളെ ബിജു പരിചയപ്പെടുന്നത്. വട്ടിയൂര്‍കാവ്, കഴകൂട്ടം, ചടയമംഗലം തുടങ്ങിയ സ്‌റ്റേഷന്‍ അതിര്‍ത്തികളില്‍ നടന്ന മോഷണങ്ങള്‍ ഇവരാണ് ചെയ്തതെന്നും  പോലീസ് കണ്ടെത്തി.

Advertisment