/sathyam/media/media_files/2025/09/15/6069380-2025-09-15-12-12-22.jpg)
കോട്ടയം: സ്റ്റേഷന്‍ വികസനമൊക്കെ ഗംഭീരമായി നടന്നെങ്കിലും പുതിയ ട്രെയിനുകള്‍ കിട്ടാത്തതില്‍ നിരാശയിലാണ് കോട്ടയം റെയില്‍വേ സ്റ്റേഷനില്‍ എത്തുന്ന യാത്രക്കാര്‍. രാവിലെയും വൈകുന്നേരവും ശ്വാസം കിട്ടാതെ ട്രെയിനില്‍ തളര്‍ന്നു വീഴുന്ന യാത്രക്കാരുടെ എണ്ണം ദിനം പ്രതി കൂടി വരുകയാണ്.
കോട്ടയം സ്റ്റേഷന്‍ വികസിപ്പിച്ചെങ്കിലും പുതുതായി ഇതുവരെ ഒരു സര്‍വീസും പരിഗണിച്ചിട്ടില്ല. എറണാകുളത്ത് അവസാനിപ്പിക്കുന്ന ചില സര്‍വീസുകള്‍ കോട്ടയത്തേക്ക് ദീര്‍ഘിപ്പിക്കുമെന്ന വാഗ്ദാനവും നടപ്പിലായിട്ടില്ല.
റെയില്‍വേ മനസു കാണിച്ചാല്‍ യാത്രാ പ്രശ്‌നം പരിഹരിക്കാന്‍ സാധിക്കുമെന്ന് സ്ഥിരം യാത്രക്കാര്‍ പറയുന്നു. നിലവില്‍ വൈകിട്ടുള്ള എറണാകുളം - കോട്ടയം യാത്ര ദുരിതമയമാണ്. വേണാട്, മെമു ട്രെയിനുകളില്‍ കടന്നുകൂടാന്‍ പാടുപെടുകയാണ് സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള സ്ഥിരം യാത്രികര്‍.
വേണാടിന് മുമ്പ് കോട്ടയം ഭാഗത്തേയ്ക്ക് ഒരു ട്രെയിന്‍ വന്നാല്‍ പകുതി ആശ്വാസമാകും. മിക്ക ട്രെയിനുകളും ഇപ്പോള്‍ തൃപ്പൂണിത്തുറയില്‍ നിന്നു പുറപ്പെടുന്നത് ചവിട്ടുപടിയില്‍ വരെ യാത്രക്കാരെ നിറച്ചാണ്.
ഉച്ചകഴിഞ്ഞ് 03.50 ന് എറണാകുളം ടൗണില്‍ എത്തിച്ചേരുന്ന ഗുരുവായൂര്‍ -എറണാകുളം പാസഞ്ചര്‍ കോട്ടയത്തേക്ക് ദീര്‍ഘിപ്പിച്ചാല്‍ വൈകുന്നേരത്തെ തിരക്കിന് പരിഹാരമാകുമെന്നു യാത്രക്കാര്‍ പറയുന്നു.
എറണാകുളം ജങ്ഷനിലെ പ്ലാറ്റ്‌ഫോം ദൗര്‍ലഭ്യത്തിനും ഇതിലൂടെ പരിഹാരമാകും. ഗുരുവായൂര്‍-എറണാകുളം പാസഞ്ചര്‍ കോട്ടയത്തേക്ക് എത്തുന്നതോടെ ജില്ലയിലെ യാത്രാക്ലേശത്തിന് വലിയ തോതില്‍ ആശ്വാസമാകുമെന്നും കോട്ടയത്ത് നിന്ന് കൊല്ലത്തേയ്ക്കുള്ള മെമുവിന് കണക്ഷന്‍ ലഭിക്കുകയും ചെയ്യുന്നതോടെ തെക്കന്‍ ജില്ലയിലേയ്ക്കുള്ള യാത്രയും ഇതിലൂടെ സാധ്യമാകും.
കോട്ടയത്ത് നിന്ന് വൈകിട്ട് 06.15 പുറപ്പെട്ടാല്‍ എറണാകുളം ഗുരുവായൂര്‍ പാസഞ്ചറിന്റെ ഷെഡ്യൂള്‍ഡ് സമയമായ 7.48 ന് തന്നെ എറണാകുളം ടൗണില്‍ എത്തിച്ചേരാന്‍ സാധിക്കും. റേക്ക് ഷെയറില്‍ ചെറിയ മാറ്റം വരുത്തിയാല്‍ വളരെ എളുപ്പത്തില്‍ സാധ്യമാകുന്ന സര്‍വീസിന് ജനപ്രതിനിധികളുടെ ശക്തമായ ഇടപെടല്‍ അനിവാര്യമാണെന്ന യാത്രക്കാര്‍ പറയുന്നു.
വൈകിട്ട് 05.20ന് ശേഷം രാത്രി 9.45ന് മാത്രമാണ് ഏറ്റുമാനൂര്‍, കുറുപ്പന്തറ, വൈക്കം, പിറവം, മുളന്തുരുത്തി സ്റ്റേഷനുകളില്‍ സ്റ്റോപ്പുള്ള അടുത്ത സര്‍വീസുള്ളത്. ഈ അവസ്ഥയ്ക്കും മാറ്റം വരുത്താന്‍ റെയില്‍വേ തയാറാകണം.