ചങ്ങനാശേരി: നീലംപേരൂരിനെ മാനസസരോവരമാക്കി അന്നങ്ങള്‍ എഴുന്നള്ളിയതോടെ നീലംപേരൂര്‍ പൂരം പടയണിക്ക് ആവേശകരമായ സമാപനം. ചേരമാന്‍ പെരുമാള്‍ കോവിലില്‍ പോയി അനുവാദം വാങ്ങിയ ശേഷമാണ് ചടങ്ങുകള്‍ തുടങ്ങിയത്. ഒരു വല്യന്നവും രണ്ട് ചെറിയ അന്നങ്ങളുമാണ് ഇത്തവണ പൂരത്തിന് എഴുന്നെള്ളിയത്.
ഇതോടൊപ്പം ദേവിയുടെ തിരുനടയില്‍ രണ്ടു ചെറിയ അന്നങ്ങളും ഭക്തര്‍ 75 ചെറിയ പുത്തന്‍ അന്നങ്ങളെയും കാഴ്ചവെച്ചു. ഇതോടൊപ്പം, ശ്രീനാരായണ ഗുരുദേവന്‍, പൊയ്യാന, സിംഹം, ഭീമസേനന്‍, നാഗയക്ഷി, രാവണന്‍, ഹനുമാന്‍, റോക്കറ്റേന്തിയ പി.വി സിന്ധു എന്നീ കോലങ്ങളും വല്യന്നങ്ങള്‍ക്കൊപ്പം പടയണി കളത്തില്‍ എഴുന്നെള്ളി.
അവിട്ടം നാളില്‍ ചൂട്ടു പടയണിയോടെ ആരംഭിച്ച പടയണി ചടങ്ങുകള്‍ പൂരം പടയണിയില്‍ വല്യന്നം എഴുന്നള്ളിയതോടെയാണു സമാപിച്ചത്. കല്യാണസൗഗന്ധികം തേടിപ്പോയ ഭീമസേനന്‍ ഗന്ധമാതനഗിരി പര്‍വ്വത താഴ്ചയില്‍ മാനസസരോവരത്തില്‍ എത്തുമ്പോള്‍ കാണുന്ന കാഴ്ചയാണ് പൂരം പടയണിയായി ആവിഷ്‌കരിച്ചത്.
ഗന്ധമാതനഗിരി പര്‍വ്വത താഴ്ചയില്‍ മാനസ സരോവരത്തില്‍ അരയന്നങ്ങള്‍ പറക്കുന്നത് ഭീമസേനന്‍ കണ്ടതിന്റെ ദൃശ്യാവിഷ്‌കാരമാണ് അന്നങ്ങളുടെ പൂരമായി നീലംപേരൂര്‍ പള്ളി ഭഗവതി ക്ഷേത്രത്തില്‍ പടയണിയുടെ ഭാഗമായി അവതരിപ്പിച്ചത്. വ്യത്യസ്തമായ അളവുകളിലുള്ള അന്നങ്ങളെയാണ് ഭക്തരുടെ നേര്‍ച്ചയായി ദേവിക്ക് സമര്‍പ്പിച്ചത്.
വല്യന്നം വന്നട തെയ്ത്തക തിന്തകം എന്ന താളത്തില്‍ ആല്‍ത്തറയില്‍ നിന്ന് ചൂട്ടുകറ്റകളുടെ പ്രഭയിലാണ് അന്നങ്ങള്‍ ദേവി തിരുനടയിലേക്ക് എഴുന്നള്ളിയത്. വലിയന്നങ്ങളും, ചെറിയന്നങ്ങളും, മറ്റു കോലങ്ങളും പടയണി കളത്തില്‍ എത്തിയതിന് ശേഷം സിംഹം എഴുന്നള്ളിയതോടെ ഈ വര്‍ഷത്തെ പടയണി ചടങ്ങുകള്‍ക്ക് സമാപനമായി.