തൃശൂര്‍: കണ്ണംകുഴിയില്‍ കാട്ടാന വനപാലകര്‍ സഞ്ചരിച്ച ജീപ്പ് കുത്തിമറിച്ചിട്ട് രണ്ട് വനപാലകര്‍ക്ക് പരിക്കേറ്റു. ചാര്‍പ്പ റേഞ്ചിലെ കണ്ണംകുഴി ഫോറസ്റ്റ് സ്റ്റേഷനിലെ ഡെപ്യൂട്ടി റേഞ്ച് ഓഫീസര്‍ കെ. റിയാസ്, വാച്ചര്‍ ഷാജു എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവര്‍ ചാലക്കുടി താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്.
അതിരപ്പിള്ളി കണ്ണംകുഴിക്ക് സമീപം വടാപ്പാറയില്‍ വച്ചാണ് സംഭവം. ആറ് വനപാലകരാണ് ജീപ്പിലുണ്ടായിരുന്നത്. ഉള്‍ക്കാട് പരിശോധനയുടെ ഭാഗമായി മൂന്ന് ദിവസമായി ഇവര്‍ വനത്തിനുള്ളിലായിരുന്നു. തിരികെ വരുന്ന വഴി കാട്ടാനജീപ്പിന്റെ മുന്‍ഭാഗത്ത് കുത്തി മറിച്ചിടുകയായിരുന്നു.
ഇതോടെ റിയാസും ഷാജുവും പുറത്തേക്ക് തെറിച്ചുവീഴുകയായിരുന്നു. ആന ഓടിയടുക്കുന്നത് കണ്ട് ജീപ്പിനകത്തുണ്ടായിരുന്നവര്‍ ഓടി രക്ഷപ്പെട്ടു. ഭീകരാന്തരീക്ഷം സൃഷ്ടിച്ച കാട്ടാന പിന്നീട് വനത്തിലേക്ക് കയറിപോയി.