വിളിച്ചപ്പോള്‍ അടുത്തേക്ക് വരാത്തതിന് വളര്‍ത്തുനായയെ മാരകമായി  വെട്ടിപ്പരുക്കേല്‍പ്പിച്ച് തെരുവില്‍ ഉപേക്ഷിച്ചു; ഉടമയ്‌ക്കെതിരേ കേസ്

മുതലക്കോടം സ്വദേശി ഇടശേരിയില്‍ ഷൈജു തോമസിനെതിരെയാണ് കേസെടുത്തത്.

New Update
24242

തൊടുപുഴ: വിളിച്ചപ്പോള്‍ അടുത്തേക്ക് വരാത്തതിന് വളര്‍ത്തുനായയുടെ ശരീരമാകെ വെട്ടിപ്പരുക്കേല്‍പ്പിച്ചശേഷം തെരുവില്‍ ഉപേക്ഷിച്ച ഉടമയ്‌ക്കെതിരേ പോലീസ് കേസെടുത്തു. മുതലക്കോടം സ്വദേശി ഇടശേരിയില്‍ ഷൈജു തോമസിനെതിരെയാണ് കേസെടുത്തത്. നായയുടെ നട്ടെല്ലിനോട് ചേര്‍ന്ന് അഞ്ച് മുറിവുകള്‍ക്ക് പുറമേ തലയിലും ആഴത്തില്‍ വെട്ടി പരുക്കേല്‍പ്പിച്ചിരുന്നു. 

Advertisment

ഞായറാഴ്ച വൈകുന്നേരമാണ് സംഭവം. മുതലക്കോടം ഭാഗത്ത് ശരീരമാസകലം മുറിവേറ്റ് ഒരു നായ കിടക്കുന്നുവെന്ന വിവരം നാട്ടുകാര്‍ ഇടുക്കി അനിമല്‍ റെസ്‌ക്യൂ ടീമീനെ അറിയിച്ചു. തുടര്‍ന്ന് റെസ്‌ക്യൂ ടീം അംഗങ്ങളായ കീര്‍ത്തിദാസ്, മഞ്ജു എന്നിവര്‍ സ്ഥലത്തെത്തി നായയെ കണ്ടെത്തി. 

തുടര്‍ന്ന് ഇവര്‍ നടത്തിയ അന്വേഷണത്തില്‍ നാട്ടുകാര്‍ വിവരം പറയുകയായിരുന്നു. ഉടമ നായയെ കൂടിനുള്ളില്‍ കയറ്റാന്‍ വിളിച്ചപ്പോള്‍ എത്താതിന്റെ ദേഷ്യത്തില്‍ ഇയാള്‍ കൈയില്‍ കരുതിയിരുന്ന കത്തി ഉപയോഗിച്ച് നായയെ വെട്ടി പരുക്കേല്‍പ്പിച്ചശേഷം റോഡില്‍ ഉപേക്ഷിക്കുകയായിരുന്നു. 

റെസ്‌ക്യൂ ടീം നായയെ രക്ഷിച്ച് ആശുപത്രിയിലെത്തിച്ച് അവശ്യമായ ചികിത്സ നല്‍കിയശേഷം അഭയകേന്ദ്രത്തിലേക്ക് മാറ്റി. നായയുടെ ശസ്ത്രക്രിയ അടക്കം പൂര്‍ത്തിയാക്കിയിട്ടുണ്ടെന്നും പൂര്‍ണ ആരോഗ്യവാനാകുന്ന മുറയ്ക്ക് നായയെ ദത്ത് എടുക്കാന്‍ താല്‍പ്പര്യമുള്ളവര്‍ക്ക് നല്‍കുമെന്നും റെസ്‌ക്യൂ ടീം അംഗങ്ങള്‍ പറഞ്ഞു.