ഓണ്‍ലൈന്‍ ട്രേഡിങ്ങിന്റെ മറവില്‍ ഇരിങ്ങാലക്കുട സ്വദേശിയില്‍നിന്ന് തട്ടിയത് ഒരു കോടി; യുവാവ് അറസ്റ്റില്‍

പട്ടാമ്പി കൊപ്പം ആമയൂര്‍ സ്വദേശി കൊട്ടിലില്‍ വീട്ടില്‍ മുഹമ്മദ് അബ്ദുല്‍ ഹക്കീമി(36)നെയാണ് ഇരിങ്ങാലക്കുട സൈബര്‍ പോലീസ് അറസ്റ്റ് ചെയ്തത്. 

New Update
42424

ഇരിങ്ങാലക്കുട: ഓണ്‍ലൈന്‍ ട്രേഡിങ്ങിന്റെ മറവില്‍ 1.06 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. പട്ടാമ്പി കൊപ്പം ആമയൂര്‍ സ്വദേശി കൊട്ടിലില്‍ വീട്ടില്‍ മുഹമ്മദ് അബ്ദുല്‍ ഹക്കീമി(36)നെയാണ് ഇരിങ്ങാലക്കുട സൈബര്‍ പോലീസ് അറസ്റ്റ് ചെയ്തത്. 

Advertisment

ഇരിങ്ങാലക്കുട കല്ലേറ്റുംകര സ്വദേശിയുടെ പരാതിയിലാണ് അറസ്റ്റ്. പരാതിക്കാരന്‍ ട്രേഡിങ്ങിനെക്കുറിച്ച് ഗൂഗിളില്‍ സെര്‍ച്ച് ചെയ്തിരുന്നു.  ഉയര്‍ന്ന ലാഭവിഹിതം തരുന്ന പരസ്യവും അതിന്റെ ലിങ്കും കണ്ട് അതില്‍ ക്ലിക്ക് ചെയ്തു. ഇതോടെ ഒരു വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമായി. ഇതുവഴി സ്റ്റോക് ട്രേഡിങ്ങില്‍ വന്‍ ലാഭം കിട്ടുമെന്ന് വിശ്വസിപ്പിച്ച് ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്യിപ്പിച്ചു. 

തുടര്‍ന്ന് ഒന്നരമാസംകൊണ്ട് പരാതിക്കാരന്റെ ബാങ്ക് അക്കൗണ്ടില്‍നിന്ന് പല തവണകളായി 1,06,75,000 രൂപ ഇന്‍വെസ്റ്റ്‌മെന്റ് ചെയ്യിപ്പിച്ചു. പണത്തിന്റെ ലാഭവിഹിതം പിന്‍വലിക്കാന്‍ ശ്രമിച്ചപ്പോള്‍ സര്‍വീസ് ചാര്‍ജ് ഇനത്തില്‍ വീണ്ടും പണം ആവശ്യപ്പെടുകയായിരുന്നു. നിക്ഷേപിച്ച പണം തിരികെ ലഭിക്കാതായപ്പോള്‍ തട്ടിപ്പാണെന്ന് മനസിലായി ഇരിങ്ങാലക്കുട സൈബര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. 

റൂറല്‍ ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാറിന്റെ നിര്‍ദേശാനുസരണം ഡി.സി.ആര്‍.ബി ഡിവൈ.എസ്.പി സുരേഷ്, സൈബര്‍ പോലീസ് സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ ഒ. വര്‍ഗീസ് അലക്സാണ്ടര്‍, സബ് ഇന്‍സ്പെക്ടര്‍മാരായ സൂരജ്, ബെന്നി, എ.എസ്.ഐ. ബിജു, എസ്.സി.പി.ഒമാരായ അനൂപ്, അജിത്ത്, സി.പി.ഒമാരായ അനീഷ്, സച്ചിന്‍, ശ്രീനാഥ്, സുധീപ് എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്ത സംഘത്തിലുണ്ടായിരുന്നത്.