തിരുവനന്തപുരം: വിദേശ രാജ്യങ്ങളില്‍ ജോലി വാഗ്ദാനം ചെയ്ത് പലരില്‍ നിന്നായി പണം തട്ടിയെടുത്ത കേസില്‍ ട്രാവല്‍ ഏജന്‍സി ഉടമകള്‍ പിടിയില്‍.
ശാസ്തമംഗലം ബ്രൂക്ക്പോര്‍ട്ട് ട്രാവല്‍ ആന്‍ഡ് ലോജിസ്റ്റിക്സ് എം.ഡി. ഡോള്‍ഫി ജോസഫൈന്‍, മകന്‍ രോഹിത് സജു എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഡോള്‍ഫിയുടെ ഭര്‍ത്താവ് സജു സൈമണ്‍ ഒളിവിലാണ്. സംഭവത്തില്‍ പോലീസ് കേസെടുത്തതോടെ പ്രതികള്‍ സ്ഥാപനം പൂട്ടി മുങ്ങുകയായിരുന്നു.
തിരുവനന്തപുരം, കോട്ടയം, കൊച്ചി, വയനാട് സ്വദേശികളാണ് തട്ടിപ്പിനിരയായവരില്‍ ഏറെയും. കാനഡ, യു.എസ്.എ, യു.കെ. എന്നിവിടങ്ങളില്‍ തൊഴില്‍ വിസ വാഗ്ദാനം ചെയ്തു പണം തട്ടിയെന്നാണു പരാതി. പ്രതികള്‍ക്കെതിരേ 21 പോലീസ് കേസുകളുണ്ടെന്നും നാല്‍പതോളം പേര്‍ തട്ടിപ്പിനിരയായെന്നും മ്യൂസിയം പോലീസ് അറിയിച്ചു.