തൃശൂര്‍: സഹപ്രവര്‍ത്തകനായ പോലീസുകാരന്‍ സ്റ്റേഷനില്‍ വച്ച് കുഴഞ്ഞുവീണിട്ടും നോക്കിനിന്ന സംഭവത്തില്‍ സ്റ്റേഷന്‍ ഹൗസ് ഓഫീസറായ പോലീസ് ഉദ്യോഗസ്ഥന് സ്ഥലംമാറ്റം.
തൃശൂര്‍ പാവറട്ടി പോലീസ് സ്റ്റേഷനിലെ എസ്.എച്ച്.ഒ. കെ.ജി. കൃഷ്ണകുമാറിനെയാണ് സ്ഥലംമാറ്റി കമ്മിഷണര്‍ ഉത്തരവിറക്കിയത്. പാവറട്ടി പോലീസ് സ്റ്റേഷനിലെ സി.പി.ഒ. ഷെഫീഖാണ് കുഴഞ്ഞുവീണത്. സംഭവത്തില്‍ സി.സി.ടിവി ക്യാമറയിലെ ദൃശ്യങ്ങള്‍ തൃശൂര്‍ സിറ്റി പോലീസ് കമ്മിഷണര്‍ നിരീക്ഷിച്ചു. തുടര്‍ന്നാണ് നടപടി. സംഭവത്തില്‍ കൃഷ്ണകുമാറില്‍ നിന്ന് കമ്മിഷണര്‍ വിശദീകരണം തേടി. മറുപടി ലഭിച്ചശേഷം വകുപ്പുതല നടപടികളിലേക്ക് കടക്കും.
തിങ്കളാഴ്ച ഉച്ചയ്ക്ക് ഒന്നിന് ഷെഫീഖിനെ കൃഷ്ണകുമാര്‍ തന്റെ ക്യാബിനിലേക്ക് വിളിച്ചുവരുത്തിയശേഷമാണ് സംഭവം. ഇരുവരും സംസാരിക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യമുണ്ടായി ഷെഫീഖ് കുഴഞ്ഞുവീഴുകയായിരുന്നു. എന്നാല്‍, കൃഷ്ണകുമാര്‍ തിരിഞ്ഞുനോക്കിയില്ല. തുടര്‍ന്ന് മറ്റു സഹപ്രവര്‍ത്തകരെത്തി ഷെഫീഖിനെ പുറത്തേക്കെടുത്തു കൊണ്ടു പോകുകയായിരുന്നു.