തിരുവനന്തപുരം: മുതിര്‍ന്ന നേതാവായ ഇ.പി. ജയരാജനെയും പി.വി. അന്‍വര്‍ എം.എല്‍.എയെയും കൈവിട്ടിട്ടും എ.ഡി.ജി.പി. എം.ആര്‍. അജിത്ത് കുമാറിന് സുരക്ഷാ കവചമൊരുക്കുന്ന പിണറായി വിജയന്‍ ഇനിയും മുഖ്യമന്ത്രിയായി തുടരുന്നത് അപഹാസ്യമാണെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി പറഞ്ഞു.
തൃശൂര്‍ പൂരം കലക്കാന്‍ സംഘ്പരിവാറിന് എല്ലാ സൗകര്യവും ചെയ്ത് കൊടുത്തത് എ.ഡി.ജി.പിയാണെന്ന് സ്ഥിരീകരിക്കുന്ന തെളിവുകള്‍ പുറത്തു വന്നു കഴിഞ്ഞു. നേരത്തെ ആര്‍.എസ്.എസ്. നേതാക്കളുമായി നടത്തിയ രഹസ്യ ചര്‍ച്ചയുടെ ഭാഗമായാണ് എ.ഡി.ജി.പി. ഇത് ചെയ്തിട്ടുള്ളത്. ഇതെല്ലാം മുഖ്യമന്ത്രിയുടെ അറിവോടെയല്ല നടന്നതെങ്കില്‍ എന്ത് കൊണ്ടാണ് അദ്ദേഹത്തിനെതിരില്‍ നടപടി സ്വീകരിക്കാത്തത്? മുഖ്യമന്ത്രിക്ക് എന്തൊക്കെയോ ഒളിപ്പിക്കാനുണ്ട്. അജിത്ത് കുമാറിനെ തൊടാന്‍ മുഖ്യമന്ത്രി ഭയക്കുന്നത് അത് കൊണ്ടാണ്.
എല്‍.ഡി.എഫിലെ പ്രധാന ഘടകകക്ഷിയായ സി.പി.ഐ. ആവശ്യപ്പെട്ടിട്ട് പോലും തന്റെ നിലപാട് മാറ്റാന്‍ മുഖ്യമന്ത്രി തയ്യാറാകുന്നില്ല. പിണറായി വിജയനെതിരെ ചോദ്യം ഉയര്‍ത്താനോ അദ്ദേഹത്തെ തിരുത്താനോ ഉള്ള കരുത്ത് സി.പി.എം. നേതൃത്വത്തിന് നഷ്ടപ്പെട്ടത് കൊണ്ടാണ് ആര്‍.എസ്.എസ. ബന്ധമുള്ള ഉദ്യോഗസ്ഥന്‍ ഇപ്പോഴും ക്രമസമാധാന ചുമതലയില്‍ തുടരുന്നത്.
ആര്‍.എസ്.എസ്-മാഫിയാ ബന്ധമുള്ള ഉന്നത പോലീസ് ഉദ്യോഗസ്ഥന്‍ എന്ത് തരം ക്രമസമാധാന പാലനമായിരിക്കും നടത്തുകയെന്ന കാര്യം ജനങ്ങള്‍ ചിന്തിക്കേണ്ടിയിരിക്കുന്നു. ആര്‍.എസ്.എസ്. നിയന്ത്രണത്തിലേക്ക് കേരളത്തിലെ പോലീസ് സംവിധാനത്തെ എത്തിക്കുന്നതിന് കാരണക്കാരനായ പിണറായി വിജയന്‍ എത്രയും വേഗം മുഖ്യമന്ത്രി സ്ഥാനം രാജി വച്ചൊഴിയണമെന്നും അതിന് തയ്യാറായില്ലെങ്കില്‍ ശക്തമായ ജനകീയ പ്രക്ഷോഭത്തെ നേരിടേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.