കോട്ടയം: ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ നാട്ടില്‍ പെരുകുമ്പോള്‍ നമ്മുടെ സ്വകാര്യ വിവരങ്ങളും ചോരുന്നു...? ഒരു വ്യക്തിയെക്കുറിച്ച് കൃത്യമായ ധാരണയുണ്ടാക്കിയ ശേഷമാകും ഇത്തരക്കാര്‍ തട്ടിപ്പ് ആരംഭിക്കുക. അതു സൈബര്‍ അസ്റ്റാകും.. ഒ.ടി.പി. തട്ടിപ്പാകാം.. എന്നാല്‍, തട്ടിപ്പുകാര്‍ക്ക് നമ്മുടെ സ്വകാര്യ വിവരങ്ങള്‍ എങ്ങനെ ലഭിക്കുന്നു എന്നതു സംബന്ധിച്ച് വ്യക്തമായ മറുപടി അധികൃതര്‍ പറയാറില്ല.
ഒട്ടുമിക്ക മാളുകളിലും ഷോപ്പുകളിലും റസ്റ്റോറന്റുകളിലും പണം നല്‍കുമ്പോള്‍ നമ്മുടെ ഫോണ്‍ നമ്പര്‍ ചോദിക്കാറുണ്ട്. കൗണ്ടറില്‍ നില്‍ക്കുന്ന ആള്‍ ബില്‍ നല്‍കുന്നതിനൊപ്പം നമ്മുടെ ഫോണ്‍ നമ്പരും ചോദിക്കുന്നു. ഒരു ബുദ്ധിമുട്ടും കൂടാതെ നമ്മള്‍ അത് പറഞ്ഞുകൊടുക്കുകയും ചെയ്യുന്നു.
എന്തിനാണ് ഇങ്ങനെ ഫോണ്‍ നമ്പര്‍ വാങ്ങുന്നതെന്ന് നമ്മള്‍ ചോദിക്കാറില്ല. ഇനി ചോദിച്ചാലും വ്യക്തമായ ഉത്തരം നല്‍കാന്‍ ജീവനക്കാര്‍ക്ക് കഴിയണമെന്നില്ല. മുകളില്‍ നിന്നുള്ള ഉത്തരവ് നടപ്പാക്കുന്നു എന്നുമാത്രം. ഷോപ്പിംഗ് മാളുകളും മറ്റും അവരുടെ ഡാറ്റാ ബേസ് നിര്‍മ്മിക്കുന്നതിനാണ് ഇങ്ങനെ ഉപഭോക്താക്കളുടെ ഫോണ്‍നമ്പര്‍ ശേഖരിക്കുന്നത്.
ചിലരാവട്ടെ നമ്മുടെ വാട്സ്ആപ്പിലേക്കു പിന്നീട് ഇവരുടെ ഉല്‍പ്പന്നങ്ങളുടെ പരസ്യങ്ങളും മറ്റും അയച്ചു നല്‍കുക പതിവാണ്. പക്ഷേ, ഇത്തരത്തില്‍ നമ്മള്‍ നല്‍കുന്ന ഫോണ്‍ നമ്പരിലൂടെ സ്വകാര്യ വിവരങ്ങള്‍ പോലും ചോര്‍ത്തപ്പെടാന്‍ സാധ്യത ഏറെയാണ്.
ഫോണ്‍നമ്പര്‍ ചോദിക്കുമ്പോള്‍ മിക്കവരും നല്‍കുന്നത് ബാങ്കുമായോ, യു.പി.ഐ. അക്കൗണ്ടുമായി ലിങ്കുചെയ്ത ഫോണ്‍ നമ്പരാകാം. ഇതാണ് ഏറെ പ്രശ്നം. നമ്മള്‍ നല്‍കുന്ന നമ്പരുകള്‍ മൂന്നാമതൊരാള്‍ക്ക് കിട്ടില്ലെന്ന് ഒരു ഉറപ്പുമില്ല. ഇത്തരം സ്ഥാപനങ്ങളില്‍ നിന്ന് എളുപ്പത്തില്‍ ഫോണ്‍ നമ്പരുകള്‍ തട്ടിപ്പുകാര്‍ക്ക് കൈക്കലാക്കാന്‍ കഴിയും.
ഈ നമ്പര്‍ ഉപയോഗിച്ചു ശേഖരിക്കുന്ന വിവരങ്ങള്‍ വച്ച് കള്ളപ്പണ ഇപാടില്‍ നിങ്ങള്‍ പെട്ടിട്ടുണ്ടെന്നോ. അല്ലെങ്കില്‍ നിങ്ങളുടെ മകനെ ലഹരികേസില്‍ പിടിക്കപ്പെട്ടിട്ടുണ്ടെന്നുമെല്ലാം പറഞ്ഞു ഭീഷണിപ്പെടുത്തി പണം തട്ടാന്‍ സാധ്യതകളേറെയാണ്.
സി.ബി.ഐ. ഉദ്യോഗസ്ഥന്‍ ചമഞ്ഞു കാഞ്ഞിരപ്പള്ളി വീട്ടമ്മയെ കബളിപ്പിച്ചു തട്ടിയെടുത്തത് 1.86 കോടി രൂപയായിരുന്നു. വയോധികയായ വീട്ടമ്മയെ വിളിക്കുകയും കുടുംബാംഗങ്ങളുടെ പേരു വിവരങ്ങള്‍ എല്ലാം പറഞ്ഞശേഷമാണ് സംഘം തട്ടിപ്പു നടത്തിയതെന്നതും ശ്രദ്ധേയമാണ്.