തിരുവനന്തപുരം: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിലെ എം. സ്വരാജിന്റെ തോല്‍വിയില്‍ പ്രഹരമേറ്റ് ഇടത് അനുകൂല സാഹിത്യ-സിനിമാ പ്രവര്‍ത്തകര്‍. പ്രചാരണകാലത്ത് സാംസ്ക്കാരിക നായകര്‍ എന്ന ലേബലില്‍ മണ്ഡലത്തില്‍ സ്വരാജിന് വേണ്ടി വോട്ട് അഭ്യര്‍ത്ഥിച്ച് വമ്പന്‍ കോലാഹലമാണ് ഇവരുണ്ടാക്കിയത്.
പുരോഗമന കലാ സാഹിത്യസംഘമെന്ന ഇടത് അനുകൂല ബുദ്ധിജീവി പരിവേഷകരായ ചില എഴുത്തുകാരും സിനിമാ പ്രവര്‍ത്തകരും സ്വരാജിനെ വലിയ രീതിയില്‍ പുകഴ്ത്തിയാണ് വോട്ട് അഭ്യര്‍ത്ഥിച്ചത്.
ദൈനംദിന ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാന്‍ വേതന വര്‍ദ്ധനവ് ആവശ്യപ്പെട്ട് ആശാ വര്‍ക്കറുമാര്‍ നടത്തിയ സമരത്തെ പിന്തുണയ്ക്കാനോ, ഇടത് തെതാഴിലാളി സംഘടനയായ സി.ഐ.ടി.യുവിന്റെ സംസ്ഥാന നേതാക്കള്‍ സമരത്തെ അധിക്ഷേപിച്ചപ്പോഴോ പ്രതികരിക്കാതിരുന്ന ഇവരാണ് ഉപതെരഞ്ഞെടുപ്പില്‍ സ്വരാജിന് വോട്ട് അഭ്യര്‍ത്ഥിച്ച് നിരത്തിലിറങ്ങിയത്.
സമൂഹത്തിലെ വിവിധ ശ്രേണിയിലുള്ള ജനങ്ങള്‍ നടത്തുന്ന സമരങ്ങള്‍ക്ക് നേരെ കണ്ണടച്ച് ഇരുട്ടാക്കുന്നവരാണ് അധികാരത്തിന്റെ പങ്ക് പറ്റാന്‍ സ്വരാജിന് വോട്ട് അഭ്യര്‍ത്ഥിച്ച് ഇറങ്ങുന്നതെന്നായിരുന്നു പൊതുസമൂഹത്തിലും സാമൂഹ്യമാധ്യമങ്ങളിലും ഒരു പോലെ ഉയര്‍ന്ന വിമര്‍ശനം.
നൂറിലധികം പേരാണ് സാംസ്ക്കാരിക നായക കുപ്പായമിട്ട് ഇടത് സ്ഥാഖനാര്ത്ഥിയെ വെള്ളപൂശാനിറങ്ങിയത്. ഇടത്പക്ഷ സര്‍ക്കാരിന്റെ ഭരണവൈകല്യങ്ങളെ വിമര്‍ശിക്കാനോ തിരുത്താനോ തയ്യാറാകാത്ത അഭിനവ സാംസ്ക്കാരിക നായകര്‍ സി.പി.എമ്മിന്റെ കുഴലൂത്തുകാരായി മാറിയെന്ന വിമര്‍ശനമാണ് അന്ന് യു.ഡി.എഫ്. ഉന്നയിച്ചത്.
ഇവരുടെ പ്രചാരണം കൊണ്ട് സ്വരാജ് മണ്ഡലത്തില്‍ ജയിച്ചു കയറുമെന്നായിരുന്നു പാര്‍ട്ടി വിലയിരുത്തല്‍. പരന്ന വായനയും അഗാധ പാണ്ഡിത്യവുമുള്ള സ്വരാജിനെ വിജയിപ്പിക്കണമെന്ന മട്ടില്‍ എനിക്ക് വോട്ടുണ്ടെങ്കില്‍ ഞാന്‍ സ്വരാജിന് നല്കിയേനെയെന്ന മുദ്രാവാക്യമുയര്‍ത്തിയായിരുന്നു വോട്ടുപിടുത്തം.
സ്വന്തം സമുദായത്തിലെ അനാചാരങ്ങള്‍ക്കെതിരെ സിനിമയെടുത്ത ആര്യാടന് ഷൗക്കത്തിനെ അപഹസിച്ചും അദ്ദേഹത്തിന്റെ സാഹിത്യ-കലാ പ്രവര്‍ത്തനങ്ങളെ ഇകഴ്ത്തിയും ഇവര്‍ നടത്തിയ പ്രചാരണം എങ്ങുമെത്തിയില്ല. മണ്ഡലത്തിലെ രാഷ്ട്രീയ പ്രബുദ്ധതയുള്ള ജനങ്ങള്‍ ഇവരെ നിഷ്ക്കരുണം തള്ളിയതോടെ സ്വരാജ് ദയനീയമായി പരാജയപ്പെടുകയും ചെയ്തു.
സാമൂഹ്യ മാധ്യമങ്ങളില്‍ ഇവര്‍ക്കെതിരെ വിമര്‍ശനവും പരിഹാസവും നിറയുകയാണ്. 'കാട്ടാന വന്നു, ജനം ക്ഷമിച്ചു. കാട്ടുപന്നി വന്നു, ജനം ക്ഷമിച്ചു. കടുവ വന്നു, ജനം ക്ഷമിച്ചു. കാട്ടുപോത്ത് വന്നു, ജനം ക്ഷമിച്ചു. എഴുത്തുകാര്‍ വന്നു, ജനം പ്രതികരിച്ചു' എന്ന് തികഞ്ഞ പരിഹാസത്തോടെ നടനും കലാ പ്രവര്‍ത്തകനുമായ ജോയ് മാത്യുവിന്റെ ഫെയ്സ്ബുക്ക് കുറിപ്പ് വ്യാപകമായി ഷെയര്‍ ചെയ്യപ്പെടുകയാണ്.