/sathyam/media/media_files/2025/04/21/A6C3x82MBtW9TIiHd0Am.jpg)
തിരുവനന്തപുരം: നടി വിന്‍സി അലോഷ്യസ് ഒരു നടനെതിരെ ഫിലിം ചേംബറിന് നല്‍കിയ പരാതിയുമായി ബന്ധപ്പെട്ട് നടത്തിയ വിവാദ പ്രതികരണത്തിലൂടെ വെട്ടിലായിരിക്കുകയാണ് നടി മാലാ പാര്‍വ്വതി. പ്രസ്താവനയില്‍ ന്യായീകരണം നടത്താന്‍ പാടു പെടുകയാണിപ്പോള്‍ മാലാ പാര്‍വ്വതി.
സിനിമ രംഗത്ത് ഒരു കളിതമാശ പോലും മനസിലാകാത്തവരാണ് പലരും എന്നതായിരുന്നു നടിയുടെ വിവാദ പ്രസ്താവനയുടെ തുടക്കം. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ തുടര്‍ന്ന് നടിയുടെ വാക്കുകള്‍ ഇങ്ങനെയായിരുന്നു.
''ബ്ലൗസൊന്ന് ശരിയാക്കണം, ഞാനങ്ങോട്ട് വരട്ടേയെന്ന് ചോദിച്ചു കഴിഞ്ഞാല്‍ ഭയങ്കര സ്ട്രെസ്സായിപ്പോയി, എല്ലാമങ്ങ് തകര്‍ന്നുപോയി. പോടാ എന്ന് പറഞ്ഞാല്‍ പോരേ. പോടാ എന്ന് പറഞ്ഞാല്‍ കഴിയുന്ന കാര്യമല്ലേ. അതൊക്കെ മനസില്‍ കൊണ്ടുനടക്കേണ്ട കാര്യമുണ്ടോ? അങ്ങനെയാണെങ്കില്‍ സ്ത്രീകള്‍ക്ക് ഒരിക്കലും ഈ മേഖലയിലൊന്നും നിലനില്‍ക്കാനേ പറ്റില്ല..''- ഇതായിരുന്നു മാലാ പാര്‍വ്വതിയുടെ വാക്കുകള്‍.
നടി വിന്‍സി അലോഷ്യസിന്റെ സിനിമ മേഖലയിലെ മോശം അനുഭവങ്ങളെ കുറിച്ചുള്ള പരാതിയും തുറന്നു പറച്ചിലും സാമൂഹ്യ- സാംസ്‌കാരിക-സിനിമ രംഗത്ത് വന്‍ ചര്‍ച്ചയാകുന്നതിനിടെ വന്ന ഈ പരാമര്‍ശങ്ങള്‍ മാലാ പാര്‍വ്വതിക്കെതിരെ കടുത്ത എതിര്‍പ്പിനും വിമര്‍ശനത്തിനുമാണ് വഴി തുറന്നത്. നടി രഞ്ജിനിയും ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയും അടക്കമുള്ളവര്‍ പരസ്യമായി പ്രതിഷേധിച്ചു കൊണ്ട് രംഗത്തെത്തി.
സൈക്കോളജിസ്റ്റും അഭിഭാഷകയുമായ മാലാ പാര്‍വ്വതി കുറ്റവാളികളെ പിന്തുണയ്ക്കുന്നുവെന്നും അവസരവാദിയാണെന്ന് മനസിലായെന്നുമായിരുന്നു രഞ്ജിനിയുടെ പ്രതികരണം. ഇക്കാര്യത്തില്‍ താന്‍ വളരെ ദുഃഖിതയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. സിനിമാ മേഖലയിലെ സൗഹൃദങ്ങള്‍ തകരാതിരിക്കാനാകാം മാല പാര്‍വതിയുടെ പരാമര്‍ശമെന്നാണ് ഭാഗ്യലക്ഷ്മി പ്രതികരിച്ചത്.
ഇതിനു പുറമേ നിരവധി പേര്‍ സാമൂഹ്യ മാധ്യമങ്ങളിലടക്കം നടിക്കെതിരെ എതിര്‍പ്പുമായി രംഗത്തെത്തുകയും ചെയ്തു. അതേസമയം തന്നെ പറഞ്ഞ കാര്യങ്ങളിലെ തെറ്റുകള്‍ ഏറ്റു പറഞ്ഞ് നടി രംഗത്ത് വരികയും ചെയ്തിരുന്നു.
നേരത്തെ നടി ആക്രമിക്കപ്പെട്ട സംഭവത്തിലും മാലാ പാര്‍വ്വതിയുടെ ചില നിലപാടുകള്‍ വിമര്‍ശനങ്ങള്‍ക്കിടയാക്കിയിരുന്നു. ഏറെ കോളിളക്കം സൃഷ്ടിച്ച സംഭവത്തിനു ശേഷമാണ് മലയാള സിനിമയില്‍ സ്ത്രീകള്‍ നേരിടുന്ന അതിക്രമങ്ങള്‍ വന്‍ ചര്‍ച്ചയാവുകയും ഡബ്ല്യുസിസി രൂപീകരണം, ഹേമ കമ്മിറ്റി തുടങ്ങിയവ ഉണ്ടാവുകയും ചെയ്തത് ഇതോടെയാണ്.
ഹേമ കമ്മിറ്റിയുടെ ഭാഗമായുള്ള ചില മൊഴികളും ആരോപണങ്ങളും ഇനിയും കെട്ടടങ്ങിയിട്ടില്ല. പ്രമുഖരായ ചില നടന്മാര്‍ പ്രതിക്കൂട്ടിലാകുന്ന കാഴ്ചയാണ് പിന്നീട് കേരളം കണ്ടത്. ഈ രീതിയില്‍ ഒരു പരിധി വരെ സിനിമ രംഗത്തെ സ്ത്രീകളോടുള്ള ചൂഷണങ്ങള്‍ക്കതിരെ പൊതുബോധമുയരുകയും നടപടികള്‍ ഉണ്ടാവുന്നതിനിടയിലുമാണ് മാലാ പാര്‍വ്വതിയുടെ വിവാദ പ്രസ്താവന വന്നത്. ഇത് വനിതാ ചലച്ചിത്ര പ്രവര്‍ത്തകര്‍ ഉയര്‍ത്തുന്ന പൊതുവായ വിഷയങ്ങളെ നിസാരവല്‍ക്കരിക്കുന്നതിനാണ് വഴിവച്ചത് എന്നാണ് പൊതുവായ വിമര്‍ശനം.