തിരുവനന്തപുരം: ആറാം ക്ലാസ് വിദ്യാര്‍ത്ഥിയെ പീഡിപ്പിച്ച ചിത്രകലാ അധ്യാപകന് 12 വര്‍ഷം കഠിന തടവും 20,000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. പാങ്ങപ്പാറ്റ സ്വദേശിയായ രാജേന്ദ്രനെ(65)യാണ് തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി ജഡ്ജി ആര്‍. രേഖ ശിക്ഷിച്ചത്.
പിഴയീടാക്കുന്ന തുക കുട്ടിക്ക് നല്‍കണമെന്നും പിഴ അടച്ചില്ലെങ്കില്‍ നാല് മാസം അധിക തടവ് അനുഭവിക്കണം. 2023 മേയ് മുതല്‍ ജൂണ്‍ 25 വരെയാണ് കുട്ടിയുടെ അയല്‍വാസി കൂടിയായ പ്രതി ചിത്രകല പഠിപ്പിക്കാന്‍ കുട്ടിയുടെ വീട്ടില്‍ വന്നത്.
ജൂണ്‍ 25ന് മനുഷ്യ ശരീരം വരയ്ക്കാന്‍ പഠിപ്പിക്കാമെന്ന് പറഞ്ഞ് രാജേന്ദ്രന്‍ കുട്ടിയുടെ സ്വകാര്യ ഭാഗത്ത് തൊട്ട് വരച്ചു കാണിക്കുകയായിരുന്നു. പലതവണ പീഡനം നടത്തിയെങ്കിലും കുട്ടി പേടി കാരണം പുറത്ത് പറഞ്ഞിരുന്നില്ല. പിന്നീട് പെണ്‍കുട്ടി മാതാവിനോട് പറയുകയും
ശ്രീകാര്യം പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ആര്‍.എസ്. വിജയ് മോഹന്‍, അഡ്വ. അതിയന്നൂര്‍ ആര്‍.വൈ. അഖിലേഷ് എന്നിവര്‍ ഹാജരായി. കേസില്‍ 13 സാക്ഷികളെയാണ് വിസ്തരിച്ചത്. 18 രേഖകളും ഹാജരാക്കി. ശ്രീകാര്യം പോലീസ് സ്റ്റേഷന്‍ സബ് ഇന്‍സ്‌പെക്ടര്‍ വി.കെ. ശശികുമാര്‍, ആശ ചന്ദ്രന്‍ എന്നിവരാണ് കേസ് അന്വേക്ഷിച്ചത്.