കോട്ടയം: അംഗബലമില്ലാതെ കെ.എസ്.ഇ.ബി, വീണ്ടും കാലവര്‍ഷം ശക്തമാകുമ്പോള്‍ ആശങ്കള്‍ ഏറെയാണ്. കാലവര്‍ഷക്കെടുതിയില്‍ കെഎസ്ഇബിക്ക് ഉണ്ടായത് 121 കോടി രൂപയുടെ നഷ്ടമാണ്. വീണ്ടും മഴ ശക്തമാകുന്നത് കെ.എസ്.ഇ.ബിയില്‍ ആശങ്ക സൃഷ്ടിക്കുകയാണ്.
അതേസമയം, കെ.എസ്.ഇ.ബിയില്‍ ആവശ്യത്തിന് ജീവനക്കാരില്ലാത്ത അവസ്ഥയുണ്ട്. ഇതോടെ ഉള്ള ജീവനക്കാര്‍ രാപ്പകല്‍ ഇല്ലാതെ ജോലിയെടുക്കേണ്ട അവസ്ഥയിലാണ്. വൈദ്യുതി മോഷണ കേസുകളും കണ്ടു പിടിക്കാന്‍ പോലും ജീവനക്കാരില്ല.
കെഎസ്ഇബിയിലെ ആന്റി പവര്‍ തെഫ്റ്റ് സ്‌ക്വാഡ്, 2024-25 സാമ്പത്തികവര്‍ഷം കണ്ടെത്തിയത് 288 വൈദ്യുതി മോഷണ കേസുകളാണ്. അനധികൃത ലോഡ്, അനധികൃത എക്സ്റ്റെന്‍ഷന്‍, താരിഫ് ദുരുപയോഗം തുടങ്ങിയവയും ഉള്‍പ്പെടെ 4252 ക്രമക്കേടാണ് കണ്ടെത്തിയത്.
എന്നാല്‍, വൈദ്യുതി ഉപയോഗിച്ച് പന്നിക്കെണി ഒരുക്കുന്നുമൊക്കെ തടയാന്‍ കെ.എസ്.ഇ.ബിക്കാവുന്നില്ല. നിലവില്‍ മൂവായിരത്തിലധികം പേരുടെ കുറവുള്ളതായാണ് വിവരം.
ഇലക്ട്രിസിറ്റി വര്‍ക്കര്‍/മസ്ദൂര്‍ തസ്തികയുടെ സ്‌പെഷല്‍ റൂള്‍ വൈകുന്നതിനാല്‍ താത്കാലികക്കാരെ നിയമിക്കാനാണ് കെ.എസ്.ഇ.ബിയുടെ നീക്കം. സെക്ഷന്‍ ഓഫീസുകളില്‍ ജോലി ചെയ്യാന്‍ ആളില്ലാതായതോടെ എംപ്ലോയ്മെന്റ് എക്സ്‌ചേഞ്ച് വഴിയും കരാറടിസ്ഥാനത്തിലും നിയമിക്കും.
പത്താംക്ലാസ് ജയവും ഇലക്ട്രിഷ്യന്‍/വയര്‍മാന്‍ ട്രേഡില്‍ ഐ.ടി.ഐ സര്‍ട്ടിഫിക്കറ്റുമാണ് യോഗ്യത. പോസ്റ്റില്‍ കയറാന്‍ അറിയണം. 179 ദിവസത്തേക്കാകും നിയമനം. സ്ത്രീകള്‍ക്ക് അപേക്ഷിക്കാനാകില്ല. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ജില്ലാതലത്തില്‍ 15 ദിവസത്തെ പരിശീലനം നല്‍കും. പൊതുമാര്‍ഗ നിര്‍ദ്ദേശങ്ങളും നിബന്ധനകളും തയ്യാറാക്കി ബോര്‍ഡ് അധികൃതര്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളെ അറിയിക്കും.
പത്താം ക്ലാസ് വിജയിക്കാത്തവര്‍ക്ക് ഓവര്‍സിയര്‍ തസ്തികയില്‍ വരെ എത്താന്‍ കഴിയുമായിരുന്നതാണ് ഈ തസ്തിക. എന്നാല്‍, വര്‍ഷങ്ങളായി ഈ തസ്തികയിലേക്കു നിയമനം നടക്കുന്നില്ല. സാങ്കേതിക യോഗ്യതകളില്ലാതെ വര്‍ക്കര്‍മാരായി ജോലിയില്‍ പ്രവേശിക്കുന്നവര്‍ പ്രൊമോഷനിലൂടെ ഓവര്‍സിയര്‍ തസ്തികയില്‍ എത്തുന്നത് സംബന്ധിച്ചുണ്ടായ പരാതികള്‍ കോടതിയിലെത്തിയതോടെ യോഗ്യതയില്‍ കേന്ദ്ര വൈദ്യുതി അതോറിറ്റി മാറ്റം വരുത്തിയിരുന്നു.
പത്താം ക്ലാസ് ജയവും രണ്ടുവര്‍ഷത്തെ ഐ.ടി.ഐ. സര്‍ട്ടിഫിക്കറ്റും നിര്‍ബന്ധമാക്കി. എന്നാല്‍, സ്പെഷല്‍ റൂള്‍ തയാറാക്കി അംഗീകാരം നേടാന്‍ കെ.എസ്.ഇ.ബി തയ്യാറാകാത്തതിനാലാണ് പി.എസ്.സിക്ക് വിജ്ഞാപനമിറക്കാന്‍ കഴിയാത്തതെ വരുന്നതെന്ന് ഉദ്യോഗാര്‍ഥികള്‍ പറയുന്നു.