കോട്ടയം: പി.വി. അന്‍വര്‍ എം.എല്‍.എയുടെ പ്രതിഷേധങ്ങളില്‍ മലയോര ജനത നേരിടുന്ന യഥാര്‍ഥ പ്രശ്നങ്ങളില്‍ നിന്നു ശ്രദ്ധ തിരിഞ്ഞു പോകുന്നു?
വീണ്ടുമൊരു അന്‍വര്‍-സര്‍ക്കാര്‍ പോരിനു കളമൊരുങ്ങുമ്പോള്‍ മലയോര ജനത ഉന്നയിക്കുന്ന പ്രശ്നങ്ങളില്‍ നിന്ന് വിഷയം വഴുതിമാറുമോ എന്ന ആശങ്കയാണു ജനങ്ങള്‍ക്കുള്ളത്. വന്യമൃഗ ആക്രമണം മുതല്‍ വന നിയമഭേദഗതി വരെ മലയോര ജനത അനുഭവിക്കുന്ന ദുരിതങ്ങളും ആശങ്കകളും ഏറെയാണ്.
തുടര്‍ച്ചായായി കാട്ടാനയിറങ്ങി ദുരന്തം വിതയ്ക്കുന്നു. കഴിഞ്ഞ 60 ദിവസത്തിനുള്ളില്‍ അര ഡസനോളം പേര്‍ക്കാണു വന്യമൃഗ ആക്രമണങ്ങളില്‍ ജീവന്‍ നഷ്ടമായത്. അതില്‍ ഒടുവിലത്തേതായിരുന്നു നിലമ്പൂരില്‍ ആദിവാസി യുവാവിനെ കാട്ടാന ചവിട്ടിക്കൊന്നത്.
വിഷയത്തില്‍ ഇടപെട്ട പി.വി. അന്‍വര്‍ എം.എല്‍.എയുടെ ഡി.എം.കെ. പാര്‍ട്ടി ഫോറസ്റ്റ് ഓഫീസിലേക്ക് മാര്‍ച്ചു നടത്തുകയും ഓഫീസ് അടിച്ചു തകര്‍ക്കുകയായിരുന്നു. പിന്നീട് ഇത് സര്‍ക്കാര്‍-അന്‍വര്‍ രാഷ്ട്രീയ പോരിലേക്കു മാറുകയായിരുന്നു. അപ്പോഴും ജനങ്ങള്‍ അനുഭവിക്കുന്ന പ്രശ്നങ്ങള്‍ക്കു പരിഹാരമാകാതെ നില്‍ക്കുകയാണ്.
വന നിയമഭേദഗതിയില്‍ ഉള്‍പ്പടെ ജനങ്ങളും കര്‍ഷക സംഘടനകളും ഉന്നയിക്കുന്ന വിഷയങ്ങള്‍ ഏറെയാണ്. ജനങ്ങളുടെ പ്രതിഷേധം കണക്കിലെടുത്ത് ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ക്ക് അമിതാധികാരം നല്‍കുന്ന വ്യവസ്ഥ പിന്‍വലിക്കുമെന്നു വനംവകുപ്പ് അറിയിച്ചെങ്കിലും വനംവകുപ്പിന്റെ അടുത്ത നീക്കത്തെ ജനങ്ങള്‍ ജാഗ്രതയോടെയാണു നോക്കിക്കാണുന്നത്.
ഉയര്‍ന്ന പിഴത്തുകയടക്കം ഉള്‍പ്പെടുത്തുന്നതില്‍ പിന്നോട്ടില്ലെന്നാണു വനം വകുപ്പിന്റെ നിലപാട്. വലിയ പ്രതിഷേധം ഉയര്‍ന്നതിനെത്തുടര്‍ന്നു പൊതുജനാഭിപ്രായം കൂടി പരിഗണിച്ച് തിരുത്തല്‍ വരുത്തി ബില്ല് അവതരിപ്പിക്കുമെന്നായിരുന്നു വനംമന്ത്രി പറഞ്ഞിരുന്നത്.
ഡിസംബര്‍ 31ന് അഭിപ്രായങ്ങള്‍ സമര്‍പ്പിക്കാനുള്ള കാലാവധി അവസാനിച്ചിരുന്നു. നൂറിലധികം പരാതികളാണ് ലഭിച്ചിട്ടുള്ളത്. പരാതികളുടെ ഉള്ളടക്കം പരിശോധിച്ചു ക്രോഡീകരിക്കുകയാണ് വനം വകുപ്പ്. എന്നാല്‍, ബില്ലില്‍ ഒരു വ്യവസ്ഥയില്‍ മാത്രം തിരുത്തല്‍ വരുത്താനാണ് നിലവിലെ ആലോചന.
വാറന്റില്ലാതെ അറസ്റ്റ് ചെയ്യാനുള്ള അധികാരം വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നല്‍കുന്ന വ്യവസ്ഥയാണ് വലിയ പ്രതിഷേധത്തിന് കാരണമാക്കിയത്. ഇത് പിന്‍വലിക്കും. എന്നാല്‍, ഉയര്‍ന്ന പിഴത്തുകള്‍ അടക്കം ഏര്‍പ്പെടുത്തുന്ന വ്യവസ്ഥകളില്‍ തിരുത്തുണ്ടാകില്ല. വനാതിര്‍ത്തിയോട് ചേര്‍ന്ന് താമസിക്കുന്ന കര്‍ഷകരുടെ ജീവിതം വനവുമായി ബന്ധപ്പെട്ടതാണ്.
വനത്തില്‍ പ്രവേശിക്കുന്നതിനും വനവിഭങ്ങള്‍ ശേഖരിക്കുന്നതിനും കടുത്ത ശിക്ഷയാണ് ഭേദഗതിചെയ്ത വനനിയമത്തില്‍ നിര്‍ദേശിക്കുന്നത്. ഈ നിയമം പ്രാബല്യത്തില്‍ വരുന്നതോടെ തങ്ങളുടെ ജീവിതം കൂടുതല്‍ സങ്കീര്‍ണമാകുമോയെന്ന ആശങ്കയാണു കര്‍ഷകര്‍ പങ്കുവയ്ക്കുന്നത്.
ഇടുക്കിയില്‍ മാത്രം 70 ശതമാനം കുടിയേറ്റ കര്‍ഷകര്‍ വനാതിര്‍ത്തിയില്‍ താമസിക്കുന്നവരാണ്. പലര്‍ക്കും സ്ഥലത്തിനു പട്ടയമില്ല. ആകെയുള്ളതു കൈവശരേഖയാണ്. വനാതിര്‍ത്തിയില്‍നിന്നും ചെറിയ വിറക് കഷണങ്ങള്‍ ശേഖരിച്ചാണു കുടിയേറ്റകാലം മുതല്‍ ഇവര്‍ അടുപ്പ് കത്തിച്ചിരുന്നത്.
വനാതിര്‍ത്തിയിലെ പുഴകളില്‍നിന്നും മീന്‍ പിടിക്കുന്നതും വളര്‍ത്തുമൃഗങ്ങളെ മേയ്ക്കുന്നതും തോട്ടില്‍ കുളിക്കുന്നതും മറ്റാവശ്യങ്ങള്‍ക്കായി വനമേഖലയിലൂടെ സഞ്ചരിക്കുന്നതും ഇരുടെ ജീവിതരീതിയുടെ ഭാഗമാണ്. എന്നാല്‍, പുതിയ നിയമം വരുന്നതോടെ ഇതെല്ലാം വലിയ കുറ്റകൃത്യങ്ങളായി മാറും. ശിക്ഷയായി തടവ് അനുഭവിക്കുകയോ വന്‍ പിഴ അടയ്ക്കുകയോ ചെയ്യേണ്ടതായും വരുമെന്ന് കര്‍ഷകര്‍ ചൂണ്ടിക്കാട്ടുന്നു.
വനനിയമത്തിന്റെ സെക്ഷന്‍ 27, 62 വകുപ്പുകള്‍ പ്രകാരം വനത്തിനുള്ളില്‍ പ്രവേശിക്കുകയോ വിറക് ശേഖരിക്കുകയോ ചെയ്കാല്‍ 1000 രൂപ വരെയായിരുന്നു വനം വകുപ്പിന് ചുമത്താവുന്ന പിഴ. ഇത്തരം കാര്യങ്ങളില്‍ വനംവകുപ്പ് പലപ്പോഴും പിഴ ചുമത്തിയിരുന്നില്ല.
പുതിയ നിയമം വരുന്നതോടെ പിഴ 25,000 രൂപയായി ഉയരും. വനത്തിലൂടെ സഞ്ചരിക്കുന്നതും വനാതിര്‍ത്തികളിലൂടെ ഒഴുകുന്ന പുഴയില്‍ കുളിക്കുന്നതും മീന്‍ പിടിക്കുന്നതും വളര്‍ത്തുമൃഗങ്ങളെ മേയ്ക്കുന്നതും വലിയ പിഴ ചുമത്താവുന്ന കുറ്റകൃത്യങ്ങളായി മാറും.
വന്യജീവികള്‍ക്ക് ഭക്ഷണം നല്‍കുന്നത് കുറ്റകരമാക്കുന്നതും ജണ്ടകള്‍, കൈയ്യാലകള്‍ എന്നിവ തകര്‍ക്കുന്നത് നിരോധിക്കുന്നതുമായ വ്യവസ്ഥകള്‍ ബില്ലില്‍ നിന്ന് പിന്‍വലിക്കാന്‍ വനം വകുപ്പ് ഉദ്ദേശിക്കുന്നില്ല. നിലവില്‍ ലഭിച്ചിരിക്കുന്ന പരാതികള്‍ ക്രോഡീകരിച്ച് 8 -ാം തിയതി വകുപ്പ് മന്ത്രിക്ക് സമര്‍പ്പിക്കും. അഡീഷണല്‍ ചീഫ് സെക്രട്ടറി ജ്യോതിലാല്‍ ആണ് ഇതിന് ചുമതലപ്പെട്ട ഉദ്യോഗസ്ഥന്‍.
എന്നാല്‍, നിര്‍ണായക സമത്ത് പി.വി. അന്‍വര്‍ എം.എല്‍.എയുടെ നേതൃത്വത്തില്‍ നടത്തുന്ന പ്രതിഷേധങ്ങള്‍ ജനങ്ങളുടെയും സര്‍ക്കാരിന്റെയും ശ്രദ്ധ തിരിക്കുമോ എന്ന ആശങ്കയാണ് കര്‍ഷക സംഘടനകള്‍ പങ്കുവെക്കുന്നത്.
അതേസമയം അന്‍വറിന്റെ പ്രതിഷേധം മലയോര ജനതയുടെ സമരത്തിനു ഗുണം ചെയ്യുമെന്ന വിലയിരുത്തലും ഒരു വിഭാഗത്തിനുണ്ട്. ഇതുവരെ മറ്റു രാഷ്ട്രീയ പാര്‍ട്ടികള്‍ ചെയ്യാന്‍ മടിച്ച കാര്യമാണ് അന്‍വറിന്റെ നേതൃത്വത്തില്‍ നടന്നത്. ഇതു വന നിയമ ഭേദഗതിക്കെതിരായ പ്രതിഷേധങ്ങള്‍ക്ക് ശക്തി പകരുമെന്ന് വാദിക്കുന്നവരും ഏറെ.