കൊല്ലം: ഓയൂരില്‍ ആറു വയസുകാരിയെ തട്ടിക്കൊണ്ടു പോയ കേസിൽ മൂന്നാം പ്രതി അനുപമ പത്മന് ഹൈക്കോടതി ജാമ്യം അനുവദിച്ചു.
ബംഗളുരുവില്‍ എല്‍എല്‍ബിക്ക് പഠിക്കാനായി ജാമ്യം അനുവദിക്കണമെന്നായിരുന്നു ആവശ്യം. തുടർന്ന് ജസ്റ്റീസ് സി.എസ്. ഡയസിന്‍റെ ബെഞ്ച് ഉപാധികളോടെ ജാമ്യം അനുവദിക്കുകയായിരുന്നു.
മുമ്പ് പഠനാവശ്യത്തിനായി ജാമ്യം അനുവദിക്കണമെന്ന ആവശ്യമുന്നയിച്ച് അനുപമ കൊല്ലം ഒന്നാം അഡീഷണല്‍ സെഷൻസ് കോടതിയില്‍ സമർപ്പിച്ച ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു. ജാമ്യം നല്‍കിയാല്‍ സാക്ഷികളെ സ്വാധീനിക്കാനും ഭയപ്പെടുത്താനും സാധ്യതയുണ്ടെന്ന പ്രോസിക്യൂഷൻ വാദം അംഗീകരിച്ചായിരുന്നു അന്ന് ജാമ്യാപേക്ഷ തള്ളിയത്.
കഴിഞ്ഞ വർഷം നവംബറിലാണ് സംഭവം. ഓയൂർ ഓട്ടുമലയില്‍ നിന്ന് ആറു വയസുകാരിയെ ചാത്തന്നൂർ മാമ്പള്ളിക്കുന്നം കവിതരാജില്‍ കെ.ആർ. പത്മകുമാർ (51), ഭാര്യ എം.ആർ. അനിതകുമാരി (39), മകള്‍ പി. അനുപമ (21) എന്നിവർ കാറിൽ തട്ടിക്കൊണ്ട് പോകുകയായിരുന്നു.
തൊട്ടടുത്ത ദിവസം കൊല്ലം ആശ്രാമം മൈതാനത്ത് ഉപേക്ഷിച്ച നിലയില്‍ കുട്ടിയെ കണ്ടെത്തി. ഡിസംബർ ഒന്നിന് പ്രതികളെ പോലീസ് പിടികൂടുകയായിരുന്നു.