ഏഴുപേരെ കൊലപ്പെടുത്തിയ കേസ് ഉള്‍പ്പെടെ  19 ക്രിമിനല്‍ കേസുകളില്‍ പ്രതി; തെങ്കാശി  സ്വദേശി ചന്ദനത്തടി മോഷ്ടിച്ച കേസില്‍ പിടിയില്‍

തമിഴ്നാട് തെങ്കാശി സ്വദേശി നവാസ്ഖാനാ(30)നെയാണ് ആര്യങ്കാവ് വനംവകുപ്പ് അധികൃതര്‍ സാഹസികമായി പിടികൂടിയത്. 

New Update
5666

കൊല്ലം: തമിഴ്നാട്ടില്‍ ഏഴുപേരെ കൊലപ്പെടുത്തിയ കേസ് ഉള്‍പ്പെടെ 19 ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ചന്ദനത്തടി മോഷ്ടാവിനെ വനംവകുപ്പ് പിടികൂടി. തമിഴ്നാട് തെങ്കാശി സ്വദേശി നവാസ്ഖാനാ(30)നെയാണ് ആര്യങ്കാവ് വനംവകുപ്പ് അധികൃതര്‍ സാഹസികമായി പിടികൂടിയത്. 

Advertisment

ആര്യങ്കാവ് കടമാന്‍പാറ ചന്ദനമരം സംരക്ഷണമേഖലയില്‍നിന്ന് 11 ചന്ദനമരങ്ങള്‍ മോഷ്ടിച്ച കേസിലാണ് ഇയാളെ തെങ്കാശിയില്‍നിന്ന് വനംവകുപ്പ്സംഘം വെള്ളിയാഴ്ച പിടികൂടിയത്. ചന്ദനം മുറിച്ചുകടത്തുന്നതിനിടെ തടയാനെത്തിയ വനംവകുപ്പ് വാച്ചര്‍മാരെ വടിവാളുമായി ആക്രമിക്കാന്‍ ശ്രമിക്കുകയും വാച്ചര്‍ ഷെഡ് വെട്ടിപ്പൊളിക്കുകയും ചെയ്തിരുന്നു. കൂടാതെ ജീവനക്കാരെ തോക്കുചൂണ്ടി അപായപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്തിരുന്നു.

2018 സെപ്റ്റംബര്‍ രണ്ടിന് കോട്ടവാസല്‍ ഫോറസ്റ്റ് ചെക്ക്‌പോസ്റ്റിനു സമീപമുള്ള ചന്ദനക്കാട്ടില്‍നിന്ന് മരങ്ങള്‍ മോഷ്ടിച്ചുകടത്തുകയും സംഘത്തിലൊരാള്‍ വാച്ചര്‍മാരെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. പ്രതിയുടെ പേരില്‍ തമിഴ്‌നാട് പുളിയറ, ചെങ്കോട്ട, ശങ്കരന്‍കോവില്‍, ഉറപ്പുമലൈ, പാവൂര്‍സത്രം, സാംബവര്‍വടകര അടക്കമുള്ള സ്റ്റേഷനുകളിലാണ് കേസുള്ളത്. തെങ്കാശി പാവൂര്‍സത്രം സബ് ഇന്‍സ്പെക്ടറെ വധിക്കാന്‍ ശ്രമിച്ച കേസിലും വിചാരണ നേരിട്ടുവരികയാണ്.

ഗുണ്ടാ ആക്ടും കാപ അടക്കമുള്ള വകുപ്പുകളും പോലീസ് ചുമത്തിയിട്ടുണ്ട്. തെന്മല ഡി.എഫ്.ഒ. എ. ഷാനവാസ്, ആര്യങ്കാവ് റേഞ്ച് ഓഫീസര്‍ രാജേഷ്, പ്രൊബേഷനറി റേഞ്ച് ഓഫീസര്‍ വി. വിപിന്‍ചന്ദ്രന്‍, ഫോറസ്റ്റര്‍മാരായ അനുകൃഷ്ണന്‍, ഗിരീഷ്, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരായ എല്‍.ടി. ബിജു, റിയാസ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. 

Advertisment