മലപ്പുറം: മലപ്പുറം കൊണ്ടോട്ടിയില്‍ പോലീസുകാരനും യുവാവുമായുള്ള കയ്യാങ്കളിയില്‍ പോലീസിനെതിരെ ഗുരുതര ആരോപണവുമായി യുവാവിന്റെ സഹോദരി മുഹ്‌സിന. പോലീസുകാരനെതിരെ യുവതി മലപ്പുറം എസ്പിക്കു പരാതി നല്‍കി.
സഹോദരനെ വാഹനത്തില്‍ നിന്നും പോലീസുകാരന്‍ വലിച്ചിറക്കി ആക്രമിച്ചു. ആക്രമണത്തെത്തുടര്‍ന്ന് സഹോദരന്‍ തലകറങ്ങി വീണു. സഹോദരനെ ആശുപത്രിയിലേക്ക് കൊണ്ടുപോകവെ പോലീസുകാരനായ സദഖത്തുള്ള തന്നെയും മര്‍ദിച്ചെന്നു മുഹ്‌സിന പറഞ്ഞു.
വ്യാഴാഴ്ച വൈകിട്ടാണ് സംഭവം. നൗഫലും കുടുംബവും കൊണ്ടോട്ടിയിലുള്ള ഒരു ഹോട്ടലില്‍ നിന്നും പാഴ്‌സല്‍ വാങ്ങാനായി വാഹനം പാര്‍ക്ക് ചെയ്തിരുന്നു. അതിനിടയ്ക്ക് മറ്റൊരു വാഹനം കയറിവരികയും ചെറിയ രീതിയിലുള്ള ഗതാഗതക്കുരുക്കുണ്ടായി. ഈ സമയത്ത് ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന സദഖത്തുള്ള അവിടെയെത്തുകയും നൗഫലിനോട് കാര്യം തിരക്കുകയും പിന്നീട് വാക്കുതര്‍ക്കത്തില്‍ കലാശിക്കുകയുമായിരുന്നു. സദഖത്തുള്ള തന്നെ വാഹനത്തില്‍ നിന്നും വലിച്ചിറക്കി മര്‍ദിച്ചെന്നാണ് നൗഫല്‍ ആരോപിക്കുന്നത്.
കൊണ്ടോട്ടി പുളിക്കല്‍ സ്വദേശി നൗഫലും കൊണ്ടോട്ടി സ്റ്റേഷനിലെ സി.പി.ഒ. സദഖത്തുള്ളയും തമ്മിലാണ് സംഘര്‍ഷമുണ്ടായത്. നൗഫലിനെ കൊണ്ടോട്ടി പോലീസ് അറസ്റ്റ് ചെയ്തിരുന്നു.