രണ്ടു ലക്ഷം വോട്ട് എന്ന ലക്ഷ്യത്തില്‍ എത്താന്‍ എന്‍.ഡി.എയ്ക്ക് സാധിക്കാതെ പോയത് ബി.ജെ.പി. വോട്ടുകളില്‍ സംഭവിച്ച കുറവോ? മണ്ഡലത്തില്‍ വോട്ട് വിഹിതം വര്‍ധിച്ചെങ്കിലും പ്രതീക്ഷിച്ച ഉയരത്തിലേക്ക് എത്താത്തതില്‍ ബി.ഡി.ജെ.എസിന് അതൃപ്തി; മണ്ഡലത്തില്‍ കഴിഞ്ഞ തവണത്തേതിനേക്കാള്‍ വര്‍ധിപ്പിക്കാനായത് 9911 വോട്ട് മാത്രം

പുതുപ്പള്ളി, പാലാ അടക്കമുള്ളയിടങ്ങളില്‍ ബി.ജെ.പി. വോട്ടുകള്‍ ലഭിച്ചില്ലെന്ന സംശയമാണ് ബി.ഡി.ജെ.എസ്. നേതാക്കള്‍ പങ്കുവയ്ക്കുന്നത്.

author-image
ന്യൂസ് ബ്യൂറോ, കോട്ടയം
Updated On
New Update
74747

കോട്ടയം: രണ്ടു ലക്ഷം വോട്ട് എന്ന ലക്ഷ്യത്തില്‍ എത്താന്‍ എന്‍.ഡി.എയ്ക്ക് സാധിക്കാതെ പോയത് ബി.ജെ.പി. വോട്ടുകളില്‍ സംഭവിച്ച കുറവോ?. മണ്ഡലത്തില്‍ മൊത്തത്തില്‍ വോട്ട് വിഹിതം വര്‍ധിച്ചുവെങ്കിലും പ്രതീക്ഷിച്ച ഉയരത്തിലേക്ക് എത്താത്തതിന്റെ നിരാശയും അതൃപ്തിയും ബി.ഡി.ജെ.എസിലുണ്ട്. ബി.ജെ.പി. വോട്ടിനൊപ്പം ബി.ഡി.ജെ.എസ്. വോട്ട് കൂടി എത്തുന്നതോടെ രണ്ട് ലക്ഷം വോട്ട് എന്ന പ്രതീക്ഷ കൈയെത്തി   പിടിക്കാവുന്നതാണെന്ന് നേതൃത്വം വിശ്വസിച്ചു.

Advertisment

ബി.ഡി.ജെ.എസ്.-എസ്.എന്‍.ഡി.പി സംഘടനാ സംവിധാനങ്ങള്‍ പ്രേയാജനപ്പെടുത്തിയിട്ടും വോട്ട് കുതിച്ചുയര്‍ന്നില്ല. ബി.ജെ.പി.  വോട്ടുകള്‍ പൂര്‍ണമായി പെട്ടിയില്‍ വീണില്ലെന്ന പരിഭവം നേതാക്കള്‍ക്കുണ്ട്. പുതുപ്പള്ളി, പാലാ അടക്കമുള്ളയിടങ്ങളില്‍ ബി.ജെ.പി. വോട്ടുകള്‍ ലഭിച്ചില്ലെന്ന സംശയമാണ് ബി.ഡി.ജെ.എസ്. നേതാക്കള്‍ പങ്കുവയ്ക്കുന്നത്.

ഏത് സാഹചര്യത്തിലും രണ്ട് ലക്ഷം വോട്ടെന്നായിരുന്നു ഇരുവരുടെയും ഉറച്ച കണക്കുകൂട്ടല്‍. എന്നാല്‍, കഴിഞ്ഞ തവണത്തേതിനേക്കാള്‍ 9911 വോട്ട് മാത്രമാണ് കൂടുതലായി തുഷാര്‍ വെള്ളാപ്പള്ളിക്ക് സമാഹരിക്കാനായത്.

2019ല്‍ പി.സി. തോമസ് മത്സരിച്ചപ്പോള്‍ 1,55,135 വോട്ടായിരുന്നു കോട്ടയം മണ്ഡലത്തിലെ എന്‍.ഡി.എയുടെ നേട്ടം. തുഷാര്‍ 165046 വോട്ടായി ഉയര്‍ത്തിയെങ്കിലും പ്രതീക്ഷക്കൊപ്പമെത്തിയില്ല. പോളിങ് ശതമാനത്തില്‍ വന്ന കുറവുകൂടി കണക്കുകൂട്ടുമ്പോള്‍ വര്‍ധന അത്ര നിസാരമല്ലെന്ന് നേതൃത്വം വിശദീകരിക്കുന്നുണ്ടെങ്കിലും അതൃപ്തി മറച്ചുവെക്കുന്നില്ല. ഇഴവ ശക്തികേന്ദ്രങ്ങളായ ഏറ്റുമാനൂര്‍, വൈക്കം, കടുത്തുരുത്തി നിയോജകമണ്ഡലങ്ങളില്‍ എസ്.എന്‍.ഡി.പി. യൂണിയന്‍ നേതാക്കളും തുഷാറിനായി സജീവമായി രംഗത്തുണ്ടായിരുന്നു. 

പലയിടങ്ങളിലും നേതാക്കള്‍ രാത്രികാല യോഗങ്ങളും സംഘടിപ്പിച്ചു. എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പരസ്യമായി രംഗത്തിറങ്ങിയിട്ടില്ലെങ്കിലും, മനസുകൊണ്ട് തുഷാറിനൊപ്പം നിന്നു. പ്രീതി നടേശന്‍ കുടുംബങ്ങള്‍ കയറി വോട്ട് അഭ്യര്‍ഥിച്ചിരുന്നു. ഈഴവ മേഖലകളില്‍ ഇതിന്റെ ഗുണം ലഭിച്ചെന്നാണ് ബി.ഡി.ജെ.എസിന്റെ വിലയിരുത്തല്‍.

Advertisment