Advertisment

തൃശൂരിലെ ബി.ജെ.പിയുടെ വിജയം സി.പി.എമ്മിന്റെ സമ്മാനം, പിണറായി വിജയന്‍ സ്വര്‍ണത്താലത്തില്‍ വച്ചു നല്‍കിയ വിജയമാണത്,  തൃശൂരിലെ തോല്‍വി സി.പി.എമ്മും ഇടതുപക്ഷവും ആഴത്തില്‍ പഠിക്കണം: എം.എം. ഹസന്‍

" കേരളത്തില്‍ രണ്ടു സീറ്റ് എന്ന് മോദി ആവര്‍ത്തിച്ച് പറഞ്ഞതിന് പിന്നില്‍ സി.പിഎം-ബി.ജെ.പി. ഡീലാണ്.."

New Update
53563653

തിരുവനന്തപുരം: തൃശൂരിലെ ബി.ജെ.പിയുടെ വിജയം സി.പി.എമ്മിന്റെ സമ്മാനം. പിണറായി വിജയന്‍ സ്വര്‍ണ താലത്തില്‍ വച്ചു നല്‍കിയ വിജയമാണതെന്നും യു.ഡി.എഫ്. കണ്‍വീനര്‍ എം.എം. ഹസന്‍. വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

Advertisment

കേരളത്തില്‍ രണ്ടു സീറ്റ് എന്ന് മോദി ആവര്‍ത്തിച്ച് പറഞ്ഞതിന് പിന്നില്‍ സി.പിഎം-ബി.ജെ.പി. ഡീലാണ്. കരുവന്നൂര്‍ ബാങ്ക് കൊള്ളയടിച്ചവരെയെല്ലാം തെരഞ്ഞെടുപ്പിന് മുമ്പ് ജയിലില്‍ അടയ്ക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഇരിങ്ങാലക്കുടയില്‍വച്ച് പറഞ്ഞു. 

എന്നിട്ട് ആരെയെങ്കിലും അടച്ചോ?. അടയ്ക്കാത്തതിന് കാരണമെന്താണ്?. അതിന് ഉത്തരമാണ് ഇരിങ്ങാലക്കുടയില്‍ എല്‍.ഡി.എഫും സി.പി.എമ്മും മൂന്നാം സ്ഥാനത്തു പോയത്. തൃശൂരും ഇരിങ്ങാലക്കുടയിലും എല്‍.ഡി.എഫും സി.പി.എമ്മും മൂന്നാം സ്ഥാനത്താണ്. ഈ വോട്ടുചോര്‍ച്ചയുടെ അടിസ്ഥാനത്തില്‍ വേണം ഇ.പി. ജയരാജനനും പ്രകാശ് ജാവഡേക്കറും തമ്മിലുള്ള കൂടിക്കാഴ്ചയെ കാണാന്‍. അവരുണ്ടാക്കിയ രഹസ്യ ഡീല്‍ എന്തായിരുന്നു. ബി.ജെ.പി-സി.പി.എം. അന്തര്‍ധാരയെന്ന് തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ തുടക്കം മുതലേ യു.ഡി.എഫ്. പറഞ്ഞതാണ്.

കഴിഞ്ഞ ദിവസം സി.പി.ഐ. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞത് വോട്ടു ചോര്‍ച്ചയുണ്ടായത് യു.ഡി.എഫില്‍ നിന്നും കോണ്‍ഗ്രസില്‍ നിന്നുമാണ്. എന്നാല്‍, നടന്ന സംഭവങ്ങളെക്കുറിച്ച് അദ്ദേഹത്തിന് വ്യക്തമായ വിവരമുണ്ടോയെന്ന് എനിക്ക് അറിഞ്ഞുകൂടാ. 

തൃശൂരിലെ തോല്‍വി സി.പി.എമ്മും ഇടതുപക്ഷവും ആഴത്തില്‍ പഠിക്കണം. സി.പി.എമ്മിന്റെ കോട്ടയെന്ന് അവകാശപ്പെടുന്ന ആലപ്പുഴയില്‍, കായംകുളം അസംബ്ലി മണ്ഡലത്തില്‍ സി.പി.എം. മൂന്നാം സ്ഥാനത്താണ്. ഹരിപ്പാടും മൂന്നാം സ്ഥാനത്താണ്. സഖാവ് വി.എസിന്റെ ജന്മനാടും ജി. സുധാകരന്റെ തട്ടകവുമായ അമ്പലപ്പുഴയില്‍ എല്‍.ഡി.എഫിന് ബി.ജെ.പിയേക്കാള്‍ വെറും 110 വോട്ടു മാത്രമാണ് കൂടുതലുള്ളത്. 

ആലപ്പുഴയില്‍ രണ്ടിടത്താണ് സി.പി.എം. മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത്. തിരുവനന്തപുരത്ത് കഴക്കൂട്ടം, വട്ടിയൂര്‍ക്കാവ്, നേമം മണ്ഡലങ്ങളില്‍ ബി.ജെ.പി. ഒന്നാം സ്ഥാനത്താണ്. ഒരു മന്ത്രിയും മുന്‍മന്ത്രിയും എം.എല്‍.എയായ മണ്ഡലമാണിത്. വട്ടിയൂര്‍ക്കാവിലും സി.പി.എം. എം.എല്‍.എയാണ്. ആറ്റിങ്ങലില്‍ രണ്ടു മണ്ഡലങ്ങളിലും ബി.ജെ.പി. ഒന്നാം സ്ഥാനത്താണ്. 

ബി.ജെ.പി. മുന്നിലെത്തിയ ആറ്റിങ്ങലും കാട്ടാക്കടയിലും സി.പി.എം.  എം.എല്‍.എമാരാണ്. ഈ വോട്ടുകളെല്ലാം ചോര്‍ന്നത് സി.പി.എമ്മില്‍ നിന്നാണ്. യു.ഡി.എഫ്. എം.എല്‍.എമാര്‍ പ്രതിനിധീകരിക്കുന്ന സംസ്ഥാനത്തെ 41 മണ്ഡലങ്ങളിലും യു.ഡി.എഫ്. തന്നെയാണ് ലീഡ് ചെയ്തതെന്നും ഹസന്‍ പറഞ്ഞു. 

 

Advertisment