കോട്ടയം: ഇടുക്കി പുല്ലുപാറയ്ക്ക് സമീപം കെ.എസ്.ആര്‍.ടി.സി. ബസ് കൊക്കയിലേക്കു മറിഞ്ഞുണ്ടായ അപകട കാരണം ബ്രേക്ക് പൊട്ടിയതെന്ന് പ്രഥാമിക വിവരം. ബ്രേക്ക് പൊട്ടി വാഹനം റോഡിന്റെ ബാരിക്കേഡ് തകര്‍ത്ത് താഴ്ചയിലേക്കു പോകുകയായിരുന്നു. ഇവിടെ റബര്‍ മരങ്ങളില്‍ തട്ടി ബസ് നിന്നു.
പക്ഷേ, ബസിനടിയില്‍പ്പെട്ട നാലു പേര്‍ക്കു ജീവന്‍ നഷ്ടമായി. സന്തോഷത്തോടെ തീര്‍ഥാടന യാത്ര പോയ സംഘത്തിനാണു ദുരന്തം നേരിട്ടത്. അപകടം നടന്നതോടെ കെ.എസ്.ആര്‍.ടി.സി. ബസിന്റെ ഫിറ്റ്നസിനെക്കുറിച്ചാണു ചോദ്യം ഉയരുന്നത്. തഞ്ചാവൂര്‍ ക്ഷേത്രത്തിലേക്ക് പോകന്‍ മാവേലിക്കരയില്‍ നിന്നു വാടകയ്‌ക്കെടുത്ത കെ.എസ്.ആര്‍.ടി.സി. ബസാണ് അപകടത്തില്‍പ്പെടുന്നത്.
ബസിന്റെ കാലപ്പഴക്കം, ഫിറ്റ്നസ് എന്നിവയാണ് ഇതോടെ ചോദ്യം ചെയ്യപ്പെടുന്നത്. കെ.എസ്.ആര്‍.ടി.സി. ബസുകള്‍ തുടര്‍ച്ചയായി അപകടത്തില്‍പ്പെടുന്നതു പതിവു സംഭവമായി മാറിയിരിക്കുകയാണ്. ബ്രേക്ക് നഷ്ടമായി നിയന്ത്രണം വിട്ടും ടയര്‍പൊട്ടിയും ഇടയ്ക്ക് അശ്രദ്ധമായ ഡ്രൈവറിങ്ങുമൊക്കെ കെ.എസ്.ആര്‍.ടി.സി. ബസ് അപകടങ്ങള്‍ ഉണ്ടാക്കുമ്പോള്‍ കെ.എസ്.ആര്‍.ടിസി. യാത്രയുടെ സുരക്ഷ സംബന്ധിച്ച് ആശങ്ക ശക്തമാണ്.
ആറു മാസത്തിനുള്ളില്‍ നൂറിലധികം പേര്‍ക്കാണു വിവിധ അപകടങ്ങളിലാണ് പരുക്കേറ്റിട്ടുള്ളത്. ജീവന്‍ നഷ്ടപ്പെട്ടവരും ഏറെ. പല അപകടങ്ങളിലും ബ്രേക്ക് തകരാര്‍, ടയര്‍ പൊട്ടല്‍, മറ്റ് മെക്കാനിക്കല്‍ തകരാറുകള്‍ എന്നിവയുമായി ബന്ധപ്പെട്ടു റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്നാണു മോട്ടോര്‍ വാഹന വകുപ്പിന്റെ കണക്കുകള്‍.
കെ.എസ്.ആര്‍.ടി.സി. ബസുകളുടെ ബ്രേക്ക് ഡൗണ്‍ നിരക്ക് ഭയാനകമായ രീതിയില്‍ വര്‍ധിക്കുന്നുണ്ട്. അന്തര്‍ സംസ്ഥാന റൂട്ടുകളില്‍ ഓടുന്ന ബസുകളില്‍ പോലും ബ്രേക്ക്ഡാൗണ്‍ നിരക്ക് 60 ശതമാത്തോളമാണ്.
ശിപാര്‍ശ ചെയ്യുന്ന അഞ്ച് വര്‍ഷത്തെ സര്‍വീസ് കാലയളവിനപ്പുറം സൂപ്പര്‍ഫാസ്റ്റ് ബസുകളുടെ തുടര്‍ച്ചയായ ഉപയോഗം വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. നിര്‍ബന്ധിതമായി ലോക്കല്‍ സര്‍വീസിലേക്ക് തരംതാഴ്ത്തപ്പെടുന്നതിനു പകരം, ഈ ബസുകളില്‍ പലതും ടൗണ്‍-ടു-ടൗണ്‍ റൂട്ടുകളില്‍ ഉപയോഗിക്കപ്പെടുന്നു. ഇതോടെ തേയ്മാനം, ഹൈ-സ്പീഡ് ഡിമാന്‍ഡുകള്‍ കൂടിച്ചേര്‍ന്ന്, അപകടങ്ങളുടെ സാധ്യത ഗണ്യമായി വര്‍ധിപ്പിക്കുന്നുണ്ട്.
നിര്‍ണായക ഭാഗങ്ങള്‍ കൃത്യസമയത്ത് മാറ്റി സ്ഥാപിക്കുന്നില്ല. നിലവാരമില്ലാത്ത ബ്രേക്ക് ലൈനറുകളുടെ ഉപയോഗവും സ്പീഡ് ഗവര്‍ണറുകളുടെ അഭാവവും സുരക്ഷിതമല്ലാത്ത സാഹചര്യങ്ങള്‍ക്ക് കാരണമാകുന്ന ഘടകങ്ങളാണ്. ചില സന്ദര്‍ഭങ്ങളില്‍, കേടായ മറ്റ് ബസുകളില്‍ നിന്ന് ഭാഗങ്ങള്‍ എടുത്ത് വേഗത്തില്‍ പ്രവര്‍ത്തനക്ഷമമായവയില്‍ ഘടിപ്പിച്ച് സുരക്ഷയെ കൂടുതല്‍ വിട്ടുവീഴ്ച ചെയ്യുന്നെന്ന ആരോപണവുമുണ്ട്.