/sathyam/media/media_files/nZlfJ3E9HZSV0TltJTsl.jpg)
കൊല്ലം: ഉത്ര വധക്കേസ് പ്രതിക്ക് വിദേശത്ത് പോകാൻ അനുമതി. ഉത്രയുടെ ഭർത്താവും കേസിലെ പ്രതിയുമായ ഭർത്താവ് സൂരജിന്റെ സഹോദരി സൂര്യയ്ക്ക് തൊഴില്‍ തേടി വിദേശത്ത് പോകാനാണ് പുനലൂർ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ജഡ്‌ജി ആശ മറിയം മാത്യൂസ് കർശന ഉപാധികളോടെ അനുമതി നല്‍കിയത്.
കേസിലെ നാലാം പ്രതിയാണ് സൂര്യ. പിതാവ് പക്ഷാഘാതം വന്ന് കിടപ്പിലാണ്. എം.ബി.എ. ബിരുദധാരിയായ തനിക്ക് കേസിനെത്തുടർന്ന് നാട്ടില്‍ ജോലി ലഭിക്കാൻ സാധ്യതയില്ല. വിദേശത്ത് തൊഴില്‍ തേടാൻ പാസ്‌പോർട്ട് എടുക്കാൻ അനുവദിക്കണമെന്നാണ് ഹർജി. പ്രോസിക്യൂഷൻ ഹർജിയെ എതിർത്തെങ്കിലും വിശദവാദം കേട്ട കോടതി കർശന ഉപാധികളോടെ അനുമതി നല്‍കുകയായിരുന്നു.
തൊഴില്‍ ലഭിച്ചതിന്റെ രേഖകള്‍, വിദേശത്തെ താമസ സ്ഥലം, തൊഴില്‍ ദാതാവിന്റെ വിവരങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട രേഖകള്‍ ഹാജരാക്കണമെന്നാണ് വ്യവസ്ഥ.
കേസിന്റെ വിചാരണയില്‍ സൂര്യയെ നേരിട്ട് ഹാജരാകുന്നതില്‍ നിന്നും കോടതി ഒഴിവാക്കി. സൂര്യയ്ക്കുവേണ്ടി അഭിഭാഷകൻ അനീസ് തങ്ങള്‍ക്കുഞ്ഞ് ഹാജരായി.
2020 മേയ് ഏഴിന് അഞ്ചല്‍ ഏറം സ്വദേശിയായ ഉത്രയെ സ്വന്തം വീട്ടിലെ കിടപ്പുമുറിയില്‍ മൂർഖൻ പാമ്പിന്റെ കടിയേറ്റ് മരിച്ചനിലയില്‍ കണ്ടെത്തിയത്. സ്വത്ത് തട്ടിയെടുത്ത ശേഷം ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെ ഭർത്താവ് സൂരജ് മൂർഖൻ പാമ്പിനെക്കൊണ്ട് കടിപ്പിച്ചുകൊല്ലുകയായിരുന്നു. പാമ്പുപിടുത്തക്കാരൻ സുരേഷിനെ മാപ്പുസാക്ഷിയാക്കി. 87 സാക്ഷികളും 288 രേഖകളും 40 തൊണ്ടിമുതലുകളുമാണ് കേസിലുള്ളത്.
2020 മേയ് 21 ന് ഉത്രയുടെ വീട്ടുകാർ മരണത്തില്‍ ദുരൂഹത ആരോപിച്ച് പോലീസില്‍ പരാതി നല്‍കി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ കൊലപാതകമാണെന്ന് കണ്ടെത്തുകയായിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us