ആലപ്പുഴ: ഹരിപ്പാട് ശക്തമായ കാറ്റില്‍ ഒടിഞ്ഞുവീണ വൈദ്യുതിപോസ്റ്റ് മാറ്റി സ്ഥാപിക്കുന്നതിനിടെ പോസ്റ്റ് മറിഞ്ഞുവീണ് കെ.എസ്.ഇ.ബി. കരാര്‍ത്തൊഴിലാളി മരിച്ചു.
ചങ്ങനാശേരി കോട്ടമുറി തൃക്കൊടിത്താനം പുതുപറമ്പില്‍ ഭാസ്‌കരന്റെയും ജഗദമ്മയുടെയും മകന്‍ അനില്‍ കുമാറാ(45)ണ് മരിച്ചത്. കെ.എസ്.ഇ.ബി. കരുവാറ്റ സെക്ഷന്‍ പരിധിയിലെ ആനാരി വടക്ക് പ്രതിഭ ജംഗ്ഷന് പടിഞ്ഞാറ് ഇന്നലെ രാവിലെ പത്തിനായായിരുന്നു അപകടം.
കഴിഞ്ഞദിവസമുണ്ടായ ശക്തമായ മഴയിലും കാറ്റിലും ഒടിഞ്ഞുവീണ വൈദ്യുതി പോസ്റ്റ് മാറ്റി സ്ഥാപിക്കാനായി പോസ്റ്റിനു സമീപം കുഴി എടുത്തു. ഇതോടെ പോസ്റ്റ് അനില്‍കുമാറിന്റെ ദേഹത്തേക്ക് വീഴുകയായിരുന്നു. ഉടന്‍തന്നെ ഹരിപ്പാട് താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: ദീപ. മക്കള്‍: ശ്രീലക്ഷ്മി, ശ്രീദേവ്. മരുമകന്‍: ബിനു ദാസ്.