പത്തനംതിട്ട: അനുജയുടെയും ഹാഷിമിന്റെയും മരണത്തിനിടയാക്കിയ പട്ടാഴിമുക്ക് അപകടത്തില്‍ വടക്കേ ഇന്ത്യക്കാരനായ ലോറി ഡ്രൈവറെ കേസില്‍ നിന്ന് ഒഴിവാക്കി. ലോറിയിലേക്ക് കാര്‍ മനഃപൂര്‍വം ഇടിച്ചുകയറ്റിയതാണെന്ന് മോട്ടോര്‍ വാഹനവകുപ്പ് റിപ്പോര്‍ട്ട് നല്‍കിയതിനെത്തുടര്‍ന്നാണ് ഇയാളെ കേസില്‍ നിന്ന് ഒഴിവാക്കിയത്. ലോറി ഡ്രൈവര്‍ക്കെതിരെ ചുമത്തിയ മനഃപൂര്‍വമല്ലാത്ത നരഹത്യ ഒഴിവാക്കി പോലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി.
കണ്ടെയ്‌നര്‍ ലോറി ഡ്രൈവര്‍ റംസാനെതിരെ മനഃപ്പൂര്‍വമല്ലാത്ത നരഹത്യക്ക് പോലീസ് കേസെടുത്തിരുന്നു. വെറുമൊരു അപകടമല്ലാ അമിതവേഗതയില്‍ മനഃപ്പൂര്‍വം കാര്‍ ലോറിയിലേക്ക് ഇടിച്ചു കയറ്റിയതാണെന്ന സ്ഥിരീകരണം വന്നതോടെയാണ് ലോറി ഡ്രൈവറെ കേസില്‍നിന്ന് ഒഴിവാക്കിയത്.
അതേസമയം, മരണത്തിലേക്ക് കാറോടിച്ച് കയറ്റാന്‍ ഹാഷിമിനെ പ്രേരിപ്പിച്ചത് എന്താണെന്ന് കണ്ടെത്താനുള്ള വിശദമായ അന്വേഷണത്തിലാണ് അടൂര്‍ പോലീസ്. അനുജയെ കൊലപ്പെടുത്തി ഹാഷിം ജീവനൊടുക്കിയതാണോ? അതോ ഇരുവരും തീരുമാനമെടുത്ത് മരണത്തിലേക്ക് വാഹനം ഓടിച്ചു കയറിയതാണോ? ദുരൂഹതയും സംശയങ്ങളും നീങ്ങണമെങ്കില്‍ ഇരുവരുടെയും മൊബൈല്‍ ഫോണുകളുടെ ശാസ്ത്രീയ പരിശോധന പൂര്‍ത്തിയാകണം. വാട്‌സ്ആപ്പ് ചാറ്റുകളും ഫോണ്‍ വിളി രേഖകളും വീണ്ടെടുക്കണം. അതിനുള്ള പരിശോധനയിലാണ് സൈബര്‍ വിഭാഗം.
അനുജയുടെയും ഹാഷിമിന്റെയും ബാങ്ക് ഇടപാടുകളും പരിശോധിക്കുന്നുണ്ട്. വിനോദയാത്ര കഴിഞ്ഞ് മടങ്ങി വരുമ്പോഴായിരുന്നു പാതിവഴിയില്‍ വച്ച് അനുജയെ ഹാഷിം നിര്‍ബന്ധിച്ച് കൂട്ടിക്കൊണ്ടുപോയത്.