/sathyam/media/media_files/20eyv9I5qWmQgPDoiKaC.jpg)
ആലപ്പുഴ: പ്രസവം നിര്‍ത്തല്‍ ശസ്ത്രക്രിയയ്ക്ക് വിധേയയായ യുവതി മരിച്ചത് ശസ്ത്രക്രിയയ്ക്കിടയിലെ സങ്കീര്‍ണതകളെത്തുടര്‍ന്നുണ്ടായ ഹൃദയാഘാതം മൂലമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്.
ആലപ്പുഴ പഴവീട് സ്വദേശി ആശാ ശരത്താണ് പ്രസവ നിര്‍ത്തല്‍ ശസ്ത്രക്രിയയ്ക്കിടെ ആരോഗ്യ സ്ഥിതി വഷളായി ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജില്‍ വച്ച് മരിച്ചത്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ച് വിശദമായി അന്വേഷിച്ചു കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ബന്ധുക്കള്‍ ആവശ്യപ്പെട്ടു.
കഴിഞ്ഞ വെള്ളിയാഴ്ച രാവിലെയാണ് ആശയെ ശസ്ത്രക്രിയയ്ക്കായി കടപ്പുറം വനിതാ ശിശു ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പുരുഷ ഡോക്ടറാണ് സര്‍ജറിക്ക് നേതൃത്വം നല്‍കിയത്. സര്‍ജറിക്കിടെ പെട്ടെന്ന് ആരോഗ്യസ്ഥിതി വഷളായി. പിന്നീട് ഒരു മണിക്കൂറോളം വൈകിയാണ് ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജില്‍ എത്തിച്ചത്. ആശ ശനിയാഴ്ച വൈകിട്ടോടെ മരിച്ചു. ശസ്ത്രക്രിയയ്ക്കിടയുണ്ടായ വീഴ്ചയാണ് മരണത്തിന് കാരണമെന്ന് ബന്ധുക്കളുടെ ആരോപണത്തില്‍ കളക്ടര്‍ ഇടപെട്ടു.
വിദഗ്ധ ഡോക്ടര്‍മാരുടെ സാന്നിധ്യത്തില്‍ ആയിരുന്നു പോസ്റ്റ്‌മോര്‍ട്ടം നടത്തിയത്. ബന്ധുക്കളുടെ ആരോപണങ്ങള്‍ ശരിവയ്ക്കുന്ന തരത്തിലുള്ള പ്രാഥമിക റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.
ഓപ്പറേഷനിടെ സങ്കീര്‍ണതകള്‍ ഉണ്ടായെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ എന്തുതരം സങ്കീര്‍ണതയാണെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമല്ല. ആന്തരിക അവയവങ്ങളുടെ പ്രവര്‍ത്തന നിലച്ചതും തലച്ചോറില്‍ നീര്‍ക്കെട്ടുണ്ടായതും ഹൃദയാഘാതം സംഭവിച്ചതും മരണത്തിനിടയാക്കിയെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.
സര്‍ജറിക്ക് മുന്‍പായി രണ്ട് തവണ നടത്തിയ പരിശോധനയില്‍ യാതൊരു പ്രശ്‌നങ്ങളുമുണ്ടായിരുന്നില്ലെന്ന് ബന്ധുക്കള്‍ പറയുന്നു. ഈ സാഹചര്യത്തിലാണ് വിശദമായ അന്വേഷണം വേണമെന്ന് ബന്ധുക്കളുടെ ആവശ്യം.
പോസ്റ്റ്‌മോര്‍ട്ടത്തിന് നേതൃത്വം നല്‍കിയ പോലീസ് സര്‍ജനെ മെഡിക്കല്‍ ബോര്‍ഡില്‍ ഉള്‍പ്പെടുത്തണം. ആലപ്പുഴ മെഡിക്കല്‍ കോളേജിലെ മറ്റു ഡോക്ടര്‍മാരെ മെഡിക്കല്‍ ബോര്‍ഡില്‍ നിന്ന് ഒഴിവാക്കണമെന്നും കുടുംബം ആവശ്യപ്പെട്ടു.
കഴിഞ്ഞ ഡിസംബര്‍ 25നാണ് ആദ്യം ശസ്ത്രക്രിയ നിശ്ചയിച്ചിരുന്നത്. അന്ന് വനിത ഡോക്ടര്‍ അവധിയിലായതിനെത്തുടര്‍ന്ന് കഴിഞ്ഞ വെള്ളിയാഴ്ചത്തേക്ക് പുതിയ തീയതി എടുക്കുകയായിരുന്നു.
അസ്വഭാവിക മരണത്തിന് കേസെടുത്ത അമ്പലപ്പുഴ പോലീസ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചശേഷം മാത്രമേ കേസില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കൂ.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us