/sathyam/media/media_files/5i0NXQjlJrDwT4mBKRig.jpg)
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ രാജി വയ്ക്കണമെന്നാവശ്യപ്പെട്ട് സെക്രട്ടേറിയറ്റിലേക്ക് മാര്‍ച്ച് നടത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കുനേരെ പോലീസ് നടത്തിയത് നരനായാട്ടാണെന്നും നിലയ്ക്ക് നിര്‍ത്താന്‍ ആഭ്യന്തരവകുപ്പ് തയാറായില്ലെങ്കില്‍ വലിയ വില ഇടതുസര്‍ക്കാര്‍ നല്‍കേണ്ടിവരുമെന്ന മുന്നറിയിപ്പുമായി കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരന്‍.
സി.പി.എമ്മിന്റെ ഗുണ്ടാസംഘത്തെ പോലെയാണ് പോലീസ് പ്രവര്‍ത്തിച്ചത്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അബിന്‍ വര്‍ക്കിയെ ഭീകരമായി വളഞ്ഞിട്ട് മര്‍ദിച്ചു. അബിന്‍ വര്‍ക്കിയുടെ തലയ്ക്കും മുഖത്തും പോലീസ് മര്‍ദിച്ചത് രാഷ്ട്രീയ വൈരാഗ്യത്തോടെയാണ്. രാജവിനെക്കാള്‍ വലിയ രാജഭക്തിയാണ് പോലീസ് കാണിക്കുന്നത്.
യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ക്രൂരമായി മര്‍ദിക്കുന്നതിന് നേതൃത്വം നല്‍കിയ പോലീസ് ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കണം. പോലീസിലെ ക്രിമിനലുകളെ നിലയ്ക്ക് നിര്‍ത്താന്‍ ആഭ്യന്തരവകുപ്പ് തയാറായില്ലെങ്കില്‍ അതിന് വലിയ വില ഇടതുസര്‍ക്കാര്‍ നല്‍കേണ്ടിവരും.
കോണ്‍ഗ്രസിന്റെ പ്രതിഷേധത്തെ ലാത്തികൊണ്ട് തല്ലിയൊതുക്കി നിശബ്ദമാക്കാനാണ് ആഭ്യന്തരവകുപ്പിന്റെ ശ്രമമെങ്കില്‍ കൈയുംകെട്ടി നോക്കിനില്‍ക്കില്ലെന്നും സുധാകരന്‍ പറഞ്ഞു.