കോട്ടയം: മുക്കട സെന്‍ട്രല്‍ റബര്‍ നഴ്‌സറി ഭൂമി ഏറ്റെടുത്ത് വ്യവസായ പാര്‍ക്ക് ആക്കാനുള്ള നീക്കം രാഷ്ട്രീയ പോരിലേക്കോ?. നഴ്‌സറിയിലെ സ്ഥലത്ത് റബര്‍ വ്യവസായ പാര്‍ക്ക് ആരംഭിക്കാനുള്ള നീക്കമാണു കര്‍ഷക ആശങ്കകള്‍ക്കു കാരണമാതോടെ സംസ്ഥാനസര്‍ക്കാര്‍ നീക്കം റദ്ദാക്കാന്‍ അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ട് റബര്‍ ബോര്‍ഡ് അംഗം എന്‍. ഹരി കേന്ദ്രമന്ത്രി പിയൂഷ് ഗോയലിനു കത്തയച്ചു.
സംസ്ഥാന സര്‍ക്കാരിന്റെ ഏകപക്ഷീയ നടപടി റബര്‍ കര്‍ഷകര്‍ക്കും റബര്‍ മേഖലയ്ക്കും കനത്ത തിരിച്ചടിയാണെന്ന് അദ്ദേഹം ചൂണ്ടികാട്ടി. ബോര്‍ഡിനായി നല്‍കിയ സ്ഥലം തിരികെ ചോദിക്കുന്നതു തെറ്റായ കീഴ്വഴക്കത്തിനു കാരണമാകുമെന്നും ആക്ഷേപമുണ്ട്. സംസ്ഥാനത്തെ കര്‍ഷകര്‍ക്കു അത്യുല്‍പ്പാദനശേഷിയുള്ള റബര്‍തൈകള്‍ ലഭ്യമാക്കുന്നതിനു 1961ല്‍ റബര്‍ ബോര്‍ഡ് ആരംഭിച്ചതാണു കറിക്കാട്ടൂരിനു സമീപം മുക്കടയിലെ നഴ്‌സറി.
റബര്‍ ഉത്പാദനത്തില്‍ കുതിച്ച് ചാട്ടത്തിനു കാരണമായ 105 ഇനങ്ങള്‍ ഗുണ നിലവാരത്തോടും മിതമായ നിരക്കിലും ഉല്‍പാദിപ്പിച്ചു വിതരണം നടത്തിയത് ഇവിടെ നിന്നായിരുന്നു. കഴിഞ്ഞ വര്‍ഷവും അഞ്ചര ലക്ഷത്തോളം തൈകള്‍ ഉത്പാദിപ്പിച്ചു വിതരണം ചെയ്യുകയും ചെയ്തിരുന്നു.
ഏറ്റവും ഉത്പാദന ശേഷിയുള്ള എഫ്.എക്‌സ്. 516(ക്രൗണ്‍ ബഡ്ഡഡ്) തൈകള്‍ ലഭ്യമാകുന്ന ഏക കേന്ദ്രവും മുക്കടയാണ്. റബര്‍ ഗവേഷണകേന്ദ്രത്തില്‍ പുതിയതായി വികസിപ്പിച്ചെടുക്കുന്ന ക്ലോണുകള്‍ മദര്‍ പ്ലാന്റില്‍ നിന്നു ബഡ് ചെയ്തു നഴ്‌സറികളിലേക്കും കര്‍ഷകരിലേക്കും എത്തിക്കുന്നതും ഇവിടെ നിന്നാണ്.
ലോകത്ത് ഇന്നു ലഭ്യമായിട്ടുള്ള 67 ക്ലോണ്‍ ഇനങ്ങളും ഇവിടെ വളര്‍ത്തിയിട്ടുമുണ്ട്. എല്ലാ ക്ലോണ്‍ ഇനങ്ങളും ഒരേ സ്ഥലത്തു കാണാന്‍ കഴിയുന്ന രാജ്യത്തെ ഏക സഥലവും ഏത് ഇനത്തിന്റെയും ലഭ്യത ഉറപ്പാക്കുന്ന കേന്ദ്രവുമാണിത്. എല്ലാ സംസ്ഥാനങ്ങളിലെയും നഴ്‌സറികളിലേക്കുള്ള മദര്‍ പ്ലാന്റും ഇവിടെയാണ്.
നഴ്‌സറിയിലെ ഒരേ സ്ഥലത്ത് 3-4 വര്‍ഷം മാത്രമാണു കൃഷി നടത്തുക. തുടര്‍ന്നു ഇത്രയും കാലം ഈ സ്ഥലം ജൈവ സാമ്പുഷ്ടീകരണത്തിനായി സൂക്ഷിക്കും. ഇത്തരത്തില്‍ നീക്കിയിട്ട സ്ഥലം തരിശായി കിടക്കുകയാണെന്നു തെറ്റിദ്ധരിപ്പിച്ചാണു വ്യവസായ പാര്‍ക്കിനായി ഏറ്റെടുക്കാന്‍ ശ്രമം നടക്കുന്നതെന്നു കര്‍ഷകര്‍ പറയുന്നു.
മിക്ക നഴ്‌സറികളും വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലേക്കു തൈകള്‍ കയറ്റി അയയ്ക്കുകയാണ്. മാത്രമല്ല, 105 ഇനങ്ങള്‍ക്കു ക്ഷാമവുമാണ്. ഈ സാഹചര്യത്തില്‍ മുക്കടയിലെ നഴ്സറി കൂടി നഷ്ടപ്പെട്ടാല്‍ കേരളത്തിലെ റബര്‍ കര്‍ഷകര്‍ക്കു വന്‍ തിരിച്ചടിയാകുമെന്നും കര്‍ഷകര്‍ പറയുന്നു.
റബര്‍ കര്‍ഷകര്‍ക്കായി മുതലക്കണ്ണീര്‍ ഒഴുക്കുന്ന സംസ്ഥാന സര്‍ക്കാരിന്റെ യഥാര്‍ത്ഥ മുഖം വ്യക്തമാക്കുന്നതാണ് ഈ നീക്കമെന്നു ബി.ജെ.പി. ആരോപിക്കുന്നു. നിര്‍ദിഷ്ഠ ശബരി വിമാനത്താവളത്തോട് ചേര്‍ന്നുള്ള നഴ്‌സറി ഇരിക്കുന്ന കണ്ണായ സ്ഥലം പാട്ട വ്യവസ്ഥ റദ്ദാക്കി വന്‍ വ്യവസായികള്‍ക്ക് തീറെഴുതാനാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും ബി.ജെ.പി. ആരോപിക്കുന്നു.