/sathyam/media/media_files/2025/09/15/oip-2-2025-09-15-15-41-51.jpg)
കോട്ടയം: നിര്‍ദിഷ്ട ശബരി എയര്‍പോര്‍ട്ട് നിര്‍മാണത്തിനു മുന്നോടിയായി മണിമല വില്ലേജ് പരിധിയില്‍ ചെറുവള്ളി എസ്റ്റേറ്റ് വക ഭൂമി ഒഴികെ മറ്റു വ്യക്തികളുടെ സ്ഥലം സര്‍വേ പൂര്‍ത്തിയായി.
ബിലീവേഴ്‌സ് ചര്‍ച്ചിനു കീഴില്‍ അയന ചാരിറ്റബിള്‍ ട്രസ്റ്റിന്റെ കൈവശമുള്ള ചെറുവള്ളി എസ്റ്റേറ്റിന്റെ ഉടമസ്ഥത സംബന്ധിച്ച് സര്‍ക്കാരുമായുള്ള കേസിന് തീരുമാനമാകാതെ അവിടെ സര്‍വേ നടത്താനാകില്ല. സര്‍വേ റിപ്പോര്‍ട്ട് റവന്യു വകുപ്പിന് കൈമാറിയിട്ടുണ്ട്. കഴിഞ്ഞ മെയ് 22 മുതലാണ് സര്‍വേ ആരംഭിച്ചത്.
എരുമേലി തെക്ക് വില്ലേജ് പരിധിയിലുള്ള ചെറുവള്ളി എസ്റ്റേറ്റ് സര്‍വേയും കേസില്‍ തീരുമാനമുണ്ടാകാതെ നടക്കില്ല. ബിലീവേഴ്‌സ് ചര്‍ച്ചും സര്‍ക്കാരും തമ്മില്‍ എസ്റ്റേറ്റ് ഉടമസ്ഥതാവകാശം സംബന്ധിച്ച കേസ് ധാരണയിലാക്കുകയോ മൂല്യവില നിശ്ചയിച്ചശേഷം നഷ്ടപരിഹാരം കോടതിയില്‍ കെട്ടിവച്ച് സ്ഥലം ഏറ്റെടുക്കുകയോ ചെയ്താല്‍ മാത്രമേ പദ്ധതിക്ക് വേഗമുണ്ടാകൂ.
എരുമേലി തെക്ക്, മണിമല വില്ലേജുകളില്‍ നിന്ന് 1039.876 ഹെക്ടറാണ് (2570 ഏക്കര്‍) വിമാനത്താവളത്തിന് ഏറ്റെടുക്കുന്നത്. സ്ഥലം ഏറ്റെടുക്കുമ്പോള്‍ 352 കുടുംബങ്ങള്‍ക്കാണ് സ്ഥലം നഷ്ടപ്പെടുന്നത്. ഇതില്‍ തന്നെ 347 കുടുംബങ്ങളുടെ ജീവനോപാധികളും നഷ്ടപ്പെടും.
ജീവനക്കാരുടെ കുറവും പ്രതികൂലകാലാവസ്ഥയും മൂലം സര്‍വേ പ്രതീക്ഷിച്ച വേഗത്തില്‍ മുന്നോട്ടുപോയിരുന്നില്ല. വിമാനത്താവളം നിര്‍മാണത്തിന് കേന്ദ്ര പരിസ്ഥിതി, വനം, വ്യോമയാന വകുപ്പുകളുടെ പരിശോധനയും അനുമതിയും ബാക്കിയുണ്ട്.