/sathyam/media/media_files/PG0uRGmLP2wI1ZLxqBdt.jpg)
കോട്ടയം: പ്രതീക്ഷയോടെ വിളവെടുത്തപ്പോൾ അർഹിക്കുന്ന വിലയില്ല, പ്രാദേശിക പച്ചക്കറി കർഷകർ പ്രതിസന്ധിയിൽ. ഓണക്കാലത്തെ വിപണി പ്രതീക്ഷിച്ചു വ്യാപകമായി കൃഷിയിറക്കിയവരാണ് വെട്ടിലായത്.
ഓണം വിപണിയില്‍ കര്‍ഷകരില്‍ നിന്നു ഉത്പന്നങ്ങള്‍ ശേഖരിക്കാന്‍ സംവിധാനം ഒരുക്കുമെന്നു കൃഷി വകുപ്പ് അറിയിച്ചിരുന്നുവെങ്കിലും നടപടിയുണ്ടായില്ല. കാറ്റും മഴയും നശിപ്പിക്കാത്ത സ്ഥലങ്ങളില്‍ ഇത്തവണ മികച്ച ഉൽപ്പാദനം നടക്കുകയും ചെയ്തിരുന്നു.
പച്ചക്കറി സംഭരണം നടത്താന്‍ മണകാട്ട് പച്ചക്കറി ഹബ് ഉദ്ഘാടനം ചെയ്തുവെങ്കിലും പ്രവര്‍ത്തനം തുടങ്ങിയിട്ടില്ല. ഈയാഴ്ച മുതല്‍ പച്ചക്കറി സംഭരിക്കാന്‍ സംവിധാനമൊരുക്കുമെന്നാണു കൃഷി വകുപ്പ് കര്‍ഷകരെ അറിയിച്ചിരിക്കുന്നത്.
പടവല്‍, പാവല്‍, വെള്ളരി, പയര്‍, കോവല്‍ തുടങ്ങിയ ഇനങ്ങളാണ് കര്‍ഷകരിലേറെയും ഓണവിപണിയ്ക്കായി ഒരുക്കിയിരുന്നത്. ഇവയില്‍ പടവലം, വെള്ളരി കര്‍ഷകരാണ് ഏറെ വലയുന്നത്. പലയിടങ്ങളിലും വെള്ളരിയ്ക്കു 10 രൂപ പോലും കര്‍ഷകര്‍ക്കു ലഭിക്കുന്നില്ലെന്നു പരാതിയുണ്ട്. ഇതിനൊപ്പമാണു വിപണി ലഭിക്കാത്തത്.
50 കിലോ വെള്ളരി വിളവെടുത്താല്‍ പല കടകള്‍ കയറിയിറങ്ങിയാലാകും വിറ്റഴിക്കാനാകുക. വിലയിടിച്ചു വാങ്ങാനാകും മിക്ക വ്യാപാരികളുടെയും ശ്രമം. ദിവസങ്ങളോളം കേടു കൂടാതിരിക്കുമെന്നതിനാല്‍ തമിഴ്‌നാട് പച്ചക്കറി വാങ്ങാനാണു വ്യാപാരികള്‍ക്കു താത്പര്യമെന്നു കര്‍ഷകര്‍ ആരോപിക്കുന്നു.
പാവല്‍, കോവല്‍ കര്‍ഷകരെയും ചെറിയ തോതില്‍ പ്രതിസന്ധി തളര്‍ത്തുന്നുണ്ട്. കര്‍ഷകരില്‍ നിന്നു 30 -40 രൂപയ്ക്കു വാങ്ങൂന്ന പാവയ്ക്ക 80 രൂപയ്ക്കു വരെയാണു വില്‍പ്പന. മിക്കയിടങ്ങളിലും ചേന 100 രൂപയ്ക്കാണു വില്‍ക്കുന്നതെങ്കിലും കര്‍ഷകര്‍ വില്‍ക്കാന്‍ എത്തിക്കുമ്പോള്‍ 50 രൂപ പോലും നല്‍കാന്‍ കച്ചവടക്കാര്‍ക്കു മടിയാണ്.
തമിഴ്‌നാട് ചേനയാണു വ്യാപകമായി വിപണിയില്‍ എത്തുന്നത്. വിലയിടിക്കുന്നതിനാല്‍ ഏത്തവാഴക്കര്‍ഷകരും പ്രതിസന്ധിയിലാണ്. 80 രൂപ വരെ നാടന്‍ കുലയ്ക്കു വിലയുണ്ടെങ്കിലും 40 - 50 രൂപയ്ക്കാണു വാങ്ങുന്നത്.
ഓണം വിപണി മുന്നില്‍ക്കണ്ട് തമിഴ്‌നാട് സര്‍ക്കാര്‍ ഏത്തവാഴക്കൃഷിയ്ക്കായി കര്‍ഷകരെ സഹായിച്ചിരുന്നു. ഇതോടെ, കഴിഞ്ഞയാഴ്ച മുതല്‍ വ്യാപകമായി ഏത്തവാഴക്കുലകള്‍ എത്തിത്തുടങ്ങി. വിലയിലും കുറവുണ്ടായിട്ടുണ്ട്.
പച്ചക്കറി കൃഷി കൂടുതലുള്ള സ്ഥലങ്ങളിലെല്ലാം പ്രാദേശിക വിപണന കേന്ദ്രങ്ങളുണ്ടെങ്കിലും പരിമിതമായ അളവില്‍ ഉത്പന്നങ്ങള്‍ ശേഖരിക്കാനുള്ള ശേഷിയേ ഉണ്ടാകൂ. നാടന്‍ പച്ചക്കറി സംഭരണത്തിന് അടിയന്തിര നടപടിയുണ്ടായില്ലെങ്കില്‍ സമരത്തിന് ഒരുങ്ങുകയാണു പച്ചക്കറി കര്‍ഷകര്‍.