Advertisment

മഴ പെയ്താൽ കോട്ടയം എം.സി. റോഡിൽ വെള്ളക്കെട്ട്, നടപ്പാത കച്ചവടക്കാർ കെട്ടിയടച്ചതോടെ റോഡിലിറങ്ങി നടക്കേണ്ട ഗതികേടിൽ കാൽനട യാത്രക്കാർ, ദേഹത്ത് ചെളി വെള്ളം തെറിക്കുന്നതും അപകടം ഉണ്ടാകുന്നതും പതിവ്; നടപ്പാത കെട്ടിയടച്ചത് കണ്ടില്ലെന്ന് നടിച്ച് അധികൃതർ

ചവിട്ടുവരി ജങ്ഷനിൽ കാൽനടയാത്രക്കാരെ ദുരിതത്തിലാക്കി നടപ്പാത കെട്ടി അടച്ചത് ഇവിടെ പ്രവർത്തിക്കുന്ന ചെരുപ്പ് വ്യാപാര സ്ഥാപനമാണ്.

author-image
ന്യൂസ് ബ്യൂറോ, കോട്ടയം
Updated On
New Update
23345555

കോട്ടയം: ഒറ്റ മഴയിൽ എം.സി. റോഡ് വെള്ളക്കെട്ടിൽ. നടപ്പാതകൾ കച്ചവടക്കാർ കൈയേറിയതോടെ വെള്ളക്കെട്ടിലൂടെ നടക്കേണ്ട ഗതികേടിൽ കാൽനട യാത്രകാർ. റോഡിലൂടെ നടക്കുമ്പോൾ യാത്രക്കാരുടെ ദേഹത്ത് ചെളിവെള്ളം വീഴുന്നതു പതിവ്. വൻ അപകടങ്ങൾ ഉണ്ടാകാത്തത് ഭാഗ്യം കൊണ്ടു മാത്രമാണ്.

Advertisment

നടപ്പാതകൾ കെട്ടിയടച്ചു കച്ചവടം ചെയ്യുന്നവരും ഇക്കൂട്ടത്തിലുണ്ട്. ചവിട്ടുവരി  ജങ്‌ഷനിൽ  കാൽനടയാത്രക്കാരെ ദുരിതത്തിലാക്കി നടപ്പാത കെട്ടി അടച്ചത് ഇവിടെ പ്രവർത്തിക്കുന്ന ചെരുപ്പ് വ്യാപാര സ്ഥാപനമാണ്. നടപ്പാത കെട്ടി അടച്ച ശേഷം സ്റ്റാൻഡുകളിൽ ചെറുപ്പുകൾ ഡിസ്പ്ലേ ചെയ്തിരിക്കുകയാണ്.

ഇതോടെ റോഡിൽ ഇറങ്ങി നടക്കുകയല്ലാതെ മറ്റു മാർഗങ്ങൾ ഇല്ലെന്നു യാത്രകാർ പറയുന്നു. ഓടകൾ അടഞ്ഞതോടെ വെള്ളമൊഴുകി പോകാന്‍ സംവിധാനമില്ലാത്തതിനാല്‍ ഗതാഗതക്കുരുക്കും പതിവാണ്. ഏതാനും വര്‍ഷം മുമ്പ് ആധുനിക രീതിയില്‍ നിര്‍മിച്ച റോഡിലാണ് ഈ കാഴ്ചകള്‍.

വെറും 10 മിനിറ്റ് മഴ പെയ്താല്‍ പോലും വെള്ളക്കെട്ട് രൂപപ്പെടുന്നതാണ് റോഡിന്റെ ശാപമെന്നു യാത്രക്കാര്‍ പറയുന്നു. നാഗമ്പടത്തിനു സമീപം വട്ടമൂട് ജങ്ഷനു സമീപം, എസ്.എച്ച്. മൗണ്ട്, ചവിട്ടുവരി എന്നിവിടങ്ങളിലെല്ലാം വെള്ളക്കെട്ടുകള്‍ യാത്രക്കാരെ വലയ്ക്കുന്നു.

എസ്.എച്ച്. മൗണ്ട് ജങ്ഷനു സമീപം മീറ്ററുകളോളം രൂപത്തിലാണ് വെള്ളക്കെട്ടുണ്ടാകുക. ചിലപ്പോള്‍ റോഡിന്റെ പകുതി ഭാഗം വരെ വെള്ളം കയറും. ചവിട്ടുവരിയ്ക്കു സമീപം റോഡിന്റെ ഇരുവശങ്ങളിലും വെള്ളക്കെട്ടു രൂപപ്പെടുന്നതോടെ കാല്‍ നടയാത്രക്കാരും ഇരുചക്ര വാഹന യാത്രക്കാരും ഒരുപോലെ ബുദ്ധിമുട്ടും. ആഴമുണ്ടെന്ന് അറിയാതെ വെള്ളക്കെട്ടില്‍ ഇറങ്ങുന്നവര്‍ അപകടത്തില്‍പ്പെടുന്നതും പതിവാണ്.

റോഡ് നവീകരിച്ചപ്പോള്‍ ഭൂരിഭാഗം സ്ഥലങ്ങളിലും ശക്തമായ കോണ്‍ക്രീറ്റ് ഓടകള്‍ നിര്‍മിച്ചിരുന്നു. ഓടയിലേക്ക് വെള്ളമിറങ്ങാന്‍ കൃത്യമായ സ്ഥലങ്ങളില്‍ സൗകര്യവും ഒരുക്കിയിരുന്നു. മണ്ണും മാലിന്യവും വന്ന് ഓടകള്‍ അടയുന്നതാണു വെള്ളക്കെട്ട് രൂപപ്പെടാന്‍ കാരണം.

 വേനല്‍ക്കാലത്ത് ഇത്തരത്തില്‍ ഓട അടഞ്ഞിരുന്ന ഭാഗങ്ങളെലല്ലാം റോഡിന്റെ നിര്‍മാണ ചുമതലയുണ്ടായിരുന്ന കമ്പനി മാറ്റിയിരുന്നു. എന്നാല്‍, പിന്നീട് വീണ്ടും അടഞ്ഞു. ചില സ്ഥലങ്ങളിലെങ്കിലും ഓടയിലേക്കു വെള്ളം ഒഴുകുന്ന ഭാഗം സ്ഥിരമായി അടച്ചതും തിരിച്ചടിയാകുന്നുണ്ട്.

സ്ഥാപനങ്ങളിലേക്കും വീടുകളിലേക്കും മറ്റും വാഹനങ്ങള്‍ കയറാനായി സൗകര്യമൊരുക്കുമ്പോഴാണ് ഇത്തരത്തില്‍ ഓട അടയുന്നത്.  ഓട അടയ്ക്കുന്നവര്‍ ബദല്‍ സംവിധാനം ഒരുക്കാതിരുന്നാല്‍ ഒറ്റ മഴയില്‍ പ്രദേശമാകെ വെള്ളക്കെട്ടില്‍ മുങ്ങുകയും ചെയ്യും.

എം.സി. റോഡില്‍  മാത്രമല്ല ഇത്തരം വെള്ളക്കെട്ടുകള്‍. കെ. കെ. റോഡ്, കഞ്ഞിക്കുഴി-തിരുവഞ്ചൂര്‍ റോഡ്, ചവിട്ടുവരി മോസ്‌കോ റോഡ്, സംക്രാന്തി- പൂവത്തുംമൂട് റോഡ് എന്നിവിടങ്ങളില്ലെല്ലാം വെളളക്കെട്ട് യാത്രക്കാരെ ബുദ്ധിമുട്ടിക്കുന്നുണ്ട്. സംക്രാന്തി- പൂവത്തുംമൂട് റോഡില്‍ പാറമ്പുഴ കവലയിലെ വെള്ളക്കെട്ട്  വ്യാപാരികളെയും ദുരിതത്തിലാക്കാറുണ്ട്.

Advertisment