കൊച്ചി: തീറ്റ കിട്ടുന്ന കാര്യങ്ങളില്‍ മാത്രമാണ് മാധ്യമങ്ങള്‍ക്ക് താല്‍പ്പര്യമെന്ന് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. മുനമ്പത്തെ നിരാഹാര സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സമരപ്പന്തല്‍ സന്ദര്‍ശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മാധ്യമങ്ങളുടെ നിലപാടിനെക്കുറിച്ച് ഞാന്‍ ആദ്യമേ പറഞ്ഞിട്ടുണ്ട്. അവരെ ആരും കുറ്റം പറയേണ്ട. അവര്‍ക്ക് എന്താണോ തീറ്റ, അതു മാത്രമേ അവരെടുക്കൂ. കോടിക്കണക്കിന് രൂപ ചെലവാക്കിയാണ് ആ പ്രസ്ഥാനങ്ങളെല്ലാം നിലനിര്‍ത്തിക്കൊണ്ടിരിക്കുന്നത്.
അതവര്‍ക്ക് തിരിച്ചുപിടിച്ചേ പറ്റൂ. പക്ഷേ ജനങ്ങളുടെ കണ്ണീര്‍ തീറ്റയാക്കുന്ന പ്രസ്ഥാനത്തിന്റെ ദഹനശക്തി നഷ്ടപ്പെടും. ഞാന്‍ അവരുടെ ശത്രുവല്ല. അവര്‍ എന്റെയും ശത്രുവല്ല. എന്താണ് ശുദ്ധമായ മാധ്യമ പ്രവര്‍ത്തനം എന്നതിനെപ്പറ്റി നിശ്ചയം വേണം.
മുനമ്പത്ത് നടക്കുന്ന അധര്‍മം ചെറുക്കും. ഞാനും കേന്ദ്ര സര്‍ക്കാരും ഒപ്പമുണ്ടാകും. ലോക്‌സഭയിലും രാജ്യസഭയിലും ഇതു സംബന്ധിച്ച് കത്ത് നല്‍കും. സംയുക്ത പാര്‍ലമെന്ററി കമ്മിറ്റി രൂപീകരിച്ച് പ്രശ്‌നം പരിഹരിക്കും. മുനമ്പത്തിന് വേണ്ടിയെന്ന് പറഞ്ഞ് ഈ സമരത്തെ കുറച്ച് കാണരുത്. രാജ്യത്ത് സമാനരീതിയില്‍ പിച്ചിച്ചീന്തപ്പെടുന്നവര്‍ക്ക് വേണ്ടിയാകണം സമരം. അധര്‍മത്തിനെതിരെയാകണം സമരമെന്നും സുരേഷ് ഗോപി പറഞ്ഞു
ഭരണ-പ്രതിപക്ഷ നേതാക്കള്‍ സമരപ്പന്തലിലേക്ക് തിരിഞ്ഞുനോക്കിയില്ല. നിങ്ങളുടെ വോട്ട് വാങ്ങി വിജയിച്ചു പോയവരെ പിടിച്ചുനിര്‍ത്തി ചോദ്യം ചെയ്യണം. ദ്രോഹികളെ വച്ചുപൊറുപ്പിക്കരുത്. രാജിവച്ച് പോകാന്‍ പറയണം. ഒരു രാഷ്ട്രീയത്തിന്റെയും ചായ്വോടെയല്ല പറയുന്നതെന്നും സുരേഷ് ഗോപി പറഞ്ഞു.