കേരളത്തിലെ 10 ജില്ലകളെ ബന്ധിപ്പിച്ച് കോവളം മുതൽ ബേക്കൽ വരെ 616 കിലോമീറ്റർ ദൂരത്തിൽ ജലപാത. കൊച്ചിയിൽ നിന്ന് തെക്കൻ ജില്ലകളിലേക്ക് ഇന്ധനനീക്കം ജലപാത വഴിയാകും. ചവറ കെ.എം.എം.എല്ലിലേക്കെത്തുന്ന 40 ടാങ്കറുകൾ ജലപാതയിൽ രണ്ട് ബാർജുകളിലെത്തിക്കും. ടൂറിസത്തിനും ഗുണകരം. വിഴിഞ്ഞം തുറമുഖത്ത് നിന്ന് ചരക്കുനീക്കവും സാദ്ധ്യമാവും. കേരളത്തിന്റെ ഗതാഗത സംവിധാനത്തിന്റെ മുഖച്ഛായ മാറ്റുന്ന ജലപാതയുടെ ആദ്യഘട്ടം റെഡി

വ്യാവസായിക യൂണിറ്റുകൾ, ലോജിസ്റ്റിക്‌സ് ഹബുകൾ, ഫുഡ് പ്രോസസിങ് കേന്ദ്രങ്ങൾ എന്നിവ ജലപാതയുടെ തീരങ്ങളിൽ വളർന്നുവരും. ഇത്തരത്തിൽ പല നിലയിൽ വികസന സാധ്യതയുള്ള പദ്ധതിയാണ് ജലപാത.  

New Update
kovalam bakel water transport
Listen to this article
0.75x1x1.5x
00:00/ 00:00

തിരുവനന്തപുരം: കേരളത്തിലെ ചരക്കുനീക്കം ജലപാതയിലൂടെയാവുന്നതോടെ റോഡുകളിലെ തിരക്ക് വൻതോതിൽ കുറയും. പശ്ചിമതീര ജലപാതയുടെ തിരുവനന്തപുരം മുതൽ തൃശൂർ വരെ 280 കിലോമീറ്റർ നീളമുള്ള ആക്കുളം-ചേറ്റുവ ആദ്യഘട്ടം പ്രവർത്തന സജ്ജമായതോടെ, കൊച്ചിയിൽ നിന്ന് തെക്കൻ ജില്ലകളിലേക്കുള്ള ഇന്ധനകടത്ത് ഇനി ജലമാർഗമാക്കാനാവും. 

Advertisment

നിലവിൽ റോഡിലൂടെയാണ് കേരളത്തിൽ എല്ലാ ചരക്കുനീക്കവും നടക്കുന്നത്. ജലപാതയുടെ വികസനത്തോടെ ഈ കാര്യങ്ങളിൽ വലിയ മാറ്റം വരും. 

തൃക്കുന്നപ്പുഴ ലോക്കിന്റെ നിർമ്മാണം അതിവേഗം പുരോഗമിക്കുകയാണ്. അത് പൂർത്തിയാകുന്നതോടെ ചരക്കുനീക്കത്തിൽ വലിയ മാറ്റമുണ്ടാകും. 


കൊച്ചിയിൽ നിന്ന് ചവറ കെ.എം.എം.എല്ലിലേക്ക് പ്രതിദിനം 40 ടാങ്കറുകളാണ് അസംസ്‌കൃത വസ്തുക്കളുമായി പോകുന്നത്. ഇത് രണ്ട് ബാർജുകൾ ഉണ്ടായാൽ ജലപാതയിലൂടെ എത്തിക്കാൻ കഴിയും. ഇത് ദേശീയപാതയിലെ തിരക്ക്  കുറയ്ക്കാനും അപകടങ്ങൾ ഇല്ലാതാക്കാനും സഹായിക്കും.


kmml chavara

കേരളത്തിന്റെ വികസന ചരിത്രത്തിൽ അതിപ്രധാനമായ ഒരു ചുവടുവയ്പ്പായി ജലപാത മാറും. കോവളം മുതൽ ബേക്കൽ വരെ 616 കിലോമീറ്റർ ദൂരത്തിലാണ് ജലപാത. 

ഇതിലൂടെ തുടർച്ചയായ ജലയാത്ര ഒരുക്കലാണ് സർക്കാർ ഉദ്ദേശിക്കുന്നത്. കേരളത്തിലെ 10 ജില്ലകളെ ബന്ധിപ്പിക്കുന്ന ഈ ശൃംഖല നവകേരള നിർമ്മിതിയിൽ വലിയ മാറ്റം സൃഷ്ടിക്കുന്നതോടൊപ്പം കേരളത്തിലെത്തുന്ന ടൂറിസ്റ്റുകൾക്ക് വലിയ ഹരമായി മാറും. 


യാത്രയ്ക്കിടയിൽ അവർക്ക് ഇറങ്ങാൻ സാധിക്കുന്ന സ്ഥലങ്ങളിൽ ടൂറിസ്റ്റുകളെ ആകർഷിക്കുന്ന എല്ലാ സജ്ജീകരണങ്ങളും ഒരുക്കും. കാഴ്ചകൾ മാത്രമല്ല, നമ്മുടെ നാടൻ വിഭവങ്ങൾ കൂടി ആസ്വദിച്ചുള്ള, ജലപാതയിലൂടെയുള്ള യാത്ര വലിയ തോതിലുള്ള മാറ്റം ടൂറിസം രംഗത്തുണ്ടാക്കും.


vizhi

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖവുമായി ഈ ജലപാതയെ ബന്ധിപ്പിക്കും. അതോടെ ഒരു മൾട്ടിമോഡൽ ലോജിസ്റ്റിക്‌സ് ശൃംഖല സംസ്ഥാനത്ത് നിലവിൽ വരും. 

ഇത് കയറ്റുമതി-ഇറക്കുമതി ചിലവ് കുറയ്ക്കുകയും നിക്ഷേപ സാധ്യതകൾ വർദ്ധിപ്പിക്കുകയും ചെയ്യും. വ്യാവസായിക യൂണിറ്റുകൾ, ലോജിസ്റ്റിക്‌സ് ഹബുകൾ, ഫുഡ് പ്രോസസിങ് കേന്ദ്രങ്ങൾ എന്നിവ ജലപാതയുടെ തീരങ്ങളിൽ വളർന്നുവരും. ഇത്തരത്തിൽ പല നിലയിൽ വികസന സാധ്യതയുള്ള പദ്ധതിയാണ് ജലപാത.  


ജലപാത വികസനത്തിന് ഇതുവരെ 450 കോടി രൂപയുടെ പദ്ധതികൾ സർക്കാർ നടപ്പാക്കിയിട്ടുണ്ട്. ആദ്യഘട്ടത്തിൽ 325 കോടി രൂപ വികസന പ്രവർത്തനങ്ങൾക്കായി ചെലവഴിച്ചു. ഇതിൽ പുനരധിവാസ പ്രവർത്തനങ്ങൾക്കായാണ് 150 കോടി രൂപ ചെലവഴിച്ചത്. 


വർക്കലയിലും കഠിനംകുളത്തുമായി 580 ഓളം കുടുംബങ്ങൾക്ക് സുരക്ഷിതമായ താമസസൗകര്യം ഉറപ്പാക്കി. തിരുവനന്തപുരത്തും പുനരധിവാസത്തിനായി ജനങ്ങൾക്ക് സ്വീകാര്യമായ ഒരു പാക്കേജ് നൽകാനാണ് ആലോചിക്കുന്നത്. നിലവിൽ അവിടെ പുനരധിവാസം ആവശ്യമുള്ള 494 കുടുംബങ്ങളിൽ 450 കുടുംബങ്ങളും സർക്കാരിന്റെ പാക്കേജ് സ്വീകരിച്ചു കഴിഞ്ഞു.

akkulam chettuva waterway

ആക്കുളം-ചേറ്റുവ ജലപാതയുടെ ഒന്നാം ഘട്ട നവീകരണമാണ് ഇപ്പോൾ പൂർത്തിയായിരിക്കുന്നത്. ഇതിന്റെ ഭാഗമായി തൃശൂർ കാട്ടൂർ സെക്ഷൻ മധുരംപള്ളിയിൽ അഞ്ച് കിലോമീറ്റർ ദൂരം സംസ്ഥാന ജലപാത നിലവാരത്തിൽ ആഴവും വീതിയും കൂട്ടി നവീകരിച്ചിട്ടുണ്ട്. അതോടൊപ്പം 1876ൽ നിർമ്മിക്കപ്പെട്ട 320 മീറ്റർ നീളമുള്ള ചിലക്കൂർ ടണലിന്റെ നവീകരണവും സൗന്ദര്യവൽക്കരണവും പൂർത്തിയാക്കി. 


150 വർഷം മുൻപുള്ള ഈ എൻജിനീയറിംഗ് അത്ഭുതത്തെ അതിന്റെ പഴമയും പൈതൃകവും ഒട്ടും ചോരാതെ വീണ്ടെടുക്കാൻ സാധിച്ചു. ടണലിൽ അത്യാധുനികമായ ലൈറ്റ് ആൻഡ് സൗണ്ട് ഷോ ഒരുക്കിയിട്ടുണ്ട്. 20 പേർക്ക് സഞ്ചരിക്കാവുന്ന പ്രത്യേകം രൂപകൽപ്പന ചെയ്ത ഇലക്ട്രിക് ബോട്ട് ഉൾപ്പെടെയാണ് സൗന്ദര്യവൽക്കരണം നടത്തിയിട്ടുള്ളത്. 


chilakkoor tunnel

കേരളത്തിന്റെ ചരിത്രം, സംസ്‌കാരം, നവോത്ഥാന നായകനായ ശ്രീനാരായണഗുരുവിന്റെ ജീവിതം എന്നിവയെല്ലാം ജനങ്ങൾക്ക് അനുഭവവേദ്യമാകുന്ന സജ്ജീകരണവുമുണ്ട്. 

കേരളത്തിന്റെ അടിസ്ഥാന സൗകര്യ വികസന പദ്ധതികളായ ദേശീയപാത, മലയോര ഹൈവേ, തീരദേശ ഹൈവേ എന്നിവയ്‌ക്കൊപ്പം തന്നെ ഏറ്റവും പ്രാധാന്യമർഹിക്കുന്നതാണ് പശ്ചിമതീര ജലപാത വികസനം. 

സംസ്ഥാന സർക്കാരും സിയാലും ചേർന്ന് രൂപീകരിച്ച 'ക്വിൽ'  എന്ന  കമ്പനിയാണ് ഈ പദ്ധതികളുടെ മേൽനോട്ടം വഹിക്കുന്നത്. രണ്ടാം ഘട്ടം എന്ന നിലയിൽ ചേറ്റുവ മുതൽ ബേക്കൽ വരെയുള്ള ഭാഗം സമയബന്ധിതമായി പൂർത്തിയാക്കും.

Advertisment