/sathyam/media/media_files/bXjh1CLth9e3So0VCPTn.jpg)
കോട്ടയം: പക്ഷിപ്പനി ബാധിത മേഖലകളിൽ പക്ഷികളുടെ മുട്ടയും മാംസവും വിൽക്കുന്നതിന് നിരോധനം ഏർപ്പെടുത്തുമെന്നു മൃഗ സംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥർ. ഈ സ്ഥലങ്ങളിൽ നിന്ന് മറ്റിടങ്ങളിലേക്ക് പക്ഷികളെ കൊണ്ടുപോകുന്നതിനും നിയന്ത്രണമുണ്ട്. രോഗബാധിത മേഖലകളിൽ പക്ഷികളെ കൊന്ന് നശിപ്പിക്കും. പ്രത്യേക ടീമിനെ ഇതിനായി സജ്ജമാക്കും. ഇതിനായി വൈകാതെ തന്നെ തീരുമാനം ഉണ്ടാകും.
കോട്ടയത്ത് കുറുപ്പന്തറ -മാഞ്ഞൂർ, കല്ലുപുരയ്ക്കൽ , വേളൂർ എന്നീ സ്ഥലങ്ങളിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. കാട, കോഴി എന്നിവയ്ക്കാണ് കോട്ടയം ജില്ലയിൽ രോഗബാധ.
സാധാരണഗതിയില്‍ പക്ഷികളില്‍ മാത്രം രോഗമുണ്ടാക്കുന്നവയാണ് ഏവിയന്‍ ഇന്‍ഫ്ളുവന്‍സ വൈറസുകളിലേറെയും. എന്നാല്‍, പക്ഷികളില്‍ നിന്ന് മനുഷ്യരിലേക്ക് പകരാനും, രോഗമുണ്ടാക്കാനുമുള്ള ശേഷി വൈറസുകള്‍ക്കുണ്ട്. രോഗബാധയേറ്റ പക്ഷികളുമായും രോഗാണുമലിനമായ സാഹചര്യങ്ങളുമായുമുള്ള അടുത്ത സമ്പര്‍ക്കത്തിലൂടെ മനുഷ്യരില്‍ രോഗബാധയേല്‍ക്കാന്‍ സാധ്യതയുണ്ട്. 1997 ൽ ആദ്യമായി ഹോംകോങ്ങിലാണ് മനുഷ്യരിൽ H5N1 പക്ഷിപ്പനി സ്ഥിരീകരിക്കുന്നത്. 1997 മുതൽ 2015 വരെയുള്ള സ്ഥിതിവിവരകണക്കുകൾ പ്രകാരം പക്ഷിപ്പനി മൂലം മനുഷ്യരിൽ 907 രോഗബാധകളും 483 മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
H5N1, H7N9, H7N7, H9N2 തുടങ്ങിയ ഏവിയന്‍ ഇന്‍ഫ്ളുവന്‍സ വൈറസുകളെല്ലാം മനുഷ്യരിലേക്ക് പകരാനും രോഗമുണ്ടാക്കാനും ശേഷിയുള്ളവയാണെന്ന് കണ്ടെത്തിയിട്ടുണ്ട്. രോഗബാധയേറ്റതോ, ചത്തതോ ആയ പക്ഷികളുമായി ഏതെങ്കിലും രീതിയില്‍ സമ്പര്‍ക്കമുണ്ടായവര്‍, പക്ഷിക്കാഷ്ഠം വളമായി ഉപയോഗിക്കുന്ന കര്‍ഷകര്‍, രോഗബാധ നിയന്ത്രണവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്ക് നിയോഗിക്കപ്പെട്ടവര്‍, രോഗബാധിത മേഖലകളില്‍ താമസിക്കുന്നവര്‍ എന്നിവരെല്ലാം പ്രത്യേകം ജാഗ്രത പുലര്‍ത്തണം.
എന്നാല്‍ കൊറോണ വൈറസ് പോലെയോ, നിപ്പ പോലെയോ മനുഷ്യരിലേക്ക് അതിവേഗത്തില്‍ പടര്‍ന്നു പിടിക്കുന്ന ജന്തുജന്യരോഗങ്ങളില്‍ ഒന്നല്ല പക്ഷിപ്പനി എന്നത് വസ്തുത. മനുഷ്യരിലേക്കുള്ള രോഗവ്യാപനവും, മനുഷ്യനില്‍ നിന്നും മനുഷ്യനിലേക്കുള്ള രോഗവ്യാപനവും അത്യപൂര്‍വ്വമാണെങ്കിലും രോഗബാധയേറ്റവരില്‍ മരണനിരക്ക് അറുപത് ശതമാനം വരെയാണ്.
പക്ഷിപ്പനി വൈറസുകൾ മനുഷ്യരിൽ കാണുന്ന ഇൻഫ്ലുവെൻസ വൈറസുകളുമായി ചേർന്ന് പുതിയ ജനിതകഘടനയാർജിച്ച് (ആന്റിജെനിക് ഷിഫ്റ്റ്) കോവിഡ്-19 വൈറസുകളെ പോലെ ഒരു ആഗോള മഹാമാരിയായി ( പാൻഡെമിക്) മാറിയേക്കാം എന്ന മുന്നറിയിപ്പും ലോകാരോഗ്യ സംഘടന നൽകിയിട്ടുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us